ഭീകരാക്രമണ ആസൂത്രണം; കനകമല കേസിന്റെ സാക്ഷിവിസ്താരം ആരംഭിച്ചു

ഭീകരാക്രമണം ആസൂത്രണം ചെയ്യാനായി കണ്ണൂരിലെ കനകമലയിൽ രഹസ്യ യോ​ഗം നടത്തിയെന്ന കേസിന്റെ വിചാരണ തുടങ്ങി
ഭീകരാക്രമണ ആസൂത്രണം; കനകമല കേസിന്റെ സാക്ഷിവിസ്താരം ആരംഭിച്ചു
Updated on
1 min read

കൊച്ചി: ഭീകരാക്രമണം ആസൂത്രണം ചെയ്യാനായി കണ്ണൂരിലെ കനകമലയിൽ രഹസ്യ യോ​ഗം നടത്തിയെന്ന കേസിന്റെ വിചാരണ തുടങ്ങി. എന്‍ഐഎ കോടതിയാണ് ഐഎസ് ക്യാംപ് നടത്തിയ കേസിലെ  ഏഴ് പ്രതികളെ വിചാരണ ചെയ്യുന്നത്. അൻസാറുൽ ഖിലാഫ കെ.എൽ എന്ന പേരിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് പ്രതികൾ ആകമണത്തിന് പദ്ധതിയിട്ടുവെന്നാണ് എൻഎെഎ പറയുന്നത്. 2019 ജനുവരി 22 വരെ കേസിന്റെ വിചാരണ തുടരും. 

കനകമലയില്‍ നിന്ന് അന്വേഷണ സംഘം പിടികൂടിയവരും അവരുമായി ബന്ധമുള്ളവരുമാണ് വിചാരണ നേരിടുന്നത്. സംസ്ഥാനത്തെ പ്രധാന നേതാക്കളെ വധിക്കാന്‍ കനകമലയില്‍ ഗൂഢാലോചന നടത്തിയെന്നാണ് പ്രതികള്‍ക്കെതിരായ കുറ്റം. രാഷ്ട്രീയ നേതാക്കള്‍, ജഡ്ജിമാര്‍, പ്രധാന ഉദ്യോഗസ്ഥര്‍ എന്നിവരെ വധിക്കാന്‍ പ്രതികള്‍ ആസൂത്രണം ചെയ്തുവെന്നാണ് ആരോപണം. പ്രതികളില്‍ പാരീസില്‍ നടന്ന ആക്രമണത്തില്‍ പങ്കുള്ളവരുമുണ്ടെന്ന് എന്‍ഐഎ പറയുന്നു. 

മന്‍സീദ് മുഹമ്മദ്, സാലിഹ് മുഹമ്മദ്, റാഷിദ് അലി, എൻകെ റംഷാദ്, എന്‍കെ സഫ് വാൻ, എന്‍കെ ജാസിം എന്നിവരാണ് കേസിലെ പ്രതികള്‍. 2015ല്‍ പാരീസില്‍ നടന്ന ആക്രമണത്തില്‍ സുബ്ഹാനിക്ക് പങ്കുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. ഇയാള്‍ക്ക് പാരീസിലെ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കൊപ്പം വിദേശത്ത് പരിശീലനം ലഭിച്ചിരുന്നുവെന്നും ആരോപണമുണ്ട്. രാജ്യദ്രോഹമുള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 

ഭീകര പ്രവർത്തനങ്ങൾക്കായി യുവാക്കളെ ഇന്ത്യയിൽ നിന്ന വിദേശത്തേക്ക് കടത്തിയ കേസിൽ അറസ്റ്റിലായ സുബ്ഹാനി ഹാജ മൊയ്തീന്റെ വിചാരണയും ഇതിനൊപ്പം നടക്കുന്നുണ്ട്. രണ്ട് കേസുകളിലും പൊതുവായ സാക്ഷികളുമുണ്ട്. 2016 ഒക്ടോബറിലാണ് കനകമല കേസിനാസ്പദമായ സംഭവം. 

എൻഎെഎ ഡിവൈഎസ്പി യശ്പാൽ സിങ് ഠാക്കൂറിനെ കേടതി ബുധനാഴ്ച വിസ്തരിച്ചു. ആയുധം സംഭരിക്കല്‍, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. രാഷ്ട്രീയ നേതാക്കള്‍, ജഡ്ജിമാര്‍ എന്നിവര്‍ക്ക് പുറമെ സംസ്ഥാനത്തെ പ്രധാന പൊലീസ് ഉദ്യോഗസ്ഥരെയും വധിക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടുവെന്ന് അന്വേഷണ സംഘം പറയുന്നു. പ്രതികളില്‍ ചിലര്‍ കണ്ണൂരിലെ കനകമലയില്‍ എത്തിയ വേളയില്‍ എന്‍ഐഎക്ക് രഹസ്യവിവരം ലഭിക്കുകയായിരുന്നു. അവിടെ എത്തിയാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ എന്‍ഐഎ നേരത്തെ നിരീക്ഷിച്ചിരുന്നു. ഇവരുടെ സോഷ്യല്‍ മീഡിയ ഉപയോഗവും അന്വേഷണ സംഘം പരിശോധിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com