തിരുവനന്തപുരം : കള്ളക്കടത്ത് കേസ് ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വര്‍ഗീയത ഇളക്കിവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് കേസുകളില്‍ മകന്‍ കുടുങ്ങുമെന്ന് ഉറപ്പായപ്പോഴാണിത്. ജലീല്‍ വിഷയത്തില്‍ സര്‍ക്കാര്‍ നാറിപ്പുഴുത്ത് പുറത്താകുമെന്ന് ചെന്നിത്തല പറഞ്ഞു.
കള്ളക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വിവാദച്ചുഴിയില്‍ അകപ്പെട്ടപ്പോല്‍ കോടിയേരി ബാലകൃഷ്ണന്‍ ഒന്നും മിണ്ടിയില്ല. മൗനം പാലിക്കുകയായിരുന്നു. ഇപ്പോള്‍ സ്വന്തം മകന്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങുമെന്ന് കണ്ടപ്പോഴാണ് കേസിന്റെ അട്ടിമറി ശ്രമവുമായി വന്നിരിക്കുന്നത്. ഇത് മനസ്സിലാക്കാനുള്ള വിവേകം കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്ന് മറക്കരുതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
പച്ചയ്ക്ക് വര്‍ഗീയത പറയുന്ന പാര്‍ട്ടിയായി സിപിഎം അധപ്പതിച്ചുവെന്നും ചെന്നിത്തല പറഞ്ഞു. ജനങ്ങളെ ഒരുമിച്ച് നിര്‍ത്തേണ്ട മുഖ്യമന്ത്രി തന്നെ ജനങ്ങളെ വര്‍ഗീയമായ ചേരിതിരിവിന് വഴി തെളിക്കുന്നു. കോടിയേരി ഇപ്പോള്‍ വര്‍ഗീയത ഇളക്കിവിടുന്നത് ബിജെപിയെ സഹായിക്കാനാണ്. ബിജെപിയ്ക്ക് സ്‌പേസ് ഇടമുണ്ടാക്കി കൊടുക്കാനാണ് കോടിയേരിയുടെ ശ്രമം.
ശബരിമലയെ യുദ്ധക്കളമാക്കി മാറ്റാനും, സംഘര്‍ഷമുണ്ടാക്കാനും ബിജെപിക്ക് അവസരം കൊടുത്തത് സിപിഎമ്മും സര്‍ക്കാരുമാണ്. കേരളത്തില്‍ ബിജെപിക്ക് യാതൊരു പ്രസക്തിയുമില്ല. ബിജെപിയെ ശക്തപ്പെടുത്താനുള്ള തന്ത്രമാണ് സിപിഎം വര്‍ഗീയപ്രചരണം കൊണ്ട് ശ്രമിക്കുന്നത്. ശബരിമലയിലെ തെറ്റില്‍ നിന്ന് ഒരു പാഠവും പഠിക്കാന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഈ അഴിമതികളെപ്പറ്റിയെല്ലാം അന്വേഷിക്കും. ഒരു സംശയവും വേണ്ടെന്ന് ചെന്നിത്തല പറഞ്ഞു. സമരം നടത്തിയ ഷാഫി പറമ്പിലിനെയും ശബരീനാഥിനെയും ഇടിച്ചു കൊല്ലാനാണ് പൊലീസ് ശ്രമിച്ചത്. ഇത് കേരളമാണെന്ന് പൊലീസ് ഓര്‍ക്കണം. സംസ്ഥാനത്ത് പൊലീസ് രാജാണ് നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates