

കോട്ടയം: തിരുവല്ല കവിയൂരിലെ വൃദ്ധദമ്പതികളുടെ ദുരൂഹമരണത്തില്‍ നിഗമനവുമായി പൊലീസ്. ഭര്‍ത്താവ് വാസു ഭാര്യ രാജമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചതാകാമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. വാസുവിന്റെ തൂങ്ങി മരണമാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. കസ്റ്റഡിയിലെടുത്ത ഇവരുടെ മകന്‍ പ്രശാന്തിന് മരണത്തില്‍ പങ്കില്ലെന്നും തിരുവല്ല പോലീസ് വ്യക്തമാക്കി.
ദൂരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കവിയൂര്‍ തെക്കേതില്‍ വാസു ആചാരിയുടെ മരണം തൂങ്ങി മരണമാണെന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റു മോട്ടത്തിലാണ് കണ്ടെത്തിയത്. ഇതോടെയാണ് ഭാര്യ രാജമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം വാസു തൂങ്ങി മരിച്ചതാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഇരുവരുടെയും മൃതദേഹം വീട്ടില്‍ കണ്ടെത്തിയത്. നേരത്തെ സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ മകന്‍ പ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
അതേസമയം സ്വത്തുതര്‍ക്ക വിഷയത്തില്‍ മകന്റെ ഭാഗത്തുനിന്നും വാസുവിന് മാനസിക സമര്‍ദ്ദമുണ്ടെന്ന് തെളിഞ്ഞാല്‍ പ്രശാന്തിനെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തുമെന്നും തിരുവല്ല സിഐ ബൈജു പറഞ്ഞു. പ്രശാന്തും മാതാപിതാക്കളും തമ്മില്‍ സ്വത്ത്തര്‍ക്കം നിലനിന്നിരുന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് വാസു ബന്ധുക്കളെ വിളിച്ച് അറിയിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇരുവര്‍ക്കുമിടയില്‍ മധ്യസ്ഥചര്‍ച്ച നടത്തിയിരുന്നതായി വാര്‍ഡ് മെമ്പര്‍ രാജേഷ്‌കുമാറും മൊഴി നല്‍കിയിടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates