ബേബിയുടെ സ്ഥാനാര്‍ത്ഥിത്വം പിബി തീരുമാനിക്കുമെന്ന് എസ്ആര്‍പി ; കേന്ദ്രനേതാക്കളെക്കുറിച്ചുള്ള അഭ്യൂഹം അത്ഭുതപ്പെടുത്തിയെന്ന് യെച്ചൂരി

ബേബിയുടെ സ്ഥാനാര്‍ത്ഥിത്വം പിബി തീരുമാനിക്കുമെന്ന് എസ്ആര്‍പി ; കേന്ദ്രനേതാക്കളെക്കുറിച്ചുള്ള അഭ്യൂഹം അത്ഭുതപ്പെടുത്തിയെന്ന് യെച്ചൂരി

എം എ ബേബിയുടെ സ്ഥാനാര്‍ത്ഥിത്വം അടക്കം എല്ലാ കാര്യങ്ങളും ഫെബ്രുവരി 8,9 തീയതികളില്‍ ചേരുന്ന പോളിറ്റ് ബ്യൂറോ തീരുമാനിക്കും
Published on


കണ്ണൂര്‍ : പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ മല്‍സരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള. എം എ ബേബിയുടെ സ്ഥാനാര്‍ത്ഥിത്വവും പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ മത്സരിക്കുന്നതും അടക്കം എല്ലാ കാര്യങ്ങളും ഫെബ്രുവരി 8,9 തീയതികളില്‍ ചേരുന്ന പോളിറ്റ് ബ്യൂറോ തീരുമാനിക്കും. അതിന് ശേഷം സംസ്ഥാനങ്ങളില്‍ ചര്‍ച്ച നടത്തും. ഇപ്പോള്‍ അക്കാര്യങ്ങളില്‍ ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ലെന്നും എസ്ആര്‍പി പറഞ്ഞു.  

ഇപ്പോള്‍ പുറത്തുവരുന്ന അഭിപ്രായ സര്‍വേകള്‍ പണം നല്‍കി ഉണ്ടാക്കിയ പരസ്യങ്ങളാണ്. ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യത്തിന് വലിയ സ്ഥാനമില്ല. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യങ്ങളില്‍ ഉള്ള സഖ്യങ്ങളാണ് നിര്‍ണായകമാകുക. അത് വലിയ ശക്തിയായി മാറുമെന്നും എസ് രാമചന്ദ്രന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം എല്‍ഡിഎഫിനെ ബാധിക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പില്‍ കേരളത്തിലെ  പോരാട്ടം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. കേന്ദ്ര തലത്തില്‍ സഖ്യം തീരുമാനിച്ചിട്ടില്ല. ബിജെപിയുടേത് വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണെന്നും യെച്ചൂരി പറഞ്ഞു. 

പുറത്തു നിന്നുള്ള കേന്ദ്ര നേതാക്കള്‍ കേരളത്തില്‍ മത്സരിക്കും എന്നത് അഭ്യൂഹം മാത്രമാണെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. പ്രകാശ് കാരാട്ടും, ബൃന്ദ കാരാട്ടും വിജു കൃഷ്ണനും അടക്കമുള്ള നേതാക്കള്‍ കേരളത്തിലെ വിവിധ മണ്ഡലങ്ങളില്‍ മത്സരിക്കാനെത്തുന്നു എന്നായിരുന്നു വാര്‍ത്തകള്‍. ഈ അഭ്യൂഹങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തി. വിഷയം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com