കൊച്ചി: ഡൽഹിയിൽ നിന്ന് ദേശീയ നേതാക്കൾ കേരളത്തിലെത്തുമ്പോൾ അവരുടെ ഹിന്ദി, ഇംഗ്ലീഷ് പ്രസംഗങ്ങൾ തത്സമയം മൊഴിമാറ്റാറുണ്ട്. മലയാളത്തിൽ തത്സമയം പറയാൻ കേരളത്തിലുള്ള നേതാക്കളാണ് വേദിയിലുണ്ടാകാറുള്ളത്. പലപ്പോഴും നേതാക്കൾ ഉദ്ദേശിക്കാത്ത കാര്യങ്ങൾ പറഞ്ഞ് ചില വിവർത്തകർ പുലിവാൽ പിടിക്കാറുണ്ട്. ചിലരാകട്ടെ ആവേശം കയറി അതിന്റെ രൂക്ഷത കൂട്ടി വിവാദത്തിലും പെടാറുണ്ട്. ചിലരുടെ മൊഴിമാറ്റം ചിരിക്കുള്ള വകയും സമ്മാനിക്കാറുണ്ട്.
ഇപ്പോഴിതാ കോൺഗ്രസ് നേതാവും പറവൂർ എംഎൽഎയുമായ വിഡി സതീശന്റെ പ്രസംഗ പരിഭാഷയാണ് ചിരിപടർത്തിയത്. കോൺഗ്രസ് സമ്മേളനത്തിനായി ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി കൊച്ചിയിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പ്രസംഗം തർജമ ചെയ്തത് വിഡി സതീശനായിരുന്നു. എന്നാൽ ശബ്ദ സംവിധാനത്തിലെ പാളിച്ചയെ തുടർന്ന് പ്രസംഗവും പരിഭാഷയും പലപ്പോഴും തടസപ്പെട്ടു.
സദസിന്റെ ഒരറ്റത്ത് രാഹുലും മറ്റേ അറ്റത്ത് സതീശനും നിന്നാണ് പ്രസംഗം തുടങ്ങിയത്. എന്നാൽ വേദിയുടെ നീളവും മറ്റും ചില വാക്കുകൾ കേൾക്കുന്നതിന് തടസമായതോടെ പരിഭാഷ പലപ്പോഴും മുറിഞ്ഞു. ഇതോടെ ശശി തരൂർ എംപിയടക്കമുള്ളവർ കാര്യമന്വേഷിച്ചു. സദസിന് സമീപത്ത് വച്ച മോണിറ്റർ ശരിയാക്കാനുള്ള ശ്രമം അതിനിടെ സതീശൻ നടത്തി. എന്നിട്ടും ശരിയായില്ല.
നരേന്ദ്ര മോദി നടപ്പാക്കിയ ജിഎസ്ടി പരാജയമാണെന്ന് പറഞ്ഞ ഘട്ടത്തിൽ വിഡി സതീശന്റെ പരിഭാഷ വന്നില്ല. ഇതോടെ രാഹുൽ സതീശനോട് തന്റെ അടുത്ത് വന്ന് നിൽക്കാൻ ആവശ്യപ്പെട്ടു. തൊട്ടടുത്തേക്ക് മൈക്കുമായെത്തിയ സതീശന് രാഹുല്‍ പറയുന്നത് കേള്‍ക്കാനായില്ല. വീണ്ടും പരിഭാഷ തടസപ്പെട്ടപ്പോള്‍ പറഞ്ഞ വാക്യങ്ങള്‍ സതീശനു വേണ്ടി രാഹുല്‍ ആവര്‍ത്തിച്ചു. വീണ്ടും കേള്‍ക്കാതായപ്പോള്‍ സതീശന്‍ ആദ്യം നിന്നിരുന്നിടത്ത് തന്നെ പോയി പരിഭാഷ തുടര്‍ന്നു.
വീണ്ടും പരിഭാഷ തടസ്സപ്പെട്ടതോടെ രാഹുല്‍ നിര്‍ബന്ധപൂര്‍വം സതീശനോട് തനിക്കരികിലേക്ക് വരാന്‍ നിര്‍ദേശിച്ചു. രണ്ട് മൈക്കുകളില്‍ ഒന്ന് സതീശന് നേരെ തിരിച്ചുവെച്ച് പ്രസംഗം പുനഃരാരംഭിച്ചു.
തൊട്ടടുത്ത് നിന്നപ്പോഴും ഒരു സ്ഥലത്ത് സതീശന് പിഴച്ചു. പിണറായി സർക്കാർ പാർട്ടിക്കാർക്ക് മാത്രം സഹായം ചെയ്യുകയാണെന്ന പരാമർശത്തിനിടെയായിരുന്നു ഇത്തവണ. ഈ ഘട്ടത്തിൽ സതീശനെ തോളത്ത് തട്ടി രാഹുൽ ആശ്വസിപ്പിച്ചു. കേൾക്കാതെ പോയ ആ വാക്ക് വീണ്ടും രാഹുലിനെ കൊണ്ട് പറയിച്ച് സതീശൻ പരിഭാഷ പൂർത്തിയാക്കി.
രാഹുലിന്റെ പ്രസംഗം കഴിഞ്ഞയുടനെ തടസം നേരിട്ടത് സദസില്‍ നിന്നുള്ള ശബ്ദം കാരണം കേള്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണെന്ന് സതീശന്‍ രാഹുലിനോട് പറഞ്ഞു. ഇക്കാര്യം രാഹുൽ തന്നെ സദസിനോട് പറഞ്ഞു. സങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് പലപ്പോഴും പ്രസംഗം മുറിഞ്ഞതെന്നും സതീശൻ നന്നായി തന്നെ പരിഭഷപ്പെടുത്തിയതായും അദ്ദേഹത്തിന് നല്ലൊരു കൈയടി നൽകണമെന്നും രാഹുൽ സദസിനോട് ആവശ്യപ്പെട്ടു. പ്രവർത്തകർ നല്ല രീതിയിൽ തന്നെ കൈയടിച്ച് എംഎൽഎയെ അഭിനന്ദിക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates