മദ്യപിച്ച് ബഹളം വെച്ചതിന് കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷന്‍ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

മദ്യപിച്ച് ബഹളം വെച്ചതിന് കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷന്‍ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിപി ഉത്തരവിട്ടു
Published on

കോട്ടയം: പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ തൂങ്ങിമരിച്ച നിലയില്‍. മണര്‍കാട് സ്വദേശി നവാസ് ( 27) ആണ് മരിച്ചത്. ശുചിമുറിയുടെ ജനാലയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിപി ഉത്തരവിട്ടു.

ഇന്നലെ രാത്രിയാണ് നവാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച് ബഹളം വെയ്ക്കുകയും മര്‍ദിക്കുകയും ചെയ്തന്നൊയിരുന്നു ബന്ധുക്കളുടെ പരാതി. തുടര്‍ന്ന് മണര്‍കാട് പൊലീസ്് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

രാത്രിമുഴുവന്‍ സ്റ്റേഷനില്‍ ഇരുത്തിയ നവാസിനെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞ നവാസ് അരമണിക്കൂറിന് ശേഷവും വാതില്‍ തുറന്നില്ല. തുടര്‍ന്ന് സംശയം തോന്നി വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോള്‍ നവാസിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം നവാസിന്റെ മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ച് രംഗത്തുവന്നു. പൊലീസ് കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് സംഭവത്തില്‍  പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയോട് ജില്ലാ പൊലീസ് മേധാവി നിര്‍ദേശിച്ചു.അതേസമയം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. കസ്റ്റഡിമരണങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലെന്ന്് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com