

കോട്ടയം : ബിജെപി എംപിയും ഏഷ്യാനെറ്റ് തലവനുമായ രാജീവ് ചന്ദ്രശേഖര്‍ കുമരകത്ത് നിര്‍മിക്കുന്ന നിരാമയ റിട്രീറ്റ് റിസോര്‍ട്ട് കയ്യേറിയ സ്ഥലത്തെ നിര്‍മാണം ഉടന്‍ പൊളിച്ചുനീക്കണമെന്ന് നിര്‍ദ്ദേശം. 15 ദിവസത്തിനകം നടപടി എടുക്കണമെന്നാണ് റവന്യൂ അധികൃതര്‍ കമ്പനിയ്ക്ക് നോട്ടീസ് നല്‍കിയത്. കയ്യേറി നിര്‍മിച്ച കോട്ടേജും കല്‍ക്കെട്ടും മതിലും 15 ദിവസത്തിനകം പൊളിച്ചുനീക്കാനും പുറമ്പോക്ക് ഭൂമി ഒഴിയാനും പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം സ്‌റ്റോപ്പ് മെമ്മോയിലൂടെ റിസോര്‍ട്ട് ഉടമകളെ അറിയിച്ചു. പഞ്ചായത്തീരാജ് ആക്ട് പ്രകാരമാണ് നടപടി. പൊളിച്ചുമാറ്റിയില്ലെങ്കില്‍ പഞ്ചായത്ത് ഇവ നീക്കംചെയ്ത് ചെലവ് റിസോര്‍ട്ട് അധികൃതരില്‍നിന്ന് ഈടാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
രണ്ട് വ്യത്യസ്ത ബ്ലോക്കുകളിലായി ഏഴര സെന്റ് പുറമ്പോക്ക് ഭൂമി റിസോര്‍ട്ട് കയ്യേറിയതായാണ് പരിശോധനയില്‍ സ്ഥിരീകരിച്ചത്. നിരാമയയുടെ കയ്യേറ്റം വിവാദമായതിനെ സാഹചര്യത്തില്‍, വീണ്ടും പരിശോധന നടത്തി ഭൂമി അളന്ന് തിട്ടപ്പെടുത്തി പഞ്ചായത്തിനെ ബോധ്യപ്പെടുത്താന്‍ കലക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് റവന്യൂ, പഞ്ചായത്ത് അധികൃതര്‍ സംയുക്തമായി വെള്ളിയാഴ്ച രാവിലെ പരിശോധന നടത്തി ഉച്ചയോടെ, റിപ്പോര്‍ട്ട് പഞ്ചായത്തിന് സമര്‍പ്പിച്ചു. മണിക്കൂറുകള്‍ക്കകം പഞ്ചായത്ത് ഒഴിപ്പിക്കല്‍ നോട്ടീസും നല്‍കി. പരിശോധനയില്‍ നിര്‍മാണങ്ങളില്ലാത്ത തീരഭൂമി കൈയേറിയതായും വ്യക്തമായിട്ടുണ്ട്. കെട്ടിട നമ്പറിട്ട് നല്‍കണമെന്ന റിസോര്‍ട്ട് ഉടമകളുടെ അപേക്ഷ തല്‍ക്കാലം പരിഗണിക്കേണ്ടതില്ലെന്നും തീരുമാനിച്ചു.
കുമരകം വില്ലേജില്‍ ബ്‌ളോക്ക് 11ല്‍ പെട്ട കായല്‍ പുറമ്പോക്കും ബ്‌ളോക്ക് പത്തില്‍ റീസര്‍വെ 302/ഒന്നില്‍ പെട്ട തോട് പുറമ്പോക്കിലുമാണ് കൈയേറ്റം സ്ഥിരീകരിച്ചത്. കായലിലേക്ക് എത്തുന്ന തോടിന്റെ പുറമ്പോക്കാണ് കൈയേറിയത്. വടക്കുവശത്തുള്ള നേരെമട തോടിന്റെ പരമ്പരാഗത കടവുകള്‍ കയ്യേറി മതില്‍കെട്ടി അടച്ച നിലയിലാണ്. റിസോര്‍ട്ടിന്റെ പടിഞ്ഞാറ് തണ്ണീര്‍ത്തടവും റാംസര്‍ സൈറ്റില്‍ ഉള്‍പ്പെടുന്നതുമായ വേമ്പനാട് കായലാണ്. ഈ തീരത്ത് രണ്ടടിയോളം വീതിയില്‍ അതിര്‍ത്തി തീര്‍ത്ത് കല്‍ക്കെട്ടുണ്ട്. കല്‍ക്കെട്ടില്‍നിന്ന് നിയമപ്രകാരമുള്ള അകലം വിട്ടും മറ്റ് നിയമങ്ങള്‍ പാലിച്ചുമാണോ ബാക്കി കോട്ടേജുകള്‍ നിര്‍മിച്ചിരിക്കുന്നതെന്ന് വീണ്ടും പരിശോധിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി ി ഇ വിഷ്ണു നമ്പൂതിരി പറഞ്ഞു.
രാജീവ് ചന്ദ്രശേഖറിന്റെ കയ്യേറ്റത്തിനെതിരെ കുമരകം പഞ്ചായത്ത് ഹൈക്കോടതിയെ സമീപിക്കുകയും മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. കായലും പുറമ്പോക്ക് ഭൂമിയും അടക്കം കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്നായിരുന്നു പരാതി. പഞ്ചായത്തിന്റെ പരാതി ശരിവെയ്ക്കുന്നതാണ് റവന്യൂ വകുപ്പിന്റെ കണ്ടെത്തല്‍.
നിരാമയയുടെ അനധികൃത കയ്യേറ്റം തടയണമെന്നും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ റിസോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് അക്രമാസക്തമാകുകയും റിസോര്‍ട്ടിന്റെ ജനലുകളും വാതില്‍ ചില്ലുകളുമടക്കം നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. അതിനിടെ ഡിവൈഎഫ്‌ഐയ്ക്ക് പിന്നാലെ എന്‍സിപിയുടെ യുവജനസംഘടനയായ എന്‍വൈസിയും റിസോര്‍ട്ടിനെതിരെ സമരം സംഘടിപ്പിക്കുകയാണ്. എന്‍വൈസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച റിസോര്‍ട്ട് ഉപരോധിക്കാനാണ് തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates