

കൊച്ചി : എല്ലാ വിഭാഗം ജനങ്ങളിലേക്കും ഇറങ്ങിചെല്ലുന്നതും, എല്ലാവര്‍ക്കും പ്രാപ്തമാകുന്നതുമായ ഭരണമാണ് നല്ല ഭരണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. ഇത് ജനങ്ങളുടെ അവകാശമാണ്. എന്നാല്‍ ഈ അവകാശം പലപ്പോഴും ലംഘിക്കപ്പെടുകയാണ്. ഇത് നീതിനിഷേധമാണെന്ന് വിഎസ് അഭിപ്രായപ്പെട്ടു. ഭരണപരിഷ്‌കാര കമ്മീഷന്റെ പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎസ് അച്യുതാനന്ദന്‍.
മുതിര്‍ന്ന പൗരന്മാരെ എഴുതിതള്ളേണ്ടവരല്ല. അവരുടെ ക്ഷേമം മാത്രമല്ല നാം പരിഗണിക്കേണ്ടത്. വിവിധ മേഖലകളില്‍ അനുഭവ സമ്പന്നരായ ഇവരെ സമൂഹത്തില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയണം. സമൂഹത്തില്‍ ഇച്ഛാശക്തിയായി മാറാന്‍ ഇവര്‍ക്ക് കഴിയുമെന്നും വി എസ് പറഞ്ഞു.
മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തെക്കുറിച്ച് പഠിക്കാന്‍ നിയമസഭാ സമിതിയുണ്ട്. വിവിധ ജില്ലകളില്‍ അവര്‍ തെളിവെടുപ്പ് നടത്തി. വയോജന വകുപ്പ് രൂപവല്‍ക്കരണം, ചികില്‍സാ സൗജന്യങ്ങള്‍ പകല്‍വീട് തുടങ്ങിയ നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നും വിഎസ് വ്യക്തമാക്കി.
തുല്യ നീതി ഉറപ്പാക്കപ്പെടാതെ പോകുമ്പോഴാണ് ഒരു വിഭാഗം ജനങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നത്. ദലിതര്‍, സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, അംഗപരിമിതര്‍, ആദിവാസികള്‍, ഭിന്നലിംഗക്കാര്‍ എന്നീ പാര്‍ശ്വവത്കരിക്കപ്പെടുന്നവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്താന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ കൊണ്ടുവരാറുണ്ട്. എന്നാല്‍ ആ പദ്ധതികള്‍ അര്‍ഹരായവരില്‍ എത്തുന്നുണ്ടോ എന്നതാണ് പ്രശ്‌നം. ഭരണ സംവിധാനം കാലാകാലങ്ങളില്‍ വിലയിരുത്തുകയും അതില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കുകയും പ്രാവര്‍ത്തികമാക്കുകയും വേണമെന്നും വിഎസ് നിര്‍ദേശിച്ചു.
ചടങ്ങില്‍ ഭരണപരിഷ്‌കാര കമ്മിഷന്‍ അംഗങ്ങളായ സി.പി. നായര്‍, നീലാ ഗംഗാധരന്‍, മെമ്പര്‍ സെക്രട്ടറി ഷീല തോമസ്, അഡീഷണല്‍ സെക്രട്ടറി ടി.പി. ബാബു, എറണാകുളം ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുള്ള, ജസ്റ്റിസ് കെ. സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates