'മുന്നോട്ടു വരൂ, നിങ്ങളെ കേരളത്തിനാവശ്യമുണ്ട്'; കൊറോണയിലും കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി

സംസ്ഥാനത്ത് പടര്‍ന്നുപിടിച്ചിരിക്കുന്ന കൊറോണ വൈറസ് ബാധ തടയുന്നതിന് ആവശ്യമായ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍
'മുന്നോട്ടു വരൂ, നിങ്ങളെ കേരളത്തിനാവശ്യമുണ്ട്'; കൊറോണയിലും കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് പടര്‍ന്നുപിടിച്ചിരിക്കുന്ന കൊറോണ വൈറസ് ബാധ തടയുന്നതിന് ആവശ്യമായ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍. പ്രളയം, നിപ്പ പോലെ കഴിഞ്ഞ വര്‍ഷങ്ങളില്‍ സംസ്ഥാനം നേരിട്ട വെല്ലുവിളികളെ അതിജീവിക്കാന്‍ ജനങ്ങള്‍ നല്‍കിയ പിന്തുണ കൊറോണ വൈറസ് വ്യാപനം തടയുന്നതിനും നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.

അതിനായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സന്നദ്ധ സംഘടനയില്‍ https://bit.ly/2TEhVPK എന്ന വെബ്‌സൈറ്റ് വഴിയോ, +91 9400 198 198 എന്ന നമ്പറില്‍ മിസ് കോള്‍ ചെയ്‌തോ എത്രയും പെട്ടെന്നു തന്നെ രജിസ്റ്റര്‍ ചെയ്യുക. ആവശ്യമായ ട്രെയിനിംഗിനും വേണ്ട തയ്യാറെടുപ്പുകള്‍ക്കും ശേഷം മാത്രമായിരിക്കും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുകയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വിശദമാക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പ്രളയമാകട്ടെ, നിപ്പയാകട്ടെ, കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടയില്‍ നേരിട്ട ഓരോ വെല്ലുവിളിയും മറികടന്ന് സര്‍ക്കാരിനു മുന്നോട്ടു പോകാന്‍ സാധിച്ചത് ജനങ്ങള്‍ നല്‍കിയ പിന്തുണയും പങ്കാളിത്തവും കാരണമാണ്. ഒരു പ്രതിസന്ധിക്കും മുന്നിലും ഭയചകിതരാകാതെ സ്വന്തം സമൂഹത്തിന്റെ നന്മയെക്കരുതി ആയിരങ്ങളാണ് സഹായഹസ്തങ്ങളുമായി ആ സന്ദര്‍ഭങ്ങളില്‍ മുന്നോട്ടു വന്നത്. അവരുടെ ത്യാഗമാണ് സര്‍ക്കാരിനു മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട ആത്മവിശ്വാസവും പ്രചോദനവും നല്‍കിയത്.

ഇന്ന് വീണ്ടും അത്തരമൊരു സാഹചര്യം നമുക്കു മുന്‍പില്‍ ഉരുത്തിരിഞ്ഞിരിക്കുന്നു. ലോകമൊട്ടാകെ ഭീതി പരത്തിക്കൊണ്ടു പടരുന്ന കോവിഡ്19 വൈറസ് ബാധ കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഈ അവസരത്തില്‍ നമ്മുടെ സര്‍ക്കാര്‍-ആരോഗ്യസംവിധാനങ്ങള്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയ്യാറായി നില്‍ക്കുന്നവര്‍ സധൈര്യം മുന്നോട്ട് വന്നു സര്‍ക്കാരിനൊപ്പം കൈകള്‍ കോര്‍ക്കണമെന്നും, നമ്മുടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കണമെന്നും ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. അതിനായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സന്നദ്ധ സംഘടനയില്‍ https://bit.ly/2TEhVPK എന്ന വെബ്‌സൈറ്റ് വഴിയോ, +91 9400 198 198 എന്ന നമ്പറില്‍ മിസ് കാള്‍ ചെയ്‌തോ എത്രയും പെട്ടെന്നു തന്നെ രജിസ്റ്റര്‍ ചെയ്യുക. ആവശ്യമായ ട്രെയിനിംഗ് നല്‍കിയതിനും വേണ്ട തയ്യാറെടുപ്പുകള്‍ക്കും ശേഷം മാത്രമായിരിക്കും പ്രവര്‍ത്തനങ്ങളില്‍ നിങ്ങളെ പങ്കാളികളാക്കുന്നത്.

വെല്ലുവിളികള്‍ക്കു മുന്നില്‍ പിന്തിരിഞ്ഞോടിയ ചരിത്രം നമുക്കില്ല. ഇച്ഛാശക്തിയോടെ നമ്മളവയെ മറികടന്നിട്ടേ ഉള്ളൂ. എല്ലാവരും അഭിപ്രായഭിന്നതകളൊക്കെ മാറ്റി വച്ച് ഒരുമിക്കേണ്ട സമയമാണിത്. സന്നദ്ധതയോടെ മുന്നോട്ടു വരൂ, നിങ്ങളെ കേരളത്തിനാവശ്യമുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com