തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെൻഷൻ കാലാവധി നീട്ടി. 90 ദിവസത്തേക്ക് സസ്പെൻഷൻ നീട്ടാൻ മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്. മാധ്യമ പ്രവർത്തകൻ കെഎം ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് ആറ് മാസത്തേക്ക് ശ്രീറാമിനെ സസ്പെൻഡ് ചെയ്തത്. ഇതിന്റെ കാലാവധി ഫെബ്രുവരി നാലിന് അവസാനിക്കാനിരിക്കെയാണ് നടപടി. ഓഗസ്റ്റ് അഞ്ചിനാണ് ശ്രീറാം വെങ്കിട്ടരാമനെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുക്കണമെന്ന് ഉദ്യോഗസ്ഥ സമിതി കഴിഞ്ഞ ദിവസം ശുപാർശ ചെയ്തിരുന്നു. കുറ്റപത്രം വൈകുന്നതിനാൽ ആറ് മാസത്തിൽ കൂടുതൽ സസ്പെൻഷനിൽ നിർത്താനാവില്ലെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി വ്യക്തമാക്കിയിരുന്നു. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയടക്കമുള്ള ഉന്നതോദ്യോഗസ്ഥരാണ് സമിതിയിലുള്ളത്. ശുപാർശ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ കാലാവധി നീട്ടിയത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് മൂന്നിന് രാത്രിയാണ് കെഎം ബഷീർ തിരുവനന്തപുരം മ്യൂസിയത്തിന് സമീപം കാറിടിച്ച് കൊല്ലപ്പെട്ടത്. മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത പ്രഥമവിവര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശ്രീറാമിനെ സസ്പെൻഡ് ചെയ്തത്. അപകട സമയത്ത് ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്താണ് കാറോടിച്ചത് എന്നായിരുന്നു ശ്രീറാമിന്റെ നിലപാട്. ചീഫ് സെക്രട്ടറിക്ക് നൽകിയ വിശദീകരണത്തിലും ഇക്കാര്യം അദ്ദേഹം വ്യക്തമാക്കി. അപകട സമയത്ത് മദ്യപിച്ചിരുന്നെന്ന ആരോപണവും നിഷേധിച്ചു. രക്ത പരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്നും ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു.
ഫൊറൻസിക് റിപ്പോർട്ട് വൈകുന്നതിനാലാണ് കുറ്റപത്രവും വൈകുന്നത് എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates