മഹാരാജനെ ഹാജരാക്കിയ കോടതിയില്‍ നാടകീയ രംഗങ്ങള്‍, നടപടികള്‍ നിര്‍ത്തിവച്ച് മജിസ്‌ട്രേറ്റ് ഇറങ്ങിപ്പോയി

മഹാരാജനെ ഹാജരാക്കിയ തോപ്പുപടി മജിസ്‌ട്രേറ്റ് കോടതിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്
മഹാരാജനെ ഹാജരാക്കിയ കോടതിയില്‍ നാടകീയ രംഗങ്ങള്‍, നടപടികള്‍ നിര്‍ത്തിവച്ച് മജിസ്‌ട്രേറ്റ് ഇറങ്ങിപ്പോയി
Updated on
2 min read

കൊച്ചി: തമിഴ്‌നാട്ടില്‍നിന്നു പൊലീസ് പിടികൂടിയ കൊള്ളപ്പലിശക്കാരന്‍ മഹാരാജനെ ഹാജരാക്കിയ കോടതി മുറിയില്‍ നാടകീയ രംഗങ്ങള്‍. മഹാരാജനെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് ഉത്തരവായതിനു ശേഷം കൂടുതല്‍ കാര്യങ്ങള്‍ ബോധിപ്പിക്കാനുണ്ടെന്ന പ്രോസിക്യൂട്ടറുടെ ആവശ്യം മജിസ്‌ട്രേറ്റ് അനുവദിച്ചില്ല. ഇതിനെത്തുടര്‍ന്ന് പ്രോസിക്യൂട്ടര്‍ കോടതി മുറിയില്‍ പരസ്യമായി പ്രതിഷേധം അറിയിച്ചു. തുടര്‍ന്ന് മജിസ്‌ട്രേറ്റ് കോടതി നടപടികള്‍ നിര്‍ത്തിവച്ച് ഇറങ്ങിപ്പോയി.

മഹാരാജനെ ഹാജരാക്കിയ തോപ്പുപടി മജിസ്‌ട്രേറ്റ് കോടതിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഇന്നലെ മഹാരാജന് ഒരു ദിവസത്തെ ജാമ്യം അനുവദിച്ച കോടതി ഇന്നു രാവിലെ ഹാജരാക്കാന്‍ ഉത്തവിട്ടിരുന്നു. രാവിലെ തന്നെ മഹാരാജനെ പത്തു ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പൊലീസ് അപേക്ഷ കോടതിയുടെ പരിഗണനയില്‍ വന്നു. 

കസ്റ്റഡി അപേക്ഷ പരിഗണിച്ച കോടതി പ്രതിഭാഗത്തിന്റെ വാദം കേട്ട ശേഷം മഹാരാജനെ പത്തു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയില്‍ വിട്ടു. എന്നാല്‍ ഉത്തരവു വന്നതിനു ശേഷവും ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉന്നയിക്കുകയായിരുന്നു. ഇത് കോടതി അംഗീകരിച്ചില്ല. കേസിന്റെ മെറിറ്റിലേക്ക് ഇപ്പോള്‍ പോകാനാവില്ലെന്നും ഉത്തരവ് നല്‍കിയ സ്ഥിതിക്ക് കൂടുതല്‍ വാദം കേള്‍ക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്നും പ്രോസിക്യൂഷന്‍ വാദം തുടര്‍ന്നതോടെ മജിസ്‌ട്രേറ്റ് നടപടികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പളളുരുത്തി സിഐ കെ.ജി.അനീഷിന്റെ നേതൃത്വത്തിലുളള എട്ടംഗ പൊലീസ് സംഘം മഹാരാജയെന്ന ബ്ലേഡ് രാജാവിനായി തമിഴ്‌നാട്ടില്‍ അന്വേഷണം തുടങ്ങിയത്. അന്വേഷണം തുടങ്ങി രണ്ടാം നാള്‍ തന്നെ മഹാരാജന്‍ കൊച്ചി പൊലീസിന്റെ കണ്ണില്‍പ്പെട്ടു. എന്നാല്‍ മുഴുവന്‍ സമയവും മഹാരാജന് കാവലൊരുക്കി നില്‍ക്കുന്ന ഗുണ്ടാ സംഘം പൊലീസിന് വെല്ലുവിളിയായതോടെ കൈയെത്തും ദൂരത്ത് ആളെ കിട്ടിയിട്ടും അവര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഒരു മാസം മുന്‍പ് മഹാരാജനെ പിടികൂടി കേരളത്തിലേക്ക് കൊണ്ടും വരും വഴി ഉണ്ടായ അക്രമത്തിന്റെ അനുഭവം മുന്നിലുണ്ടായിരുന്നതിനാല്‍ കാത്തിരിക്കാന്‍ തന്നെ അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.

ഒടുവില്‍ ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മഹാരാജനെ ഒറ്റയ്ക്ക് പൊലീസിന് കിട്ടി. ചെന്നൈ വിരുതംപാക്കം നടേശനഗറിലെ മഹാരാജന്റെ സ്വന്തം വീടിനു മുന്നില്‍ വച്ചാണ് ഇയാളെ പൊലീസിന് ഒറ്റയ്ക്ക് കിട്ടിയത്. വാഹനവുമായി പുറത്തു പോയ െ്രെഡവറെ കാത്ത് മഹാരാജന്‍ വീടിന് പുറത്തിറങ്ങുകയായിരുന്നു. പുറത്തെ പൊലീസ് സാന്നിധ്യത്തെ കുറിച്ച് ഇയാള്‍ക്ക് സൂചനയുമുണ്ടായിരുന്നില്ല ബ്ലേഡ് രാജന്.

വീടിനു പുറത്ത് മഫ്തിയില്‍ കാത്തുനിന്ന പൊലീസ് സംഘം ഞൊടിയിടയില്‍ ഇയാളെ കീഴ്‌പ്പെടുത്തി. കുതറിയോടാന്‍ മഹാരാജന്‍ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തില്‍ പൊലീസിനോട് പിടിച്ചു നില്‍ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഒച്ചയിട്ട് ആളെ കൂട്ടാന്‍ നോക്കി. മഹാരാജന്റെ നിലവിളി കേട്ട് വീടിനുളളില്‍ നിന്ന് സ്ത്രീകളടക്കമുളള ഇയാളുടെ ബന്ധുക്കളും ഗുണ്ടകളും ഓടിയെത്തിയതോടെ സ്ഥിതി കൂടുതല്‍ സംഘര്‍ഷാത്മകമായി. ആള്‍ക്കൂട്ടം അക്രമിച്ച് കീഴ്‌പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തത്. പൊലീസിന്റെ പെട്ടെന്നുളള ഈ നീക്കത്തില്‍ പകച്ചു പോയ ഗുണ്ടാ സംഘം ചിതറിയോടി. ഈ ബഹളത്തിനിടെ മഹാരാജനുമായി കെ.ജി അനീഷിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം വാഹനത്തില്‍ കുതിച്ചു.

പൊലീസ് വാഹനത്തെ പിന്തുടര്‍ന്ന് മഹാരാജന്റെ ഗുണ്ടകളും പിന്നാലെയെത്തി. റോഡരികില്‍ ആക്രമിക്കപ്പെട്ടേക്കാമെന്ന നില വന്നതോടെ സമീപത്തെ പൊലീസ് സ്‌റ്റേഷനിലേക്ക് പളളുരുത്തി സിഐയും സംഘവും കയറി സഹായമഭ്യര്‍ഥിച്ചു. ഈ സമയത്ത് മാത്രമാണ് തമിഴ്‌നാട് പൊലീസിന് കേരള പൊലീസിന്റെ ഓപ്പറേഷനെ പറ്റി വിവരം കിട്ടിയത്. തമിഴ്‌നാട്ടിലെ പൊലീസുകാരുമായി മഹാരാജന് അടുത്ത ബന്ധമുണ്ടെന്ന് മനസിലാക്കിയതിനാല്‍ ലോക്കല്‍ പൊലീസ് അറിയാതെയായിരുന്നു കേരള പൊലീസിന്റെ ഓപറേഷന്‍. !ഇതിനിടെ ഡിജിപിയും, ഐജിയും ഉള്‍പ്പെടെയുളള കേരളത്തിലെ ഉന്നത പൊലീസുദ്യോഗസ്ഥര്‍ തമിഴ്‌നാട് പൊലീസിലെ ഉന്നതരുമായി ചര്‍ച്ച നടത്തിയിരുന്നതിനാല്‍ കേരള പൊലീസിന് സംരക്ഷണം നല്‍കാന്‍ തമിഴ്‌നാട് പൊലീസ് നിര്‍ബന്ധിതരുമായി.

പൊലീസ് സംഘത്തെ പിന്തുടര്‍ന്നെത്തിയ ഗുണ്ടകള്‍ ഇതിനിടെ പൊലീസ് സ്‌റ്റേഷന്‍ വളഞ്ഞ് പൊലീസുകാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. കാര്യങ്ങള്‍ കൈവിട്ടു പോയെന്ന് വ്യക്തമായതോടെ മഹാരാജന്‍ പുതിയ നമ്പരിട്ടു. നെഞ്ച് പൊത്തി പിടിച്ച് ഉച്ചത്തില്‍ കരഞ്ഞു. നെഞ്ച് വേദനയാണെന്നും ആശുപത്രിയില്‍ പോകണമെന്നുമായിരുന്നു ആവശ്യം. രക്ഷപ്പെടാനുളള അടവാണെന്ന് കേരള പൊലീസിലെ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമായെങ്കിലും കസ്റ്റഡിയിലുളള പ്രതിയായതിനാല്‍ ആശുപത്രിയിലെത്തിച്ചേ മതിയാകൂ എന്ന തമിഴ്‌നാട് പൊലീസിലെ ഉദ്യോഗസ്ഥരുടെ നിര്‍ബന്ധം മൂലം സമീപത്തെ ആശുപത്രിയിലേക്ക് മഹാരാജനെ കൊണ്ടുപോയി. കനത്ത കാവലിലായിരുന്നു ഈ യാത്ര. രക്തസമ്മര്‍ദത്തില്‍ നേരിയ വ്യതിയാനം മാത്രമേ ഉള്ളൂവെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയതോടെ മഹാരാജന്റെ നാടകം പൊളിഞ്ഞു. അപ്പോഴേക്കും സമയം സന്ധ്യ കഴിഞ്ഞിരുന്നു.

രാത്രിയില്‍ തമിഴ്‌നാട്ടില്‍ തന്നെ മഹാരാജനുമായി തുടരുന്നത് അപകടമാണെന്ന് മനസിലാക്കിയ പൊലീസ് സംഘം തൊട്ടടുത്ത വിമാനം പിടിക്കാനായി ചെന്നൈ വിമാനത്താവളത്തിലേക്ക് കുതിച്ചു. ഈ സമയത്തും ഗുണ്ടാ സംഘം പൊലീസിനെ പിന്തുടര്‍ന്നു. പ്രതിയുമായി വിമാനത്താവളത്തിലെത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിക്കാന്‍ പിന്നെയും സമയമേറെയെടുത്തു. ഈ സമയത്തെല്ലാം പൊലീസിനെ വെല്ലുവിളിച്ചു കൊണ്ട് ഗുണ്ടാ സംഘം വിമാനത്താവള പരിസരത്ത് തുടര്‍ന്നു. ഒടുവില്‍ രാത്രി ഒമ്പതരയോടെ വിമാനത്തവാളത്തിനുളളില്‍ കയറാന്‍ കഴിഞ്ഞപ്പോഴാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ശ്വാസം നേരെ വീണത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com