ചലച്ചിത്ര താരങ്ങള്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ മടിക്കുന്നതിനെ തന്റെ പേരു കൂടി ഉള്‍പ്പെടുത്തി വിമര്‍ശിച്ച മുന്‍ പാര്‍ലമെന്റ് അംഗം ഡോ. സെബാസ്റ്റിയന്‍ പോളിന് നടന്‍ ടൊവിനോ തോമസിന്റെ മറുപടി. ഇത്തവണ താന്‍ ചെയ്തത് കന്നിവോട്ട് അല്ലെന്നും പോസ്റ്റ് തെറ്റായി മനസിലാക്കിയാണ് സെബാസ്റ്റിയന്‍ പോള്‍ ്പ്രതികരിച്ചതെന്നും ടൊവിനോ വിശദീകരിച്ചു.
മുപ്പതു വയസ്സിനിടയ്ക്ക് വന്ന നിയമസഭ ഇലക്ഷന്‍, ലോക്‌സഭ ഇലക്ഷന്‍, മുന്‍സിപ്പാലിറ്റി ഇലക്ഷന്‍ തുടങ്ങിയവയില്‍ എല്ലാം വോട്ട് ചെയ്തിട്ടുണ്ടെന്നും സെബാസ്റ്റ്യന്‍ പോള്‍ മണ്ടത്തരം പറഞ്ഞ് തെറ്റിദ്ധാരണ പരത്തരുതെന്നും ടൊവിനോ പോസ്റ്റില്‍ പറഞ്ഞു. ടൊവിനോയുടെ വിശദീകരണത്തിനു പിന്നാലെ തന്റെ പോസ്റ്റില്‍നിന്നു ടൊവിനോയുടെ പേര് ഒഴിവാക്കുകയാണെന്ന് സെബാസ്റ്റ്യന്‍ പോള്‍ അറിയിച്ചു.
ടൊവിനോയുടെ പോസ്റ്റ്:
To Sebastian Paul,
അങ്ങയോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു പറയട്ടെ , ഇങ്ങനെ മണ്ടത്തരം പറഞ്ഞു തെറ്റിദ്ധാരണ പരത്തരുത് . ഇത്തവണ ഞാന്‍ ചെയ്തത് എന്റെ കന്നി വോട്ട് അല്ല . Was the first one to vote from my polling station എന്ന് ഞാന്‍ എഴുതിയത് എന്റെ പോളിംഗ് സ്‌റ്റേഷനില്‍ ഇന്ന് ആദ്യം വോട്ട് ചെയ്തത് ഞാന്‍ ആണ് എന്ന അര്‍ത്ഥത്തിലാണ്. അതിന്റെ അര്‍ത്ഥം അങ്ങനെ തന്നെ ആണെന്ന് ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു. അങ്ങയെപ്പോലെ ഇത്രയും വിവരവും വിദ്യാഭ്യാസവും ഉള്ള ഒരാള്‍ കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെ ഇങ്ങനെ ഇവിടെ കുറിക്കുന്നത് അങ്ങേക്ക് തന്നെ അപഹാസ്യമാണ്. പിന്നെ എനിക്ക് പ്രായപൂര്‍ത്തി ആയതിന് ശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പിനും ഞാന്‍ എവിടെയാണെങ്കിലും അവിടുന്ന് എന്റെ നാടായ ഇരിങ്ങാലക്കുടയില്‍ വന്ന് എന്റെ വോട്ട് രേഖപ്പെടുത്താറുണ്ട്. ആവശ്യമെങ്കില്‍ സാറിനു അന്വേഷിക്കാന്‍ വഴികള്‍ ഉണ്ടല്ലോ. അന്വേഷിച്ചു ബോധ്യപ്പെടൂ. നന്ദി.
ഗപ്പി എന്ന സിനിമയുടെ ഷൂട്ടിനിടക്ക് നാഗര്‍കോവില്‍ നിന്ന് ഇരിങ്ങാലക്കുട വന്നാണ് വോട്ട് ചെയ്തിട്ട് പോയത്. വോട്ടിനു ശേഷം പുരട്ടിയ വിരലിലെ മഷി കാരണം ഷൂട്ട് ചെയ്തുകൊണ്ടിരുന്ന സീനിന്റെ തുടര്‍ച്ചയെ ബാധിച്ചു എന്ന് പറഞ്ഞു സംവിധായകന്റെ പരിഹാസവും അന്ന് നേരിട്ടത് ഞാന്‍ ഓര്‍ക്കുന്നു. സിനിമ നടനായതുകൊണ്ടുള്ള ചില ആനുകൂല്യങ്ങള്‍ ആണ്. നമ്മള്‍ ചെയ്തു വെച്ചിട്ടുള്ള നല്ല കാര്യങ്ങള്‍ ആണേലും മോശം കാര്യങ്ങള്‍ ആണേലും റിയല്‍ ലൈഫിലും പ്രതിഫലിക്കപെടും. അങ്ങനെ പെട്ട് പോയതാണ് ഗപ്പിയില്‍.
എന്റെ പ്രായം 30 വയസ്സ് ആണ് സര്‍, എന്റെ 30 വയസ്സിനിടക്ക് വന്ന നിയമസഭ ഇലക്ഷന്‍, ലോക്‌സഭ ഇലക്ഷന്‍, മുന്‍സിപാലിറ്റി ഇലക്ഷന്‍ തുടങ്ങിയവയില്‍ എല്ലാം ഞാന്‍ വോട്ട് ചെയ്തിട്ടുണ്ട്. ഇനി ജീവിതകാലം മുഴുവന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നിടത്തോളം കാലം ഞാന്‍ അത് ചെയ്തുകൊണ്ടിരിക്കുകയും ചെയ്യും.
ഡോ. സെബാസ്റ്റിയന്‍ പോള്‍ നേരത്തെയിട്ട കുറിപ്പ്:
ചില താരങ്ങള്‍ കന്നിവോട്ട് ചെയ്തതായി വാര്‍ത്ത കണ്ടു. മോഹന്‍ലാലും ടൊവിനോ തോമസും അക്കൂട്ടത്തില്‍ പെടുന്നു. ഇരുവര്‍ക്കും ഇപ്പോഴായിരിക്കാം ജനാധിപത്യത്തിലെ പ്രായപൂര്‍ത്തിയായത്. ഫഹദ് ഫാസില്‍ പതിവായി വോട്ട് ചെയ്യുന്ന ആളാണ്. വോട്ട് ഉണ്ടെങ്കില്‍ മമ്മൂട്ടി ചെയ്യും. പോളിങ് ബൂത്തിലേക്ക് വരാന്‍ വൈമുഖ്യമുള്ളവര്‍ ദേശാഭിമാനികളും രാജ്യസ്‌നേഹികളുമായി വാഴ്ത്തപ്പെടുന്നു. സിവില്‍ ബഹുമതിയും സൈനിക ബഹുമതിയും നല്‍കി അവരെ ആദരിക്കുന്നു. പദ്മങ്ങള്‍ അവര്‍ക്കായി വിടരുന്നു. ഹിമാചല്‍ പ്രദേശിലെ ശ്യാം സരണ്‍ നേഗിയെ അറിയുമോ? താരമോ വിഐപിയോ അല്ല. ആദ്യത്തെ തിരഞ്ഞെടുപ്പിലെ ആദ്യത്തെ വോട്ടറായിരുന്നു നേഗി. ഇപ്പോള്‍ വയസ് 102. പതിനേഴാമത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നേഗി വോട്ട് ചെയ്യും. നേഗിയെ ഭാരതരത്‌നം നല്‍കി ആദരിക്കണം.ജനാധിപത്യത്തിലെ മുത്താണ് അയാള്‍. അമൂല്യമായ മുത്ത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിലെ അതിവിശിഷ്ടനായ വ്യക്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates