

ആലപ്പുഴ: ശബരിമല യുവതി പ്രവേശനത്തെ തുടര്‍ന്നുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബിഡിജെഎസ് കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ശബരിമല വിഷയത്തില്‍ ബിഡിജെഎസ് എക്കാലവും വിശ്വാസികള്‍ക്കൊപ്പമാണ്. ഹിന്ദു സംഘടനകളുടെ മാത്രം യോഗം വിളിച്ചുകൂട്ടി നവോത്ഥാന മതില്‍ പണിത സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചു. ശ്രീനാരായണ ഗുരുദേവന്റെ കഴുത്തില്‍ കുരുക്കിട്ട് റോഡിലൂടെ വലിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ ഗുരുദേവനെ മുന്നില്‍ നിറുത്തി നവോത്ഥാന മതില്‍ പണിഞ്ഞത്. ഇതൊരു പ്രായശ്ചിത്തമായി കണക്കാക്കുന്നു. മതില്‍ പണിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി രണ്ട് ആക്ടിവിസ്റ്റ് യുവതികള്‍ക്ക് കേരള പൊലീസ് ഒളിവില്‍ താമസിപ്പിച്ച് മലകയറാനുള്ള പരിശീലനം നല്‍കിയത് പരിഹാസ്യമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
രാജ്യത്തെ കോടിക്കണക്കിന് വിശ്വാസികളെ ബാധിക്കുന്ന ശബരിമല പ്രശ്‌നം അപക്വമായി കൈകാര്യം ചെയ്ത് സങ്കീര്‍ണവും സംഘര്‍ഷഭരിതവുമാക്കിയ സര്‍ക്കാര്‍ വമ്പന്‍ പരാജയമാണെന്ന് തെളിയിച്ചു. സംസ്ഥാനത്തെ ക്രമസമാധാനവും സ്വൈര്യജീവിതവും അമ്പേ തകര്‍ന്നു. ടൂറിസം മേഖല പ്രതിസന്ധിയിലായി. സാമ്പത്തിക തളര്‍ച്ചയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. ഇതിന് ഏക ഉത്തരവാദി സംസ്ഥാന സര്‍ക്കാരും ഇടതുമുന്നണിയുമാണ് തുഷാര്‍ പറഞ്ഞു
ശബരിമല വിഷയത്തില്‍ ഉടനെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണം. തീവ്രവാദക്കേസിലെ പ്രതി അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ജയില്‍മോചനത്തിന് പ്രത്യേക സമ്മേളനം വിളിച്ച് ഏകകണ്ഠമായി പ്രമേയം പാസാക്കിയ സഭയാണ് നമ്മുടേത്. അതിലും എത്രയോ പ്രധാനപ്പെട്ടതാണ് ശബരിമല.
സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് സംഘര്‍ഷങ്ങളാണ് ഇവിടെ നടക്കുന്നത്. ഇടതുസംഘടനകള്‍ക്കൊപ്പം മതതീവ്രവാദികളും പ്രതിഷേധക്കാരെ നേരിടാന്‍ നിരത്തിലിറങ്ങിയത് സ്ഥിതിഗതികള്‍ വഷളാക്കുകയാണ്. ഇത് കേരളത്തിലെ സാമുദായിക സൗഹാര്‍ദത്തിനും ഭീഷണിയായി മാറിക്കഴിഞ്ഞു. നവോത്ഥാന ബാദ്ധ്യത ഹൈന്ദവരുടേത് മാത്രമല്ല. സര്‍ക്കാരും ഇടതുമുന്നണിയും ഇക്കാര്യത്തില്‍ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. പിറവം, കോതമംഗലം പള്ളികളിലെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ കാണിക്കാത്ത ശൗര്യമാണ് സര്‍ക്കാരിന് ശബരിലമലയുടെ കാര്യത്തില്‍. കേരളത്തിലെ മുസ്‌ളീം ദേവാലയങ്ങളില്‍ ബഹുഭൂരിപക്ഷത്തിലും സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന കാര്യം മറച്ചുവെച്ചാണ് ഇക്കൂട്ടര്‍ നവോത്ഥാനം നടപ്പാക്കാനിറങ്ങിയിട്ടുള്ളത്. കന്യാസ്ത്രീകളെ പീഡിപ്പിച്ച ബിഷപ്പിനെ സംരക്ഷിക്കാന്‍ ശ്രമിച്ചവരാണ്ശബരിമല തന്ത്രിയെ ആക്ഷേപിച്ച് ഓടിക്കാന്‍ നോക്കുന്നതെന്നും തുഷാര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates