

കൊച്ചി: മരടില്‍ തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച അഞ്ച് ഫ്‌ലാറ്റ് സമുച്ചയങ്ങളിലെ എല്ലാ ഉടമകള്‍ക്കും 25 ലക്ഷം വീതം നഷ്ടപരിഹാരം ലഭിക്കില്ല. രണ്ട് ഉടമകള്‍ക്കു മാത്രമേ ഈ തുക ലഭിക്കൂ. മറ്റുള്ളവര്‍ക്ക് 13 ലക്ഷം മുതല്‍ അര്‍ഹമായ തുക ലഭിക്കും. ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ സമിതിയുടേതാണ് ശുപാര്‍ശ.
രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട ഒരാള്‍ക്കാണ് ഇപ്പോള്‍ 25 ലക്ഷം രൂപ നല്‍കാന്‍ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. മറ്റൊരു ഉടമയ്ക്ക് 15 ലക്ഷം രൂപ നല്‍കാനും ശുപാര്‍ശയുണ്ട്. ആദ്യഘട്ട റിപ്പോര്‍ട്ടിലുള്ളത് 14 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ശുപാര്‍ശയാണ്. ആദ്യഘട്ടത്തില്‍ 2 കോടി 56 ലക്ഷത്തി ആറായിരത്തിത്തൊണ്ണൂറ്റാറ് (2,56,06,096) രൂപ ആകെ നഷ്ടപരിഹാരം നല്‍കണം.
ജെയ്ന്‍ കോറല്‍ കോവ്, ആല്‍ഫാ സെറീന്‍, ഗോള്‍ഡന്‍ കായലോരം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇപ്പോള്‍ നഷ്ടപരിഹാരം നല്‍കുക. ഗോള്‍ഡന്‍ കായലോരത്തിലെ നാല് പേര്‍ക്കും, ആല്‍ഫാ സെറീനിലെ നാല് പേര്‍ക്കും, ജെയ്ന്‍ കോറല്‍ കോവിലെ ആറ് പേര്‍ക്കുമാണ് നഷ്ടപരിഹാരം നല്‍കുക.
അതേസമയം, ഫ്‌ലാറ്റ് ഉടമകള്‍ക്കു നഷ്ടപരിഹാരത്തിനുള്ള നടപടിക്രമങ്ങള്‍ സമിതി നേരത്തെ ലളിതമാക്കിയിരുന്നു. നഷ്ടപരിഹാരം നല്‍കുന്നതിനു സുപ്രീംകോടതി നിര്‍ദേശിച്ച തുക ലഭ്യമാക്കുന്നതിന് അപേക്ഷയോടൊപ്പം സത്യവാങ്മൂലം വേണമെന്ന നിബന്ധനയാണു ഒഴിവാക്കിയത്.
സത്യവാങ്മൂലം വേണമെന്ന നിര്‍ദേശത്തിനെതിരെ ഏതാനും ഫ്‌ലാറ്റ് ഉടമകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണു തീരുമാനം. ഫ്‌ലാറ്റുടമകള്‍ ഉടമസ്ഥാവാകാശം തെളിയിക്കുന്നതിന്റെയും പണം നല്‍കിയതിന്റെയും രേഖകള്‍ ഈ മാസം 17നകം മരട് സെക്രട്ടറിക്കു നല്‍കണം. ഫ്‌ലാറ്റ് നിര്‍മാതാക്കള്‍ പണം വാങ്ങിയതിന്റെ രേഖകളും നഗരസഭയില്‍ ഈ ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണം. നഷ്ടപരിഹാരത്തിന് ഇതുവരെ സമര്‍പ്പിച്ചിട്ടുള്ള രേഖകള്‍ സമിതിക്കു നഗരസഭ കൈമാറുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates