തിരുവനന്തപുരം : തൊഴിലാളി സമരത്തോട് നിഷേധാത്മക നിലപാടു സ്വീകരിക്കുന്ന മുത്തൂറ്റ് ഫിനാന്‍സിനെ ബഹിഷ്‌കരിക്കണമെന്ന് മുന്‍മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. മുത്തൂറ്റിന്റെ തൊഴിലാളി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കേരള ജനതയോടുള്ള വെല്ലുവിളിയാണ്. രാജ്യത്തെ നിയമങ്ങള്‍ പാലിക്കാത്ത സ്ഥാപനത്തെ എല്ലാത്തരത്തിലും സര്‍ക്കാര്‍ ബഹിഷ്‌കരിക്കണം. മുത്തൂറ്റ് പോയാലും സംസ്ഥാനത്തെ മറ്റ് സ്ഥാപനങ്ങള്‍ കേരളം വിടില്ല. മുത്തൂറ്റിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.
ശമ്പള വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് മുത്തൂറ്റ് ജീവനക്കാര്‍ നാളുകളായി സമരത്തിലാണ്. തൊഴിലാളികളുടെ സമരം അവസാനിപ്പിക്കാന്‍ തൊഴില്‍മന്ത്രി കഴിഞ്ഞ ദിവസം മാനേജ്‌മെന്റും തൊഴിലാളി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ശമ്പള വര്‍ധനവ് നടപ്പാക്കാനാവില്ലെന്ന നിലപാടില്‍ മുത്തൂറ്റ് എംഡി ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച പൊളിഞ്ഞത്.
സമരം തുടര്‍ന്നാല്‍ സംസ്ഥാനത്തെ എല്ലാ ശാഖകളും പൂട്ടുന്ന കാര്യവും ആലോചിക്കുമെന്ന് എംഡി ജോര്‍ജ് മുത്തൂറ്റ് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. അതിനിടെ തൊഴിലാളികളുടെ സമരം സിഐടിയു ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്. മുത്തൂറ്റ് സ്ഥാപനങ്ങളില്‍ നടക്കുന്ന തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് മുത്തൂറ്റിന്റെ 10 ശാഖകളാണ് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ജോലിക്കെത്തുന്നവര്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
സമരം ചെയ്യുന്നവര്‍ക്ക് നിയമാനുസൃതമായി സമരം ചെയ്യാമെന്നും കോടതി വ്യക്തമാക്കി. ശാഖകളില്‍ പുറത്തുനിന്നുള്ളവരെ ഉപയോഗിച്ച് ജോലി ചെയ്യിക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഓരോ ശാഖകളിലുമുള്ള ജീവനക്കാര്‍ മാത്രമേ അതത് ബ്രാഞ്ചുകളില്‍ ജോലിയെടുക്കുന്നുള്ളൂ എന്ന് മാനേജ്‌മെന്റ് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates