ബെവ്ക്യൂ ആപ്പ് വീണ്ടും 'പണിമുടക്കി' ; ബെവ്‌കോയ്ക്ക് ടോക്കണ്‍ കുറഞ്ഞു, പിന്‍വലിച്ചേക്കുമെന്നും റിപ്പോര്‍ട്ട്

പിന്‍കോഡ് അടിസ്ഥാനമാക്കി ബുക്കിങ് വീതംവച്ചപ്പോള്‍ കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ക്ക് ബുക്കിങ് വീണ്ടും കുറഞ്ഞു
ബെവ്ക്യൂ ആപ്പ് വീണ്ടും 'പണിമുടക്കി' ; ബെവ്‌കോയ്ക്ക് ടോക്കണ്‍ കുറഞ്ഞു, പിന്‍വലിച്ചേക്കുമെന്നും റിപ്പോര്‍ട്ട്
Updated on
1 min read

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ തിരക്ക് ഒഴിവാക്കാന്‍ വെര്‍ച്വല്‍ ക്യൂ വഴി മദ്യവിതരണത്തിന് ഏര്‍പ്പെടുത്തിയ ബെവ് ക്യൂ ആപ്പ് വീണ്ടും തകരാറിലായി. ഇതോടെ ബിവറേജസ് കോര്‍പ്പറേഷന് നഷ്ടം കൂടിയതായി റിപ്പോര്‍ട്ട്. ശനിയാഴ്ച കോര്‍പ്പറേഷന്റെ മിക്ക ഷോപ്പുകളിലും ടോക്കണ്‍ കുറവായിരുന്നു. ഉച്ചവരെ 100 മുതല്‍ 120 വരെ ടോക്കണുകളാണ് നല്‍കിയത്.

പിന്‍കോഡ് അടിസ്ഥാനമാക്കി ബുക്കിങ് വീതംവച്ചപ്പോള്‍ കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ക്ക് ബുക്കിങ് വീണ്ടും കുറഞ്ഞു. ഇതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. തകരാര്‍ പരിഹരിക്കാന്‍ ആപ്പ് നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചില ഷോപ്പുകളില്‍ നല്‍കിയ ടോക്കണുകളില്‍ മദ്യം വാങ്ങാനെത്തേണ്ട സമയം രേഖപ്പെടുത്തിയിരുന്നില്ല. ഇത്തരം കൂപ്പണുകളുമായി വരുന്നവര്‍ക്ക് മദ്യം നല്‍കാന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. അതേസമയം, മിക്ക ബാറുകളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്.

ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും കുറവുസംഭവിച്ചിട്ടുണ്ട്. ദിവസം നാലരലക്ഷം ടോക്കണാണ് ആദ്യ ദിവസങ്ങളില്‍ നല്‍കിയിരുന്നത്. ശനിയാഴ്ച 2.5 ലക്ഷം ടോക്കണാണ് നല്‍കിയത്. അതേസമയം ബാറുകളില്‍ ടോക്കണില്ലാതെ മദ്യം നല്‍കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ബെവ്ക്യൂ ആപ്പ് കോര്‍പ്പറേഷന് നഷ്ടമുണ്ടാക്കുന്നതായി അധികൃതര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ടുനല്‍കിയതായും സൂചനയുണ്ട്. ആപ്പ് വൈകാതെ പിന്‍വലിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. തിരക്ക് ഒഴിവാക്കാനുള്ള താത്കാലികസംവിധാനം മാത്രമാണ് മൊബൈല്‍ ആപ്പെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com