മാവേലിക്കര ജയിലിലെ മരണം കൊലപാതകമെന്ന് മജിസ്ട്രേട്ട്, നടപടിയില്ല, സിഐയുടെ ജയിൽ സന്ദർശനത്തിലും ദുരൂഹത

ജേക്കബ് തൂവാല തൊണ്ടയിൽ തിരുകി ജീവനൊടുക്കിയെന്നായിരുന്നു പൊലീസിന്റെയും ജയിൽ ഉദ്യോഗസ്ഥരുടെയും വാദം
മാവേലിക്കര ജയിലിലെ മരണം കൊലപാതകമെന്ന് മജിസ്ട്രേട്ട്, നടപടിയില്ല, സിഐയുടെ ജയിൽ സന്ദർശനത്തിലും ദുരൂഹത
Updated on
1 min read

കോട്ടയം : മാവേലിക്കര സ്പെഷൽ സബ് ജയിലിൽ തടവുകാരനെ ശ്വാസംമുട്ടിച്ചു കൊന്നതാണെന്നും കേസെടുത്ത് അന്വേഷിക്കണമെന്നും മജിസ്ട്രേട്ട് റിപ്പോർട്ട് നൽകിയിട്ട് രണ്ടുമാസം കഴിഞ്ഞിട്ടും നടപടിയില്ലെന്ന് ആക്ഷേപം.  ആരോഗ്യ ഇൻഷുറൻസ് തട്ടിപ്പു കേസിൽ അറസ്റ്റിലായ കുമരകം മഠത്തിൽ എം ജെ ജേക്കബ് മാർച്ച് 21നു ജയിലിൽ മരിച്ച സംഭവം അന്വേഷിച്ച് അന്നത്തെ മാവേലിക്കര ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് വിവേജ രവീന്ദ്രൻ മേയ് 10നാണ് റിപ്പോർട്ട് നൽകിയത്. 

ജേക്കബ് തൂവാല തൊണ്ടയിൽ തിരുകി ജീവനൊടുക്കിയെന്നായിരുന്നു പൊലീസിന്റെയും ജയിൽ ഉദ്യോഗസ്ഥരുടെയും വാദം. ഇതു തള്ളിയാണ്, ജേക്കബിന്റെ മരണം അന്വേഷിക്കാൻ മജിസ്ട്രേറ്റ് റിപ്പോർട്ട് നൽകിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ജേക്കബിന്റെ ശരീരത്തിലെ പരുക്കുകൾ, സഹതടവുകാരുടെ മൊഴികളിലെ പൊരുത്തക്കേട്, 2 തടവുകാരുടെ കയ്യിലെ മുറിവുകൾ, ജയിൽ ഉദ്യോഗസ്ഥരുടെ വീഴ്ചകൾ എന്നിവ വിലയിരുത്തിയാണു മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. 

ഇല്ലാത്ത രോഗികളുടെ പേരിൽ 69.45 ലക്ഷം രൂപ തട്ടിയെന്ന മുംബൈ രാം തീർഥ് ലീസിങ് കമ്പനിയുടെ പരാതിയിൽ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്ത ജേക്കബിനെ മാർച്ച് 20നു രാത്രിയാണു ജയിലിലെത്തിച്ചത്. പിറ്റേന്നു രാവിലെ ആറിനു 11–ാം നമ്പർ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തൂവാല തൊണ്ടയിൽ തിരുകി ആത്മഹത്യ ചെയ്യാനാകില്ലെന്നും മരണവെപ്രാള ലക്ഷണങ്ങൾ ശരീരത്തിലുണ്ടെന്നും പോസ്റ്റ്മോർട്ടം നടത്തിയ പൊലീസ് സർജൻ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.

ജയിലിൽ 5 സിസിടിവി ക്യാമറകളുണ്ട്. ജേക്കബിനെ കൊണ്ടുവന്നതു മാർച്ച് 20നു രാത്രി 9.30നാണ്. അന്നു രാത്രി 11.41 മുതൽ 12.04 വരെയും സിസിടിവി പ്രവർത്തിച്ചില്ല. 21നു പുലർച്ചെ 2.22 മുതൽ വീണ്ടും നിശ്ചലമായി. സിസിടിവി തകരാറാണെന്നു 19നും 21നും കത്തയച്ചിട്ടുണ്ട്. രണ്ടു കത്തിലും ഒരേ കയ്യക്ഷരം കണ്ടതിലും സംശയമുയർന്നു. എന്നാൽ സിസിടിവിക്കു കേടില്ലെന്ന് കെൽട്രോൺ കണ്ടെത്തി. ജയിലിലെ വൈദ്യുതി മുടങ്ങിയിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.

മരണത്തിനു മുൻപും പിൻപും സർക്കിൾ ഇൻസ്പെക്ടർ ജയിലിൽ മനു എന്ന തടവുകാരനെ സന്ദർശിച്ചു. തുടർന്ന് മനുവിനെ ജേക്കബിന്റെ സെല്ലിലേക്കു മാറ്റുകയും ചെയ്തിരുന്നു. ഫെബ്രുവരി ഒന്നിനു ജയിലിൽ എത്തിയ മനുവിനെ 23നാണ് സിഐ സന്ദർശിച്ചത്. ജേക്കബിന്റെ മരണശേഷവും സന്ദർശിച്ചു. എന്നാൽ രണ്ടാം സന്ദർശനം ജയിൽ റജിസ്റ്ററിൽ ഇല്ല. മനുവിന്റെയും സുനീഷ് എന്ന തടവുകാരന്റയും കയ്യിൽ കടിയേറ്റ പാടുണ്ട്. ഇതിലൊന്നു ജേക്കബിന്റെ പല്ലിന്റേതെന്നാണ് സംശയം. 

തൂവാല തൊണ്ടയിൽ തിരുകി ആത്മഹത്യ ചെയ്തെന്നാണ് ജയിൽ ജീവനക്കാരുടെ വാദം. ജേക്കബിന്റെ പോക്കറ്റിൽ നിന്നു പരിശോധനാ വേളയിൽ തൂവാല താൻ എടുത്തുവെന്നാണ് അസി. പ്രിസൺ ഓഫിസർ സുജിത്തിന്റെ മൊഴി. പ്രവേശനസമയത്ത് ജേക്കബിനെ പരിശോധിക്കുന്ന സിസിടിവി ദൃശ്യങ്ങളുണ്ട്. എന്നാൽ ഇതിൽ തുവാല സുജിത് എടുക്കുന്നതു കാണാനില്ല.13 തടവുകാരുള്ള സെല്ലിൽ മരണം മറ്റുള്ളവർ അറിഞ്ഞില്ലെന്നാണ് വാദം. അതേസമയം കരച്ചിൽ കേട്ടിരുന്നതായി സമീപ സെല്ലിലെ തടവുകാരൻ കോടതിയിൽ പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com