

കണ്ണൂര്‍: ലൈംഗിക പീഡനപരാതിയെ തുടര്‍ന്ന് ഒളിവിലുള്ള, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരി കേരളം വിട്ടെന്ന് സൂചന. ബിനോയിയെ കണ്ടെത്താന്‍ മുംബൈ പൊലീസ് പരിശോധന ശക്തമാക്കി. വിദേശരാജ്യങ്ങളില്‍ ബന്ധമുള്ള ബിനോയി രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളിലും പൊലീസ് ജാഗ്രത ശക്തമാക്കി.
ഇപ്പോള്‍ കേരളത്തിലുള്ള മുംബൈ പൊലീസ് സംഘം ഇന്നും തെളിവു ശേഖരണത്തിനായി പരിശോധന നടത്തും. യുവതി നല്‍കിയ ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. പരിശോധനാ ഫലം ലഭിച്ചതിന് ശേഷം മാത്രമേ പൊലീസ് മറ്റ് നിയമ നടപടികളിലേക്ക് കടക്കൂവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം എല്ലാ ദിവസവും സ്‌റ്റേഷനിലെത്തുന്ന യുവതി, കേസിലെ പുരോഗതി നേരിട്ട് അന്വേഷിക്കുന്നുണ്ട്.
പരാതിക്കാരിയെ ഇന്നലെ ഓഷിവാര സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. മൊഴിയില്‍ വ്യക്തത വരുത്തുക ലക്ഷ്യമിട്ടായിരുന്നു യുവതിയെ വിളിച്ചുവരുത്തിയത്. കഴിഞ്ഞ ഡിസംബറില്‍ യുവതി വക്കീല്‍ നോട്ടീസ് അയച്ചതിന് ശേഷം ബിനോയിയും അമ്മയും മുംബൈയില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കായി എത്തിയിരുന്നുവെന്ന് യുവതിയുടെ കുടുംബം വെളിപ്പെടുത്തിയിരുന്നു.
കോടിയേരി ബാലകൃഷ്ണനുമായും വിഷയം ചര്‍ച്ച ചെയ്തിരുന്നു എന്നും കുടുംബം പറയുന്നു. എന്നാല്‍ കോടിയേരി ഈ ആരോപണങ്ങള്‍ നിഷേധിച്ചു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍ മാത്രമാണ് ഇക്കാര്യം താന്‍ അറിഞ്ഞതെന്നാണ് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞത്. ബിനോയി പ്രായപൂര്‍ത്തിയായ ആളാണെന്നും, അയാള്‍ എവിടെയൊക്കെ പോകുന്നു എന്നുനോക്കി പുറകെ നടക്കാനാകില്ലെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
ബിഹാര്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് ബിനോയിക്കെതിരെ മുംബൈ പൊലീസ് കേസെടുത്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ബിനോയി പീഡിപ്പിച്ചെന്നും ഈ ബന്ധത്തില്‍ എട്ട് വയസ്സുള്ള ഒരു മകനുണ്ടെന്നും പരാതിയില്‍ യുവതി ആരോപിച്ചിരുന്നു. 2015 വരെ ബിനോയി തനിക്കും കുട്ടിക്കും ചെലവിന് തന്നിരുന്നു എന്നും യുവതി പരാതിയില്‍ വ്യക്തമാക്കി. ഇതിന്റെ ബാങ്ക് രേഖകളും ഫോട്ടോ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളും പൊലീസിന് കൈമാറിയിട്ടുണ്ട്.
അതേസമയം ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബൈ സെഷന്‍സ് കോടതി നാളെയാണ് ഉത്തരവ് പുറപ്പെടുവിക്കുന്നത്. ബിനോയിയെ കസ്റ്റഡിയിലെടുക്കുന്നതിന് കോടതിയുടെ തീരുമാനം വരുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസ്. ഒളിവിലുള്ള ബിനോയി രാജ്യം വിട്ട് പോകാന്‍ സാധ്യതയുള്ളതിനാല്‍ വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates