

തിരുവനന്തപുരം: മത്സ്യ തൊഴിലാളികളുടെ കുറഞ്ഞ വേതനം എട്ട് വര്‍ഷത്തിന് ശേഷം പുതുക്കി നിശ്ചയിച്ചു. ഫിഷ് പീലിങ്, കാനിങ്, ഫ്രീസിങ്, മത്സ്യ വിഭവങ്ങളുടെ കയറ്റുമതി തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മിനിമം വേതനമാണ് പുതുക്കിയത്. തൊഴിലും നൈപുണ്യവും വകുപ്പ് പുറത്തിറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വേതനം പുതുക്കിയത്.
പുതുക്കിയ ഉത്തരവ് പ്രകാരം പ്രോസസിങ് ജോലിക്കാര്‍, ഐസ് മാന്‍, ട്രോളറുകളില്‍ നിന്ന് കയറ്റിറക്ക് എന്നിങ്ങനെ എട്ട് മണിക്കൂര്‍ സമയബന്ധിത ജോലിക്കാര്‍ക്കുള്ള ദിവസ വേതനം യഥാക്രമം 365 രൂപ, 367 രൂപ 368 രൂപ എന്നിങ്ങനെയാണ് പുതുക്കി നിശ്ചയിച്ചിട്ടുള്ളത്. നിലവില്‍ ഇത് യഥാക്രമം 138 രൂപ, 139 രൂപ, 140 രൂപ എന്നതാണ്. ഇതോടെ ഇവരുടെ അടിസ്ഥാന ദിവസ വേതനത്തില്‍ 164 ശതമാനമാണ് വര്‍ധനവ്. ഈ തസ്തികകളിലെ ക്ഷാമബത്തയടക്കമുള്ള വേതനത്തില്‍ യഥാക്രമം 2018 ജൂണ്‍ പ്രകാരം 37 ശതമാനം, 38 ശതമാനം, 37.87 ശതമാനം എന്നിങ്ങനെയാണ് വര്‍ധനവ്. സ്വീപ്പേഴ്‌സ് ആന്റ് ക്ലീനേഴ്‌സ് മുതല്‍ പ്ലാന്റ്, ഫാക്ടറി മാനേജര്‍ വരെയുള്ള മാസ വേതനക്കാരുടെ അടിസ്ഥാന വേതനം യഥാക്രമം 9313 രൂപ, 12877 രൂപ എന്നിങ്ങനെ പുനഃക്രമീകരിച്ചു. ഇവരുടെ അടിസ്ഥാന വേതനത്തില്‍ യഥാക്രമം 169 ശതമാനവും 114 ശതമാനവും വ്യത്യാസമാണുള്ളത്. 2018 ജൂലൈ പ്രകാരം ക്ഷമബത്തയടക്കം വേതനത്തില്‍ സ്വീപ്പര്‍, ക്ലീനര്‍ വിഭാഗത്തിന് മുന്‍ നിരക്കില്‍ നിന്ന് 37 ശതമാനവും പ്ലാന്റ്, ഫാക്ടറി മാനേജര്‍ തസ്തികയില്‍ 38 ശതമാനവുമാണ് വര്‍ധന.
പീസ് റേറ്റഡ് ജോലി ചെയ്യുന്നവര്‍ക്ക് നിലവിലെ ജോലി ഭാരത്തില്‍ വ്യത്യാസം വരുത്താതെ അടിസ്ഥാന വേതനത്തില്‍ 154 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. തൊഴിലാളികളുടെ ക്ഷാമബത്ത നിരക്ക് വര്‍ധിപ്പിച്ചതിനൊപ്പം ഒരു സ്ഥാപനത്തിലോ ഒരു തൊഴിലുടമയുടെ കീഴിലോ മൂന്ന് വര്‍ഷമോ അതിലധികമോ സര്‍വ്വീസ് പൂര്‍ത്തീകരിച്ച ഓരോ തൊഴിലാളിക്കും ഓരോ വര്‍ഷം സേവന കാലയളവിന് പുതുക്കിയ അടിസ്ഥാന വേതനത്തിന്റെ ഒരു ശതമാനം എന്ന നിരക്കില്‍ പരമാവധി 15 ശതമാനം തുക സര്‍വ്വീസ് വെയ്‌റ്റേജും അനുവദിച്ചിട്ടുണ്ട്. നിലവില്‍ ഉയര്‍ന്ന വേതനം ലഭിക്കുന്ന ജീവനക്കാര്‍ക്ക് ഉയര്‍ന്ന നിരക്കില്‍ തുടര്‍ന്നും വേതനത്തിന് അര്‍ഹതയുണ്ടായിരിക്കും. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന മിനിമം വേതനം നിലവിലുള്ള സംസ്ഥാനമാണ് കേരളം. ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 26 തൊഴില്‍ മേഖലകളില്‍ മിനിമം വേതനം പുതുക്കി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
