ഭീഷണിയുണ്ട്, കൊല്ലപ്പെട്ടേക്കാം; ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച ക്ഷേത്ര ഗവേഷക പറയുന്നു

ഭീഷണിയുണ്ട്, കൊല്ലപ്പെട്ടേക്കാം; ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച ക്ഷേത്ര ഗവേഷക പറയുന്നു
ഭീഷണിയുണ്ട്, കൊല്ലപ്പെട്ടേക്കാം; ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച ക്ഷേത്ര ഗവേഷക പറയുന്നു
Updated on
2 min read


തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് അഭിപ്രായം പറഞ്ഞ തനിക്കു ഭീഷണിയുണ്ടെന്നും കൊല്ലപ്പെട്ടേക്കാമെന്നും ക്ഷേത്ര ഗവേഷക ലക്ഷ്മി രാജീവ്. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരേയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. തനിക്ക് ഭീഷണിയുണ്ടെന്നും കൊല്ലപ്പെട്ടേക്കാമെന്നും കവി സച്ചിദാനന്ദനെ ടാഗ് ചെയ്തുളള ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ലക്ഷ്മി പറഞ്ഞു.  

'എന്തുവന്നാലും എഴുതണം, ശക്തമായി എഴുതണം എന്ന് അങ്ങ് പറയുമ്പോള്‍ അന്നൊക്കെ ഞാന്‍ പറയുമായിരുന്നു പരിമിതികള്‍ ഒരുപാടാണ് എന്ന്. ഇപ്പോള്‍ നന്നായി അറിയാവുന്ന വിഷയത്തില്‍ പ്രതികരിക്കുന്നു. സര്‍ എന്ത് പറയുന്നു?' കുറിപ്പില്‍ സച്ചിദാനന്ദനോടായി ലക്ഷ്മി ചോദിക്കുന്നു.  

ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരി അല്ലെന്ന് കഴിഞ്ഞ ദിവസം ലക്ഷ്മി രാജീവ് അഭിപ്രായപ്പെട്ടിരുന്നു. നൈഷ്ഠിക ബ്രഹ്മചര്യത്തിന്റെ പേരിലല്ല, അയ്യപ്പനെ കാട്ടില്‍ അയച്ചു കൊല്ലാന്‍ ശ്രമിച്ചതിന് പന്തളം രാജകുടുംബത്തിന് അയ്യപ്പന്‍ തന്നെ നിര്‍ദേശിച്ച പരിഹാരമാണ് മണ്ഡലകാലത്തെ നാല്‍പ്പത്തിയൊന്നു ദിവസത്തെ വ്രതമെന്ന് ലക്ഷ്മി രാജീവ് പറഞ്ഞു.

നാല്‍പ്പത്തി ഒന്ന് ദിവസത്തെ വ്രതം മണ്ഡലകാലത്ത് പോകുന്നവര്‍ എടുത്താല്‍ മതിയാകുമെന്ന് ലക്ഷ്മി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അതൊരു ഐതിഹ്യത്തിന്റെ തുടര്‍ച്ചയാണ്. അയ്യപ്പനെ കാട്ടില്‍ അയച്ചു കൊല്ലാന്‍ ശ്രമിച്ചതിന് പന്തളം രാജകുടുംബത്തിന് അയ്യപ്പന്‍ തന്നെ നിര്‍ദേശിച്ച പരിഹാരം. അയ്യപ്പനെ കൊല്ലാന്‍ കാട്ടില്‍ അയച്ച പന്തളം രാജ കുടുംബം ചെയ്താല്‍ മതി ആ നാല്‍പ്പത്തി ഒന്ന് ദിവസത്തെ പ്രായശ്ചിത്തം. വ്രതം അവരവരുടെ ആത്മ സംതൃപ്തിക്ക് എത്ര വേണമോ ആകാം. ജീവിതം തന്നെ വ്രതം ആകുന്നവരും ഉണ്ട്. ഈ കണക്കൊന്നും ആചാരമല്ല. കെട്ടു കഥ.

ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്നു സ്ഥാപിക്കാന്‍ ലക്ഷ്മി രാജീവ് ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍:

1) ശബരിമല ധര്‍മ്മശാസ്താവ് നൈഷ്ഠിക ബ്രഹ്മചാരി ആണെങ്കില്‍ 'സ്‌നിഗ്ധാരാള...' എന്ന് തുടങ്ങുന്ന ധ്യാനത്തിന്റെ മന്ത്രം എന്തിന് ഉപയോഗിക്കുന്നു? സ്‌നിഗ്ധാരാള എന്ന് തുടങ്ങുന്ന ധ്യാനം പ്രഭ എന്ന ഭാര്യയോടും സത്യകന്‍ എന്ന് പുത്രനോടും കൂടി ഇരിക്കുന്ന ധര്‍മ്മശാസ്താവിന്റെതാണ്.

2) 'ധ്യായേല്‍ ചാരുജടാനിബദ്ധ മകുടം...' എന്ന് തുടങ്ങുന്ന ധ്യാനമാണ് ശബരിമലയുടേത് എങ്കില്‍ അതിന്റെ ഋഷി, ഛന്ദസ്സ്, മൂലമന്ത്രം തുടങ്ങിയവ ഭക്തര്‍ക്ക് അറിയാന്‍ അവകാശം ഉണ്ട്.

3) പട്ടബന്ധം ധരിച്ചിരിക്കുന്നത് കൊണ്ടാണ് നൈഷ്ഠിക ബ്രഹ്മചാരി എന്ന് പറയുന്നതെങ്കില്‍ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നരസിംഹ സ്വാമി ഇതേ രൂപത്തില്‍ പട്ടബന്ധം ധരിച്ചാണ്...അവിടെ സ്ത്രീകള്‍ പ്രവേശിക്കുന്നുണ്ടല്ലോ.

4) നൈഷ്ഠിക ബ്രഹ്മചാരി ആയ സന്ന്യാസി ആണ് പ്രതിഷ്ഠ എങ്കില്‍ സാത്വിക ഭാവമായിരിക്കണം....മുല്ല,പിച്ചി തുടങ്ങിയ മാദക പുഷ്പങ്ങള്‍ നിഷിദ്ധം ആയിരിക്കണം... പക്ഷേ ശബരിമലയില്‍ അങ്ങനെ ഇല്ല...പോരാത്തതിന് ഉഗ്രമൂര്‍ത്തികള്‍ക്ക് നിവേദിക്കുന്ന പാനകം അത്താഴ പൂജയ്ക്ക് നിവേദിക്കുന്നു.

5) മൂലബിംബം പട്ട ബന്ധം ധരിച്ചാണ്... പക്ഷേ ഉത്സവബിംബമോ? തികച്ചും യൗവനയുക്തനായ,കിരീടവും അമ്പും വില്ലും ധരിച്ച ധര്‍മ്മശാസ്താവ്..രണ്ടു ഭാവവും തമ്മില്‍ പുലബന്ധം പോലുമില്ല.

6) രാഹുല്‍ ഈശ്വര്‍ എപ്പോഴും വാദിക്കുന്നത് ശബരിമലയില്‍ അയ്യപ്പന്‍ ആണ് ധര്‍മ്മശാസ്താവ് അല്ല എന്ന്... എങ്കില്‍ എന്തിനാണ് ധ്വജത്തില്‍ ധര്‍മ്മശാസ്താവിന്റെ വാജി വാഹനം? പതിനെട്ടാം പടിക്ക് ഇരുവശവും ധര്‍മ്മശാസ്താവിന്റെ വാഹനമായ പുലിയും ആനയും എന്തിനാണ്?

7) പതിനെട്ടാം പടിക്ക് താഴെ കറുപ്പ് സ്വാമി യും കറുപ്പായി അമ്മയും ഉണ്ട്...കറുപ്പായി അമ്മ സ്ത്രീ അല്ലേ?

8) ഏറ്റവും പ്രധാനമായി ശബരിമല ധര്‍മ്മശാസ്താവിന്റെ തിരുവാഭരണപ്പെട്ടി തുറന്ന് കാണിക്കൂ...അതില്‍ പൂര്‍ണ്ണ പുഷ്‌ക്കല വിഗ്രഹം ഉണ്ടല്ലോ....മകരസംക്രമ സന്ധ്യയില്‍ അതും വിഗ്രഹസമീപം വയ്ക്കാറുണ്ട്‌ല്ലോ..അപ്പോള്‍ നൈഷ്ഠികബ്രഹ്മചര്യം എവിടെ പോകുന്നു.

9) ഹരിവരാസനത്തിലും പുത്രനെ വര്‍ണ്ണിക്കുന്നുണ്ട് .

ക്ഷേത്രം മലയരന്മാരുടേതാണോ എന്നതില്‍ വിശദമായി പഠിച്ച ശേഷമേ പറയാന്‍ പറ്റൂ. പക്ഷെ അതാണ് സത്യം എന്ന് തെളിയിക്കാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ടെന്ന് ലക്ഷ്മി രാജീവ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com