മന്ത്രിയും എസ്പിയും രഹസ്യ ചര്‍ച്ച നടത്തി ; കസ്റ്റഡിമരണ കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് പ്രതിപക്ഷം

നെടുങ്കണ്ടം കസ്റ്റഡി മര്‍ദനത്തെ മുഖ്യമന്ത്രി നിസ്സാരവല്‍ക്കരിക്കുകയാണ്. ഉരുട്ടിക്കൊലയുടെ പൂര്‍ണ ഉത്തരവാദിത്തം എസ്പിക്കാണ്
മന്ത്രിയും എസ്പിയും രഹസ്യ ചര്‍ച്ച നടത്തി ; കസ്റ്റഡിമരണ കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് പ്രതിപക്ഷം
Updated on
1 min read

തിരുവനന്തപുരം : നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസ് അന്വേഷണത്തെ സ്വാധീനിക്കാന്‍ സംസ്ഥാനത്തെ ഒരു മന്ത്രി ഇടപെടുന്നുവെന്ന് പ്രതിപക്ഷം. ഒരു കല്യാണ ചടങ്ങിനിടെ മന്ത്രിയും ആരോപണ വിധേയനായ എസ്പിയും തമ്മില്‍ രഹസ്യ ചര്‍ച്ച നടത്തിയെന്നും കോണ്‍ഗ്രസിലെ ഷാഫി പറമ്പില്‍ എംഎല്‍എ നിയമസഭയില്‍ ആരോപിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ അറിയാതെ ഒരാളെ ഇത്രയും നാള്‍ അനധികൃതമായി കസ്റ്റഡിയില്‍ വെച്ച് മര്‍ദിക്കാനാകില്ല. ഇടക്കിടെ ആളെ കൊല്ലുക എന്നത് പൊലീസിന്റെ രീതിയായി മാറിയിരിക്കുകയാണെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു. 

എന്നാല്‍ ഓരോ മരണത്തിന് ശേഷവും ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി പറയും. ഇതാണോ ഒറ്റപ്പെട്ട സംഭവം. ഇടുക്കി ജില്ലയില്‍ ആഭ്യന്തര വകുപ്പിന് സമാന്തരമായി പ്രവര്‍ത്തിക്കാന്‍ ആരെയെങ്കിലും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്നും ഷാഫി പറമ്പില്‍ ചോദിച്ചു. ഒരു മന്ത്രി ജില്ലയിലെ ആഭ്യന്തരമന്ത്രിയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഷാഫി കുറ്റപ്പെടുത്തി. 

ഇടതുസർക്കാർ അധികാരമേറ്റശേഷം ഏഴ് കസ്റ്റഡി മരണങ്ങൾ ഉൾപ്പടെ 32 മരണങ്ങളാണ് സ്റ്റേഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും എംഎൽഎ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി വിധിയിൽ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നുള്ളതല്ല, പൊലീസ് സ്റ്റേഷനിലേക്ക് വരുന്നവരുടെ വിധി അധോഗതിയായി മാറുന്നു എന്നതാണ് ഇപ്പോള്‍ കേരളത്തിലെ പ്രശ്നമെന്നും ഷാഫി പറമ്പിൽ നിയമസഭയിൽ പറഞ്ഞു. പൊലീസ് പിന്തുടരേണ്ടത് പാർട്ടി കോടതിയുടെ ശൈലിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു കൊടുക്കണം. അതോടെയേ കസ്റ്റഡി മരണങ്ങൾ അവസാനിക്കുകയുള്ളൂ. 

പൊലീസിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് ആവുന്നില്ല. വരാപ്പുഴയിലും നെടുങ്കണ്ടത്തുമെല്ലാം സംഭവിക്കുന്നത് ഇതാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ഏറ്റവുമൊടുവില്‍ നെടുങ്കണ്ടത്ത്  കുടുംബവഴക്കിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ഓട്ടോഡ്രൈവര്‍ ഹക്കീം എന്ന യുവാവിനെ ക്രൂരമര്‍ദനത്തിന് ഇരയാക്കി. മര്‍ദനത്തെത്തുടര്‍ന്ന് ഇയാള്‍ പിടിച്ചുനിന്ന ലോക്കപ്പിന്റെ ഗ്രില്‍ വളഞ്ഞുപോയി. ഇതുനേരെയാക്കാന്‍ ഹക്കീമിന്റെ ഉമ്മയോട് 4000 രൂപയാണ് പൊലീസുകാര്‍ ആവശ്യപ്പെട്ടത്. ഇത്രയും കാശ് ഉണ്ടാക്കാന്‍ കഴിയാതിരുന്ന ഉമ്മ, ഒരു പണിക്കാരനെ വിളിച്ചുവരുത്തി 700 രൂപയ്ക്കാണ് ഗ്രില്‍ നന്നാക്കി കൊടുത്തത്. ഇങ്ങനെ കസ്റ്റഡിയില്‍ ആകുന്നവരില്‍ നിന്നും പണം പിടുങ്ങാനും പൊലീസ് ശ്രമിക്കുകയാണെന്ന് ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി. 

നെടുങ്കണ്ടം കസ്റ്റഡി മര്‍ദനത്തെ മുഖ്യമന്ത്രി നിസ്സാരവല്‍ക്കരിക്കുകയാണ്. ഉരുട്ടിക്കൊലയുടെ പൂര്‍ണ ഉത്തരവാദിത്തം എസ്പിക്കാണ്. കസ്റ്റഡി മരണക്കേസ് അന്വേഷണത്തെ സ്വാധീനിക്കാന്‍ ഒരുമന്ത്രി ഇടപെടുന്നു. രാജ്കുമാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കസ്റ്റഡി മര്‍ദനത്തിന് ഇരയായ ഹക്കീമിന്റെ പരാതിയില്‍ രണ്ട് പൊലീസുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹക്കീം ലോക്കപ്പ് മര്‍ദനത്തിന് ഇരയായത് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഷാഫി പറമ്പില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. എന്നാല്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന്  ഇറങ്ങിപ്പോയി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com