ബിജു രാധാകൃഷ്ണനെ ഗുരുതര 'രോഗി'യായി ചിത്രീകരിക്കാന്‍ ശ്രമം

ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിനു ജീവപര്യന്തം തടവ് അനുഭവിക്കുന്ന സോളര്‍ തട്ടിപ്പ് കേസ് പ്രതി ബിജു രാധാകൃഷ്ണനെ ഗുരുതര രോഗിയായി ചിത്രീകരിക്കാന്‍ ശ്രമം
ബിജു രാധാകൃഷ്ണനെ ഗുരുതര 'രോഗി'യായി ചിത്രീകരിക്കാന്‍ ശ്രമം
Updated on: 
1 min read

തിരുവനന്തപുരം: ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിനു ജീവപര്യന്തം തടവ് അനുഭവിക്കുന്ന സോളര്‍ തട്ടിപ്പ് കേസ് പ്രതി ബിജു രാധാകൃഷ്ണനെ ഗുരുതര രോഗിയായി ചിത്രീകരിക്കാന്‍ ശ്രമം. ഗുരുതര രോഗികളായ തടവുകാരുടെ പട്ടിക തയാറാക്കുന്ന മെഡിക്കല്‍ ബോര്‍ഡിന് നല്‍കിയ 14 പേരുടെ പട്ടികയിലാണു ബിജു രാധാകൃഷ്ണനും ഇടംപിടിച്ചത്.

പൂജപ്പുര സെന്‍ട്രല്‍ ജയിലാണ് ബിജു രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുളള തടവുകാരുടെ പട്ടിക  മെഡിക്കല്‍ ബോര്‍ഡിനു കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ബിജുവിനെ പരിശോധനയ്ക്കു വിധേയനാക്കിയതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്ത്രീകളെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടവരെ ശിക്ഷായിളവ് ഉള്‍പ്പെടെയുള്ള ജയില്‍ ആനുകൂല്യത്തിനു പരിഗണിക്കരുതെന്നു ചട്ടമുണ്ട്. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യം ലഭിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ്, ഗുരുതര രോഗിയായി ബിജുവിനെ ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നത്.

വയോധികര്‍, ഗുരുതര രോഗമുള്ളവര്‍, അടിയന്തര ചികില്‍സ വേണ്ടവര്‍ എന്നി ഗണത്തില്‍പെടുന്ന തടവുകാരെ പരിശോധിക്കാനും റിപ്പോര്‍ട്ട് നല്‍കാനുമാണു മെഡിക്കല്‍ ബോര്‍ഡിന്റെ സേവനം ആവശ്യപ്പെടുന്നത്. സെന്‍ട്രല്‍ ജയിലുകളില്‍, തൊട്ടടുത്തുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘമാണു മെഡിക്കല്‍ ബോര്‍ഡായി പ്രവര്‍ത്തിക്കുക. 

ജയില്‍ ആശുപത്രിയിലെ ചികില്‍സ സംബന്ധിച്ച് ആക്ഷേപമുള്ള കേസുകളും ബോര്‍ഡിനു മുന്‍പില്‍ വരും. വിവിധ കേസുകള്‍ക്കായി കോടതിയില്‍ എത്തിക്കുമ്പോഴെല്ലാം തനിക്കു മാരക രോഗങ്ങളുണ്ടെന്നു ബിജു രാധാകൃഷ്ണന്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍, ജയില്‍ ആശുപത്രിയിലും മെഡിക്കല്‍ കോളജിലും പലവട്ടം നടത്തിയ പരിശോധനയില്‍ ഗുരുതരരോഗം കണ്ടെത്തിയില്ലെന്നു ജയില്‍ അധികൃതര്‍ പറഞ്ഞു. 

വയറുവേദന, കാല്‍മുട്ടുവേദന തുടങ്ങിയ അസുഖങ്ങള്‍ക്കാണു ബിജുവിനെ മുന്‍പ് ആശുപത്രികളില്‍ എത്തിച്ചിട്ടുള്ളത്. രോഗമുണ്ടെന്നു തുടര്‍ച്ചയായി പരാതിപ്പെടുന്നതിനാലാണു മെഡിക്കല്‍ ബോര്‍ഡിനു നല്‍കിയ പട്ടികയില്‍ ബിജുവിനെയും ഉള്‍പ്പെടുത്തിയതെന്നു ജയില്‍ അധികൃതര്‍ പറയുന്നു. കഴിഞ്ഞ എട്ടിനാണു ബിജു ഉള്‍പ്പെടെയുള്ളവരെ മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ചത്. പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com