ബിഷപ്പിനെതിരെ നിർണ്ണായകമായത് ഉത്തരേന്ത്യയിലെ തെളിവെടുപ്പ്; അച്ചടക്കനടപടിയെത്തുടർന്നാണ് ആരോപണമെന്ന വാദം പൊളിഞ്ഞത് ഇവിടെ 

ഓഗസ്റ്റ് രണ്ടുമുതല്‍ പതിനാല് വരെയാണ് വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷിന്‍റെ നേതൃത്വത്തില്‍ ആറംഗസംഘം ഉത്തരേന്ത്യയില്‍ തെളിവെടുപ്പ് നടത്തിയത്
ബിഷപ്പിനെതിരെ നിർണ്ണായകമായത് ഉത്തരേന്ത്യയിലെ തെളിവെടുപ്പ്; അച്ചടക്കനടപടിയെത്തുടർന്നാണ് ആരോപണമെന്ന വാദം പൊളിഞ്ഞത് ഇവിടെ 
Updated on
1 min read

കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ കേരള പൊലീസ് ഉത്തരേന്ത്യ കേന്ദ്രീകരിച്ച് നടത്തിയ തെളിവെടുപ്പ് കേസിൽ നിർണ്ണായകമായി. ഓഗസ്റ്റ് രണ്ടുമുതല്‍ പതിനാല് വരെയാണ് വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷിന്‍റെ നേതൃത്വത്തില്‍ ആറംഗസംഘം ഉത്തരേന്ത്യയില്‍ തെളിവെടുപ്പ് നടത്തിയത്. ജലന്ധര്‍ രൂപതയിലെത്തിയ അന്വേഷണസംഘം ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനാണ് ആദ്യം എത്തിയത്. മുന്‍കുര്‍ അനുമതി കൂടാതെ വത്തിക്കാന്‍ എംബസിയില്‍ എത്തിയ അന്വേഷണസംഘത്തെ സുരക്ഷാജീവനക്കാരന്‍ തിരിച്ചയച്ചത് അടക്കം നാടകീയ രം​ഗങ്ങൾ ഇവിടെ അരങ്ങേറി. 

കന്യാസ്ത്രീക്കെതിരെ അച്ചടക്കനടപടി എടുത്തതിനെത്തുടർന്നാണ് തനിക്കെതിരെ ഇത്തരത്തിലൊരു ആരോപണം ഉന്നയിക്കുന്നതെന്ന് ബിഷപ്പ് ആരോപിച്ചിരുന്നു. ബിഷപ്പിന്റെ ഈ ആരോപണമാണ് അന്വേഷണസംഘം ആദ്യം പരിശോധിച്ചത്. കന്യാസ്ത്രീയ്ക്ക് തന്‍റെ ഭര്‍ത്താവുമായി അവിഹിതബന്ധമുണ്ടെന്ന് പരാതി നല്‍കിയ വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തി. മൊഴിയെടുക്കലിന് ശേഷം ബിഷപിന്‍റെ വാദം അന്നുതന്നെ ഡിവൈ.എസ്.പി തളളി. ഈ സംഭവത്തിന്  കേസുമായി ബന്ധമില്ലെന്നായിരുന്നു പൊലീസ് നിലപാട്. 

ബിഷപ്പിനെതിരെ കന്യാസ്ത്രി പരാതിയുമായി സമീപിച്ചവരുടെ മൊഴിയെടുക്കുകയായിരുന്നു അന്വേഷണസംഘത്തിന്റെ അടുത്ത നീക്കം. മൂന്നാംതീയതി വത്തിക്കാന്‍ സ്ഥാനപതിയെ കാണാനുളള ശ്രമം വിജയിച്ചില്ല. മുന്‍ക്കൂര്‍ അനുമതിയില്ലെന്ന കാരണത്താൽ സുരക്ഷാഉദ്യോഗസ്ഥന്‍ പൊലീസ് സംഘത്തെ ഗേറ്റില്‍ തന്നെ തടഞ്ഞു.  പിന്നീട് അഞ്ചാം തീയതി ഉജ്ജയിന്‍ ബിഷപ് സെബാസ്റ്റ്യന്‍ വടക്കേലിന്‍റെ മൊഴിയെടുത്തു.

പത്താംതീയതി ജലന്ധറിലെ മിഷനറീസ് ഓഫ് ജീസസ് മഠത്തിലെത്തിയ അന്വേഷണസംഘം മദര്‍ ജനറലിന്‍റെയും സിസ്റ്റര്‍മാരുടെയും മൊഴിയെടുത്തു. എട്ടുമണിക്കൂറാണ്  പൊലീസ് അവിടെ തെളിവെടുത്തത്. അമൃത്സറിലുള്ള കന്യാസ്ത്രീയുടെ ബന്ധുവായ വൈദികന്‍റെയും മൊഴിയെടുത്തു. അന്വേഷണത്തിലുടനീളം ശേഖരിച്ച തെളിവുകൾ വിശദമായി വിലയിരുത്തിയ ശേഷം അന്വേഷണസം​ഗം വീണ്ടും ജലന്ധര്‍ രൂപതയിലെത്തി. പതിമൂന്നാം തീയതി വൈകിട്ട് മൂന്നേകാലോടെയാണ് ഇവിടെയെത്തിയത്. ആദ്യം വൈദികരുടെയും ജീവനക്കാരുടെയും മൊഴിയെടുത്തു. ഈ സമയം  പുറത്തുപോയിരുന്ന ബിഷപ് ഏഴേകാലോടെയാണ് മ‍ടങ്ങിയെത്തിയത്. മടങ്ങിവരവെ ബിഷപ്പിന്റെ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ സുരക്ഷാജീവനക്കാര്‍ മര്‍ദിച്ചത് സംഘര്‍ഷത്തിലേക്ക് നയിച്ചു. ബിഷപ്പിനെ ആദ്യം ചോദ്യം ചെയ്യുന്നത് ഇവിടെവെച്ചാണ്. ഒന്‍പത് മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യല്‍ പുലര്‍ച്ചെയാണ് അവസാനിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com