'ബാഹുബലി' പോലെ കണ്ടിരിക്കാം; ശാസ്ത്രീയമായ പാമ്പ് പിടിത്തം ഷൂട്ടിങ് പോലെ വിരസം; വാവാ സുരേഷ്, മണ്ടത്തരങ്ങള്‍ തിരിച്ചറിയൂ

പാമ്പിന്റെ പ്രദര്‍ശനവും അതിനെ കയ്യില്‍ പിടിച്ചുള്ള ഷോയും നിര്‍ത്തണം
'ബാഹുബലി' പോലെ കണ്ടിരിക്കാം; ശാസ്ത്രീയമായ പാമ്പ് പിടിത്തം ഷൂട്ടിങ് പോലെ വിരസം; വാവാ സുരേഷ്, മണ്ടത്തരങ്ങള്‍ തിരിച്ചറിയൂ
Updated on
2 min read

കൊച്ചി: വാവ സുരേഷിന്റെ അശാസ്ത്രീയമായ പാമ്പുപിടുത്ത രീതിയെ വിമര്‍ശിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. മനോജ് വെള്ളനാട്. പാമ്പുപിടുത്തത്തിനിടെ അണലിയുടെ കടിയേറ്റ വാവാ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണ് ഡോക്ടറിന്റെ വിമര്‍ശനം. വാവ സുരേഷ് തന്റെ മണ്ടത്തരങ്ങള്‍ ഇനിയെങ്കിലും തിരിച്ചറിയണമെന്നും ഡോക്ടര്‍ ആവശ്യപ്പെടുന്നു. ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയകളില്‍ വാവ സുരേഷിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ ഉണ്ടാകാറുണ്ട്.

ഇതിനു മുമ്പും സുരേഷിന് പാമ്പു കടിയേറ്റിട്ടുണ്ട്. എന്നിട്ടും അദ്ദേഹം ശാസ്ത്രീയ രീതിയിലുള്ള പാമ്പു പിടിത്തത്തിനു തയാറാകുന്നില്ല. ഇപ്പോഴത്തെ ആശുപത്രി വാസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴെങ്കിലും വാവ സുരേഷ് തന്റെ മണ്ടത്തരങ്ങള്‍ തിരിച്ചറിയണമെന്നും ഇത്തിരി ബോധമുള്ള ആരെങ്കിലും അദ്ദേഹത്തെ അത് ബോധ്യപ്പെടുത്തണമെന്നും പറയുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. മനോജ് വെള്ളനാട്. അദ്ദേഹം സോഷ്യല്‍ മീഡിയയിലെ കുറിപ്പ് വായിക്കാം.

'വാവ സുരേഷ് പാമ്പ് പിടുത്തം നിര്‍ത്താന്‍പോകുന്നുവെന്ന് ഒരിക്കല്‍ പ്രഖ്യാപിച്ചതാണ്, കുറച്ച് മാസങ്ങള്‍ക്കു മുമ്പ്. സോഷ്യല്‍ മീഡിയ വഴി തന്റെ പാമ്പുപിടിത്ത രീതിയെ പറ്റി വിമര്‍ശനങ്ങള്‍ വന്നപ്പോള്‍ നിര്‍ത്തിയേക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. പക്ഷേ, അതേ സോഷ്യല്‍ മീഡിയയിലെ ഫാന്‍സിന്റെ നിര്‍ബന്ധം കാരണം ഈ മരണക്കളി നിര്‍ത്തണ്ടാ എന്ന് ഉടനെ തന്നെ തീരുമാനിക്കുകയും ചെയ്തു.

അന്നേ പലരും അഭിപ്രായപ്പെട്ടതാണ്, തികച്ചും നിര്‍ഭാഗ്യകരമായ തീരുമാനമാണതെന്ന്. കാരണം, വാവ സുരേഷിന്റെ പാമ്പ് പിടിത്തം അശാസ്ത്രീയവും പാമ്പിനും വാവയ്ക്കും അവിടെ കൂടി നില്‍ക്കുന്ന മനുഷ്യര്‍ക്കും ജീവനുതന്നെ ഭീഷണിയും പാമ്പിന്റെ പ്രദര്‍ശനവും ട്രാന്‍സ്‌പോര്‍ട്ടേഷനും നിയമ വിരുദ്ധവുമാണ്.

അണലിയുടെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ നിന്നും വാവ സുരേഷ് ഇപ്പോള്‍ തിരിച്ചുവരുന്നുണ്ട്. പാമ്പു കടിയേറ്റ് നിശ്ചിത സമയത്തിനുള്ളില്‍ കൃത്യമായ ചികിത്സ (ASV + സപ്പോര്‍ട്‌സ്) ലഭ്യമാക്കിയാല്‍ നമുക്കൊരാളെ രക്ഷിക്കാം. അത് ശാസ്ത്രത്തിന്റെയും നമ്മുടെ ആരോഗ്യമേഖലയുടെയും നേട്ടമാണ്. ഇതെത്രാമത്തെ പ്രാവശ്യമാണ്, വാവ സുരേഷ് പാമ്പിന്‍ വിഷമേറ്റിട്ട് ശാസ്ത്രീയമായ ചികിത്സയിലൂടെ രക്ഷപ്പെടുന്നത്? അദ്ദേഹത്തെ കടിയേല്‍ക്കുമ്പോള്‍ കൊണ്ടുപോയി രക്ഷിക്കാന്‍ മാത്രമുള്ളതല്ലാ ശസ്ത്രീയരീതികള്‍. കടിയേല്‍ക്കാതിരിക്കാനും കൂടിയാണ്. പക്ഷേ അതെന്താണെന്ന് നൂറുവട്ടം പറഞ്ഞാലും സുരേഷോ ഫാന്‍സോ അതുമാത്രം മനസിലാക്കില്ല.

അപ്പോള്‍ വാവ സുരേഷ് പാമ്പ് പിടുത്തം നിര്‍ത്തണമെന്നാണോ?

അല്ല. അല്ലേയല്ലാ. വാവ സുരേഷ് ശാസ്ത്രീയമായ പാമ്പ് പിടിത്ത രീതി പരിശീലിച്ച് ഈ മേഖലയില്‍ തുടരട്ടെ. പക്ഷേ, അദ്ദേഹം പാമ്പിന്റെ പ്രദര്‍ശനവും അതിനെ കയ്യില്‍ പിടിച്ചുള്ള ഷോയും നിര്‍ത്തണം.

എന്താണീ ശാസ്ത്രീയമായ പാമ്പ് പിടിത്തം?

പാമ്പിനും ചുറ്റുമുള്ള മനുഷ്യര്‍ക്കും ഒരു പോലെ സുരക്ഷ ഉറപ്പുവരുത്തിയുള്ളതാണത്. അതിനായുള്ള ഹൂക്ക്, പൈപ്പ്, ബാഗ് ഒക്കെ ഉപയോഗിച്ചു വേണമത് ചെയ്യാന്‍.

ഇത്രയധികം വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടും എന്തായിരിക്കും വാവ സുരേഷ് ശാസ്ത്രീയ രീതി പരിശീലിക്കാത്തത്?

വാവ സുരേഷിന്റെ പാമ്പ് പിടിത്തം ഒരു ചലച്ചിത്രം പോലെയാണ്. ബാഹുബലി പോലെ കണ്ടിരിക്കാം. ശാസ്ത്രീയ രീതിയിലുള്ള പാമ്പ് പിടിത്തം ഒരു സിനിമാ ഷൂട്ടിങ് കാണുന്ന പോലെ വിരസമാണ്. അവിടെ പാമ്പിനെ വച്ച് ഷോ കാണിക്കാനുള്ള ഓപ്ഷനില്ല. കാഴ്ചക്കാരന്റെ കൈയടി നേടാനവിടെ സ്‌കോപ്പില്ല. അല്ലാതൊരു കാരണവും കാണുന്നില്ല.

വാവ സുരേഷിനെ അനുകൂലിക്കുന്നവരെ ഫാന്‍സ് എന്ന് വിളിക്കുന്നതെന്തിനാണ്?

എന്തിനെയും ലോജിക്കില്ലാതെ, വരും വരായ്കകളെ പറ്റി ആകുലതകളില്ലാതെ, ശരി തെറ്റുകള്‍ തിരിച്ചറിയാതെ അനുകൂലിക്കുന്നവരെ വിളിക്കുന്നതാണ് ഫാന്‍സ് എന്ന്. അതിവിടെ ആപ്റ്റാണ്. പാഞ്ഞുവരുന്ന ട്രെയിനിന് മുന്നില്‍ കയറി നില്‍ക്കുന്നവന്റെ 'ധൈര്യ'ത്തെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന മണ്ടന്മാര്‍.

വാവ സുരേഷ് പാമ്പ് പിടിത്തം നിര്‍ത്തുമെന്ന് പറഞ്ഞപ്പോള്‍ ഫാന്‍സിന്റെ വാദങ്ങള്‍ എന്തായിരുന്നു?

1. വാവ പാമ്പു പിടിത്തം നിര്‍ത്തിയാല്‍ പിന്നാര് കേരളത്തില്‍ പാമ്പിനെ പിടിക്കും?

2. നാളെ മുതല്‍ അദ്ദേഹത്തെ ശാസ്ത്രീയത പഠിപ്പിക്കാന്‍ നടന്നവര്‍ പോയി പാമ്പ് പിടിക്കട്ടെ. കാണാല്ലോ.

3. വാവ സുരേഷിന് പത്മശ്രീ കൊടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴുള്ള അസൂയയാണ് എല്ലാര്‍ക്കും.

4. അയ്യോ സുരേഷേട്ടാ പോവല്ലേ..

ഈ ഫാന്‍സിനോടൊരു ചോദ്യം

നാളെ ഒരു പാമ്പുകടിയേറ്റ് വാവ സുരേഷിന് അപകടം പറ്റിയാല്‍, മറ്റന്നാള്‍ മുതല്‍ ആര് പാമ്പിനെ പിടിക്കും? ഒരു ഷോ കാണണം എന്ന ഉദ്ദേശമല്ലാതെ അയാളുടെയോ അയാള്‍ക്കുചുറ്റും കാഴ്ച കാണാന്‍ നില്‍ക്കുന്നവരുടെയോ ജീവനെ നിങ്ങള്‍ അല്‍പ്പമെങ്കിലും വിലമതിക്കുന്നുണ്ടോ? എത്ര പ്രാവശ്യം അദ്ദേഹത്തിന് പാമ്പു കടിയേറ്റിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? എല്ലായ്‌പ്പോഴും രക്ഷപ്പെടാന്‍ ചാന്‍സുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഒപ്പം ശാസ്ത്രീയമായി ഇത് ചെയ്യുന്നവര്‍ക്ക് കടിയേറ്റിട്ടുള്ള, കടിയേല്‍ക്കാനുള്ള സാധ്യത കൂടി അന്വേഷിക്കണ്ടേ.

ഇങ്ങനെ എഴുതുന്നതുവഴി അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യുകയല്ലേ?

അല്ല. അദ്ദേഹത്തിന്റെ പാമ്പു പിടിത്തരീതിയെ മാത്രമാണ് വിമര്‍ശിക്കുന്നത്. വ്യക്തിപരമായി അദ്ദേഹത്തോട് എന്ത് വിരോധം. അദ്ദേഹത്തോടല്ലാതെ, പാമ്പിനോട് കടിക്കരുതെന്ന് പറയാന്‍ പറ്റില്ലല്ലോ.

മേഖലയില്‍ ഇത്രയും എക്‌സ്പീരിയന്‍സുള്ള ഒരാള്‍ ഇനിപ്പോയി ശാസ്ത്രീയത പഠിക്കണമെന്ന് പറയുന്നത് കഷ്ടമാണ്.

ഒരു െ്രെഡവറുണ്ട്. വണ്ടിയോടിക്കലില്‍ 25 വര്‍ഷത്തെ എക്‌സ്പീരിയന്‍സുമുണ്ട്. ഫുട് പാത്തിലൂടെയും റെഡ് സിഗ്‌നലിലും വണ്‍ വേയിലുമൊക്കെ ഓടിക്കാനാണ് പുള്ളിക്കിഷ്ടം. നിയമം പാലിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമേയല്ലാ. പത്ത് നൂറ് ആക്‌സിഡന്റിന്റെ സര്‍ട്ടിഫിക്കറ്റും കയ്യിലുണ്ട്. അദ്ദേഹത്തെ നിങ്ങളുടെ െ്രെഡവറാക്കുമെങ്കില്‍ വാവയും ജോലി തുടരണമെന്നു പറയാം.

ഇപ്പോഴത്തെ ആശുപത്രി വാസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴെങ്കിലും വാവ സുരേഷ് തന്റെ മണ്ടത്തരങ്ങള്‍ തിരിച്ചറിയണമെന്നും, അല്ലെങ്കില്‍ ഇത്തിരി ബോധമുള്ള ആരെങ്കിലും അദ്ദേഹത്തെ അത് ബോധ്യപ്പെടുത്തണമെന്നും ആഗ്രഹിച്ചു പോകുന്നു.'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com