രാജാപ്പാറ : ഇടുക്കി രാജാപ്പാറയിലെ നിശാപാർട്ടിക്കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവ് ഉൾപ്പടെ അഞ്ച് പേർ കൂടി അറസ്റ്റിലായി. സേനാപതി സർവീസ് സഹകരണബാങ്ക് പ്രസിഡന്റും, കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റുമായ ജെയിംസ് തെങ്ങുംകുടി ഉൾപ്പടെ അഞ്ചു പേരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 33 ആയി.
കേസിൽ ഇനി 14 പേർ കൂടി പിടിയിലാകാനുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച ജംഗിൾ പാലസ് റിസോർട്ട് അടച്ചുപൂട്ടൂം. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച തണ്ണിക്കോട്ട് മെറ്റൽസിന് റവന്യൂവകുപ്പ് ഇതിനോടകം സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്. ക്വാറി ഉദ്ഘാടനം ചെയ്തതിന്റെ പേരിൽ മന്ത്രി എംഎം മണിയേയും,സിപിഎമ്മിനേയും പ്രതിക്കൂട്ടിൽ നിർത്തിയ കോൺഗ്രസ് പ്രദേശിക നേതാവിന്റെ അറസ്റ്റോടെ വെട്ടിലായിരിക്കുകയാണ്.
കെപിസിസി നിർദ്ദേശപ്രകാരം മന്ത്രിയുടെ രാജി അടക്കം ആവശ്യപ്പെട്ട് വൻ സമരപരിപാടികളിലേക്ക് കടക്കാനിരിക്കെയാണ് കോൺഗ്രസ് നേതാവ് അറസ്റ്റിലായത്. കുറ്റക്കാർ ആരായാലും നടപടിയെടുക്കണമെന്നും, ജെയിംസിനെതിരായ നടപടി പാർട്ടി ആലോചിച്ച് തീരുമാനിക്കുമെന്നാണ് ഡിസിസി പ്രസിഡന്റ് പ്രതികരിച്ചത്. നിശാപാർട്ടി നടന്ന ജംഗിൾ പാലസ് റിസോർട്ട് അടച്ചുപൂട്ടാൻ നടപടി തുടങ്ങി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിച്ചുവെന്ന് കാണിച്ച് ശാന്തൻപാറ പഞ്ചായത്ത് സെക്രട്ടറി റിസോർട്ടിന് സ്റ്റോപ്പ് മെമ്മോ നൽകി.
ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചതിന്റെ പേരിൽ തണ്ണിക്കോട്ട് മെറ്റൽസ് റവന്യൂവകുപ്പ് അടച്ചുപൂട്ടി സീൽവച്ചിട്ടുണ്ട്. തെറ്റായ പത്രപരസ്യം കൊടുത്തതിന് ഉടമ റോയി കുര്യനെതിരെ നടപടിയുമുണ്ടാകും. കഴിഞ്ഞ 28നാണ് തണ്ണിക്കോട്ട് മെറ്റൽസിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സ്വകാര്യ റിസോർട്ടിൽ നിശാപാർട്ടിയും ബെല്ലി ഡാൻസും നടന്നത്. കോവിഡ് മാർഗനിർദ്ദേശങ്ങളെല്ലാം ലംഘിച്ച പാർട്ടിയിൽ നൂറിലധികം പേർ പങ്കെടുത്തെന്നും മദ്യസൽക്കാരം നടന്നെന്നുമാണ് ആരോപണം ഉയർന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates