കോഴിക്കോട് : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ തടയുന്നത് ആരെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പരസ്യമായി വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് എംടി രമേശ് ആവശ്യപ്പെട്ടു. ഏത് പാര്‍ട്ടിയാണ് ഇതിന് പിന്നില്‍. ആരാണ് രാഹുലിനെ വയനാട്ടിൽ മൽസരിക്കുന്നത് തടയുന്നത് എന്ന് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ആകാംക്ഷയുണ്ട്. ഇക്കാര്യം തുറന്നു പറയാന്‍ മുല്ലപ്പള്ളിക്ക് വിമുഖതയെന്തിനെന്നും എംടി രമേശ് ചോദിച്ചു.
കേരളത്തില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും രഹസ്യ ധാരണയില്‍ ഏര്‍പ്പെട്ടതായാണ് വിവരം. തിരുവനന്തപുരം, പത്തനംതിട്ട ലോക്‌സഭ സീറ്റുകളില്‍ ബിജെപിയെ തോല്‍പ്പിക്കാനാണ് ധാരണ. ബിജെപിയുടെ തോല്‍വിക്കായി വോട്ടുമറിക്കാനും തീരുമാനിച്ചതായാണ് അറിഞ്ഞതെന്നും രമേശ് പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നത് തടയാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രാവിലെ വ്യക്തമാക്കിയിരുന്നു. ചിലര്‍ ഡല്‍ഹിയില്‍ നാടകം കളിക്കുകയാണ്. വരുംദിവസങ്ങളില്‍ ഇക്കാര്യം വെളിപ്പെടുത്തും. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം തടയാന്‍ ഡല്‍ഹിയില്‍ വന്‍ അന്തര്‍ നാടകങ്ങളാണ് നടക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഒരു രാഷ്ട്രീയ പാര്‍ട്ടി ഡല്‍ഹി കേന്ദ്രീകരിച്ചാണ് ഗൂഡശ്രമങ്ങള്‍ നടത്തുന്നത്. ആ പാര്‍ട്ടി ഏതാണെന്ന് ഇപ്പോള്‍ പറയുന്നില്ല. രാഹുലിന്റെ വരവ് ചിലരെ ഭയപ്പെടുത്തുന്നു. രാഹുല്‍ കേരളത്തില്‍ മല്‍സരിക്കുമ്പോള്‍ ദേശീയ രാഷ്ട്രീയത്തിന്റെ സത്ത നഷ്ടപ്പെടുത്തുന്നു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രിക്ക് അത് പറയാന്‍ എന്ത് ധാര്‍മ്മിക അവകാശമാണ് ഉള്ളതെന്നും മുല്ലപ്പള്ളി ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates