

തിരുവനന്തപുരം: തന്റെ രണ്ടു മക്കളും തന്നെ ആശ്രയിച്ചല്ല ജീവിക്കുന്നതെന്നും ജോലി ചെയ്ത് കുടുംബം പുലര്‍ത്തുന്നതിനാണ് അവര്‍ വിദേശത്ത് പോയതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മക്കള്‍ എന്നെ ആശ്രയിച്ചു ജീവിക്കുന്നവരല്ല. അവര്‍ പ്രായപൂര്‍ത്തിയായവരും കല്യാണം കഴിച്ചവരും പ്രത്യേക കുടുംബവുമായി ജീവിക്കുന്നവരാണ്. അവര്‍ ജോലി ചെയ്ത് ജീവിക്കാനാണ് വിദേശത്തു പോയത്. ഇവിടെ ഞാനൊന്നും ചെയ്തു കൊടുക്കുന്നില്ലെന്ന് വന്നതിനെ തുടര്‍ന്നാണ് അവര്‍ അങ്ങോട്ടേക്കു പോകാന്‍ തയ്യാറായതെന്നും കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു
അച്ഛന്റെയടുത്തു നിന്നിട്ട് കാര്യമില്ല. സ്വന്തം വഴി തേടിപ്പോകാമെന്ന് തീരുമാനിക്കുകയായിരുന്നു അവര്‍. അവര്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും പരിശോധിച്ച് ഇടപെടാന്‍ എനിക്ക് സാധിക്കുന്ന കാര്യമല്ല. അതുകൊണ്ട് എന്നെ ദുബായിലെ കേസ് എന്നെ ബാധിക്കുന്ന ഒരു വിഷയമല്ല അത്. ഞാനിടപെട്ട എന്തെങ്കിലും ഒരു വിവാദം ഉണ്ടായിട്ടില്ല. അവര്‍ വ്യക്തിപരമായി കൈകാര്യം ചെയ്ത വിഷയങ്ങള്‍ സംബന്ധിച്ച് ചില ആക്ഷേപങ്ങളുണ്ട്. അതവര്‍ തന്നെ പരിഹരിക്കണം. അതിന് പാര്‍ട്ടിയുടെ സഹായം കൊടുക്കില്ല. എന്റെ സഹായവും കൊടുക്കില്ല കോടിയേരി പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ മക്കള്‍ ലളിത ജീവിതം നയിക്കേണ്ടതില്ലേയെന്ന ചോദ്യത്തിന് ലളിത ജീവിതമെന്നു പറഞ്ഞാല്‍ പൈസ കൈയിലില്ലാത്തതു കൊണ്ടല്ലേ ഇതില്‍ പെട്ടത്. പൈസ കൈയിലുണ്ടായിരുന്നെങ്കില്‍ ആരോടെങ്കിലും വായ്പ വാങ്ങുമോ? ബിസിനസ് ചെയ്യുന്നതിനിടയില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടായി. പ്രതിസന്ധി വന്നപ്പോള്‍ കടം വാങ്ങി. എന്റെ കൈയില്‍ കോടിക്കണക്കിന് ഉറുപ്പിക ഉണ്ടെങ്കില്‍ മകന്‍ കടം വാങ്ങാന്‍ പോകുമോയെന്ന് കോടിയേരി ചോദിച്ചു. ഇവിടെത്തന്നെ എന്റെ സ്വാധീനം ഉപയോഗിച്ച് എന്തെങ്കിലും ചെയ്യാന്‍ തയ്യാറായിരുന്നെങ്കില്‍ ജോലി അന്വേഷിച്ച് ദുബായില്‍ പോകേണ്ട കാര്യമുണ്ടായിരുന്നു. എനിക്ക് കോര്‍പ്പറേറ്റ് ബന്ധം ഉണ്ടായിരുന്നെങ്കില്‍ ഈ കടം വാങ്ങേണ്ട കാര്യമുണ്ടോ? ഇവിടെ തന്നെ ഒരു ജോലി കൊടുത്ത് മാന്യമായ സ്ഥിതി ഉണ്ടാക്കിക്കൊടുത്തൂടെ. എന്റെ പദവി വച്ചു നോക്കിയാല്‍ അത് ചെയ്യാവുന്നതല്ലേയുള്ളൂ. ഞാന്‍ മന്ത്രിയായ കാലത്ത് പോലും അത് ചെയ്തിട്ടില്ലല്ലോ. അപ്പോള്‍ അങ്ങനെയുള്ള വിവാദങ്ങള്‍ ഇപ്പോള്‍ ഉണ്ടാകുന്നത് രാഷ്ട്രീയ ഉദ്ദേശ്യങ്ങളോടെയാണ്. അത്തരത്തിലുള്ളത് രാഷ്ട്രീയമായിട്ടുള്ളതാണെന്ന് തിരിച്ചറിയാനുള്ള സമചിത്തത ഞാന്‍ കാണിക്കുന്നതേയൂള്ളൂ കോടിയേരി പറഞ്ഞു. ഇതിലൊന്നും വ്യക്തിപരമായി വിഷമിച്ചതുകൊണ്ട് കാര്യമില്ല. ശത്രുക്കള്‍ ഇത്തരം അവസരങ്ങള്‍ കിട്ടിയാല്‍ ഉപയോഗിക്കും. അതിനാല്‍ കരുതിയിരിക്കുക മാത്രമേ ചെയ്യാനുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates