തൊടുപുഴ: തൊടുപുഴയില്‍ ഏഴുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്ക് എതിരെയും കേസെടുക്കുമെന്ന് പൊലീസ്. മര്‍ദന വിവരം മറച്ചുവച്ചതിന് എതിരെയാണ് കേസെടുക്കുന്നത്. മര്‍ദനത്തിന് കൂട്ടുനിന്നതിലും പ്രതിചേര്‍ക്കും.
അതേസമയം, ഇളയകുട്ടിയെ അമ്മയ്‌ക്കൊപ്പം വിടരുത് എന്ന് ആവശ്യപ്പെട്ട് ശിശു സംരക്ഷണ സമിതി രംഗത്തെത്തി. ഏഴുവയസ്സുകാരന്റെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. പ്രതി അരുണ്‍ കുട്ടികളെ അതിക്രൂരമായാണ് പീഡിപ്പിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
രണ്ടു കുട്ടികളെയും തൊഴിക്കുന്നതും മുഖത്തിടിക്കുന്നതും ഇയാളുടെ വിനോദമായിരുന്നുവെന്നു പൊലീസ് പറയുന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പുപിടിയുള്ള വടിയും അടിക്കാന്‍ ഉപയോഗിച്ചിരുന്നു. ഇതിന്റെ പിടി മുറിഞ്ഞ നിലയിലാണ്. റാസ്‌കല്‍ എന്നാണു കുട്ടികളെ വിളിച്ചിരുന്നത്. മൂത്ത കുട്ടിക്കായിരുന്നു കൂടുതല്‍ മര്‍ദനം. വാ പൊത്തിപ്പിടിച്ചു തല്ലും. സിഗരറ്റ് കുറ്റി കൊണ്ടു പൊള്ളിക്കും. വീട്ടുജോലികളും ചെയ്യിക്കും. കൂടുതല്‍ സമനില തെറ്റുമ്പോള്‍ ഇളയ കുട്ടിയെയും മര്‍ദിക്കും. യുവതി തടയാന്‍ ശ്രമിച്ചാല്‍ കരണത്തടിക്കുന്നതും തൊഴിക്കുന്നതും പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
രാത്രി കുട്ടികളെ ഉറക്കിക്കിടത്തിയ ശേഷം യുവതിക്കൊപ്പം പുറത്തുപോയാല്‍ പുലര്‍ച്ചെയാണു തിരിച്ചെത്തുന്നത്. യുവതിയാണ് കാര്‍ െ്രെഡവ് ചെയ്യുന്നത്. ഒരു മാസം മുന്‍പു മങ്ങാട്ടുകവലയിലെ തട്ടുകടയില്‍ യുവതിക്കും കുട്ടികള്‍ക്കുമൊപ്പം ഇയാള്‍ എത്തിയിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ കുട്ടികളെ അസഭ്യം പറയുകയും അടിക്കാനോങ്ങുകയും ചെയ്തു. നാട്ടുകാര്‍ കൂടിയതോടെയാണ് ഇയാള്‍ സ്ഥലം വിട്ടത്.
യുവതിയെ വീട്ടില്‍ വച്ചും വഴിയില്‍ വച്ചും അരുണ്‍ മര്‍ദിക്കുന്നതിനു പലരും സാക്ഷികളാണ്. കുട്ടികളെ അനാഥാലയത്തിലോ ബോര്‍ഡിങ്ങിലോ ആക്കണമെന്നു അരുണ്‍ പലപ്പോഴും യുവതിയോട് ആവശ്യപ്പെട്ടിരുന്നു.സര്‍വീസിലിരിക്കെ അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് അരുണിന് ബാങ്കില്‍ ആശ്രിതനിയമനം ലഭിച്ചെങ്കിലും ഒരു വര്‍ഷം കഴിഞ്ഞ് ജോലി കളഞ്ഞു. പിന്നെ കുപ്രസിദ്ധ ഗുണ്ടയുമായി ചേര്‍ന്നു മണല്‍ കടത്ത് തുടങ്ങി. ലഹരിമരുന്ന് ഇടപാടുകളിലും പങ്കാളിയായി. 'കോബ്ര' എന്നായിരുന്നു സംഘത്തിനിടയില്‍ അരുണിന്റെ വിളിപ്പേര്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു. കൊലക്കേസ് ഉള്‍പ്പെടെ ഏഴ് കേസുകളിലെ പ്രതിയാണ് ഇയാള്‍. മറ്റു ജില്ലകളില്‍ കേസുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates