

തിരുവനന്തപുരം: റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ വധിക്കാന്‍ കൃത്യമായ ആസൂത്രണം നടന്നിരുന്നുവെന്നും ഇതു വിദേശത്തും നാട്ടിലുമായാണ് നടന്നതെന്നും പൊലീസിന്റെ നിഗമനം. വിദേശത്തുനിന്നെത്തി കൊല നടത്തിയശേഷം തിരിച്ചു വിദേശത്തേക്കു കടക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യപ്പെട്ടിരുന്നെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
കൊല നടത്തി അടുത്ത ദിവസം തന്നെ ഘാതകന്‍ വിദേശത്തേക്കു കടന്നെന്നാണ് പൊലീസ് കരുതുന്നത്. കൃത്യം നടത്താന്‍ ഗള്‍ഫില്‍നിന്നു വന്നതായി കരുതുന്ന അലിഭായി, സംഭവത്തിന് അഞ്ചു ദിവസംമുമ്പുമാത്രമാണു തലസ്ഥാനത്തെത്തിയത്. കായംകുളം സ്വദേശി അപ്പുണ്ണിയാണു കൊലപാതകത്തിന്റെ പ്ലാന്‍ തയാറാക്കിയത്. ഇവരെ സഹായിക്കാന്‍ സ്ഫടികം ജോസ്, കോടാലി സുരേഷ് എന്നിവരുമുണ്ടായിരുന്നതായി പ്രത്യേകസംഘം സംശയിക്കുന്നു.
കായംകുളം അപ്പുണ്ണിയുടെ നേതൃത്വത്തിലാണു കാറും മറ്റ് സന്നാഹങ്ങളും ഒരുക്കിയത് എന്നാണ് സൂചന. അലിഭായി നാട്ടിലെത്തി രാജേഷിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചശേഷം അപ്പുണ്ണിയുടെ സഹായത്തോടെ കൊല നടത്തുകയായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിട്ടുള്ള്ത്.
ഖത്തറിലെ വ്യവസായിയുടെ ഭാര്യയുമായി രാജേഷ് അടുപ്പം പുലര്‍ത്തിയതിന്റെ പേരിലാണു കൊലപാതകം നടന്നതെന്നു തന്നെയാണ് പൊലീസ് കരുതുന്നത്. രാജേഷിനെ ആക്രമിക്കുമ്പോഴുള്ള ദയനീയരോദനം തന്റെ ഭാര്യയെ ഫോണിലൂടെ കേള്‍പ്പിക്കണമെന്നു വ്യവസായി നിര്‍ദേശം നല്‍കിയിരുന്നതായി ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കൊലപാതകത്തിനു കാരണമായി മറ്റു സൂചനകളൊന്നും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല. അതേസമയം യുവതിയുടെ ഭര്‍ത്താവിന് കൊലയിലുള്ള പങ്ക് ഇനിയും പൊലീസ് സ്ഥിരീകരിച്ചിട്ടുമില്ല.
കൊലപാതകം നടന്ന സമയത്തു രാജേഷും യുവതിയും തമ്മില്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു. അപ്പുണ്ണിയടക്കമുള്ള മറ്റു മൂന്നു പ്രതികള്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയ അന്വേഷണസംഘം അലിഭായി വിദേശത്തേക്കു കടന്നുവെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. അലിഭായി ഉള്‍പ്പെടെ രണ്ടുപേര്‍ക്കായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചെങ്കിലും അതിനുമുമ്പുതന്നെ ഇവര്‍ രക്ഷപ്പെടുകയായിരുന്നു. കൃത്യം നടന്നതിനു രണ്ടു ദിവസം മുമ്പു രാജേഷിനെ അലിഭായി നേരില്‍ കണ്ടിരുന്നാണ് അ്‌ന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.
സ്റ്റുഡിയോയിലെ സി സി ടിവി ദൃശ്യങ്ങളില്‍നിന്നു പൊലീസിനു നിര്‍ണായകവിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഒരു സീരിയല്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടു സഹകരണം അഭ്യര്‍ഥിച്ചാണ് അലിഭായി സ്റ്റുഡിയോയിലെത്തിയത്. രാജേഷിന്റെ മുഖം നേരില്‍ കണ്ട് മനസിലാക്കാനായിരുന്നു ഈ കൂടിക്കാഴ്ചയെന്നാണ് പൊലീസ് സംശയിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates