

കൊച്ചി: എസ് ഹരീഷിന്റെ മീശ എന്ന കൃതിയില്‍ നിന്ന് കുറച്ച് ഭാഗങ്ങള്‍ ഒഴിവാക്കിയാലും അതിന് പ്രശ്‌നമൊന്നും വരുമായിരുന്നില്ലെന്ന് പ്രമുഖ എഴുത്തുകാരന്‍ സേതു. തകഴിക്ക് ശേഷം കുട്ടനാട്ടിലെ ജീവിതം മാത്രമല്ല കീഴാള ജീവിതവും ശക്തമായി പകര്‍ത്തിയ കൃതിയാണ് മീശ. മികച്ച, മഹത്തായ കൃതിയാണത്. പക്ഷേ മറ്റ് പല കാരണങ്ങളാല്‍ മീശക്ക് തെറ്റായ വായനകളുണ്ടായതായി സേതു അഭിപ്രായപ്പെട്ടു. കൃതി സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഴുത്തുകാരന്റെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് രചന. അവനവനില്‍ നിന്നും അവനവന്റെ കാലത്തുനിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് അതിലൂടെ. താന്‍തന്നെ എഴുതിയതാണോ എന്ന് തന്റെ രചനകളെക്കുറിച്ച് സംശയം തോന്നാറുണ്ട്. ഉന്‍മാദാവസ്ഥയിലാണ് എഴുത്തിന്റെ സമയത്ത് എത്തിച്ചേരുന്നതെന്നും സേതു പറഞ്ഞു.
ജോര്‍ജ് ഓര്‍വലിന്റെ 1984 എന്ന കൃതിയില്‍ പറയുന്ന നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഭരണകൂടത്തെക്കുറിച്ചുള്ള ഭാവനകള്‍ ഇന്ന് യാഥാര്‍ഥ്യമായതായി സേതു പറഞ്ഞു. സാഹിത്യ രചനകള്‍ക്ക് പ്രവചന സ്വഭാവം വരുമ്പോള്‍ അത് വലിയ എഴുത്താവുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 1949ല്‍ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള സമയത്താണ് ഓര്‍വല്‍ 1984 രചിക്കുന്നത്. ഇന്ന് അതിലെ ഭരണകൂടത്തെ ഓര്‍മിപ്പിക്കുന്ന കാര്യങ്ങളാണ് ഇന്ത്യയും അമേരിക്കയുമടക്കമുള്ള നാടുകളില്‍ നടക്കുന്നത്. കാമറകളിലൂടെയും അല്ലാതെയും സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭരണകൂടം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയുണ്ടെന്ന് സേതു പറഞ്ഞു.
എഴുത്ത് എല്ലാ കാലത്തും പുതു എഴുത്തായിരുന്നു. ബഷീറും തകഴിയും പൊന്‍കുന്നം വര്‍ക്കിയും എഴുതിയിരുന്ന കാലത്ത് അവരുടെ എഴുത്ത് പുതിയ എഴുത്തായിരുന്നു. ഏറ്റവും വലിയ പുത്തന്‍ എഴുത്തുകാരനാണ് ബഷീര്‍. സാഹിത്യകാരനെന്ന നിലയില്‍ താന്‍ നേരിടുന്ന വെല്ലുവിളി തന്നെ പുതുക്കി നിര്‍ത്തലാണെന്നും സേതു പറഞ്ഞു. എല്ലാ കാലത്തും നല്ല വായനയുണ്ടായിരുന്നു. ഓരോ കാലത്തും നല്ല കൃതികളുണ്ടാവുന്നു.
എഴുത്തുകാര്‍ക്ക് ലോകബോധം ആവശ്യമാണെന്നു ചര്‍ച്ചയില്‍ സംസാരിച്ച സി രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. താന്‍ എഴുത്തുകാരനല്ല മനുഷ്യനാണെന്ന നിലയില്‍ നില്‍ക്കുകയാണ് എഴുത്തുകാര്‍ ചെയ്യേണ്ടത്. അംഗീകാരം ആവശ്യമുള്ള കാര്യമായാണ് തോന്നുന്നത്.എഴുത്തുകാര്‍ക്ക് അംഗീകാരം പ്രോല്‍സാഹനം നല്‍കും. 22ാംവയസ്സില്‍ തനിക്ക് ലഭിച്ച സാഹിത്യ അക്കാദമി പുരസ്‌കാരം പിന്നീടങ്ങോട്ട് ഊര്‍ജം നല്‍കിയിരുന്നതായും സി രാധാകൃഷ്ണന്‍ സ്മരിച്ചു. പണത്തിന്റെ ശക്തിയല്ല പുരസ്‌കാരത്തിന്റെ ശക്തിയെന്ന് എഴുത്തുകാര്‍ ശ്രദ്ധിക്കണം. പെരുമാള്‍ മുരുഗന്റെ പുസ്തകം തമിഴില്‍ ഇറങ്ങിയപ്പോള്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. അതിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങിയതോടെയാണ് പ്രശ്‌നങ്ങളുണ്ടായത്. തമിഴ് വായനക്കാര്‍ നോവലില്‍ പറയുന്ന കാര്യങ്ങളെ ചുറ്റും നടന്നുപോരുന്ന സ്വാഭാവിക കാര്യങ്ങളായി കണ്ടു. എന്നാല്‍ തല്‍പരകക്ഷികള്‍ പുസ്തകത്തിനെതിരെ പ്രശ്‌നമുണ്ടാക്കുകയായിരുന്നെന്നും സി രാധാകൃഷ്ണന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates