മുൻകൂട്ടി ബുക്കിങ് വഴി മീൻ വാങ്ങാം; പുതിയ ആപ്പുമായി ഫിഷറീസ് വകുപ്പ് 

പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക്  ശനിയാഴ്ച മുതൽ മീൻപിടിക്കാം.  കൊറോണ ബാധിതർ കൂടുതലുള്ള കാസർകോട് ജില്ലയിൽ ഇളവ് ബാധകമല്ല
മുൻകൂട്ടി ബുക്കിങ് വഴി മീൻ വാങ്ങാം; പുതിയ ആപ്പുമായി ഫിഷറീസ് വകുപ്പ് 
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക്  ശനിയാഴ്ച മുതൽ മീൻപിടിക്കാം.  നിയന്ത്രണങ്ങളോടെയാണ് മത്സ്യബന്ധനത്തിന് അനുമതി നൽകിയിട്ടുള്ളതെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. ഭക്ഷ്യസുരക്ഷയും മത്സ്യത്തൊഴിലാളികളുടെ തൊഴിലും ഉറപ്പാക്കാനാണിത്. എന്നാൽ കൊറോണ ബാധിതർ കൂടുതലുള്ള കാസർകോട് ജില്ലയിൽ ഇളവ് ബാധകമല്ല.

ട്രോളിങ് ബോട്ടുകൾ, കമ്പവല, തട്ടമടി തുടങ്ങിയ വഴിയുള്ള മീൻപിടിത്തം പൂർണമായും നിരോധിച്ചു. പിടിക്കുന്ന മീൻ ലേലംകൂടാതെ വിൽക്കാനും അനുമതി നൽകിയിട്ടുണ്ട്. മീനിന്റെ വില നിശ്ചയിക്കുക കളക്ടർ ചെയർമാനായ ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റികളായിരിക്കും. മീൻലഭ്യതയനുസരിച്ച് ഓരോ ദിവസവും വില പുതുക്കിനിശ്ചയിക്കും. ജില്ലകളിലെ പ്രധാന ഹാർബറിൽ നിശ്ചയിക്കുന്ന വിലയായിരിക്കും അതത് ജില്ലകളിൽ ഈടാക്കുക.

മൊത്തക്കച്ചവടക്കാർക്കും ചെറുകിട കച്ചവടക്കാർക്കും മുൻകൂട്ടിയുള്ള ബുക്കിങ് വഴി മീൻ വാങ്ങാം. ബുക്കിങ്ങിന് ഫിഷറീസ് വകുപ്പ് പുതിയ ആപ്പ് തയ്യാറാക്കി. ബുക്കിങ് മുൻഗണനാക്രമത്തിൽ ഹാർബറുകളിൽനിന്ന് വാഹനങ്ങളിൽ മീൻ വാങ്ങാം. മീൻപിടിത്ത തുറമുഖങ്ങളിലും ലാൻഡിങ് സെന്ററുകളിലും തിക്കുംതിരക്കും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ചെറുകിട വിൽപ്പനക്കാർക്ക് മാർക്കറ്റ് പോയന്റുകൾ നിശ്ചയിച്ചുനൽകി അവർക്കാവശ്യമായ മീൻ മത്സ്യഫെഡ് എത്തിക്കും. ആവശ്യമുള്ള മീനിന്റെ അളവ് ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റികളെ മുൻകൂട്ടി അറിയിക്കണം. മീൻവിൽപ്പനയിലൂടെ കിട്ടുന്ന തുക നേരിട്ട് തൊഴിലാളികളുടെ അക്കൗണ്ടിലേക്കു നൽകും.

ഹാർബറുകളിലും മാർക്കറ്റുകളിലും കൃത്യമായ സാമൂഹിക അകലം പാലിക്കണം. ലാൻഡിങ് സെന്ററുകളിൽ തിരക്ക് ഒഴിവാക്കാൻ ഫിഷറീസ്, പൊലീസ്, റവന്യൂ, മത്സ്യഫെഡ് ഉദ്യോഗസ്ഥർക്കാണ്‌ ചുമതല. മത്സ്യചന്തകൾ രാവിലെ ഏഴുമുതൽ 11 വരെ പ്രവർത്തിക്കും. മീൻ വാങ്ങാനെത്തുന്നവർ ഒരു മീറ്റർ അകലം പാലിക്കണം. നിയന്ത്രണം ലംഘിക്കുന്ന സെന്ററുകളും മാർക്കറ്റുകളും അടയ്ക്കും. തൊഴിലാളികളെ നിയന്ത്രണങ്ങൾ അറിയിക്കാൻ കളക്ടറുടെ നേതൃത്വത്തിൽ രണ്ടുദിവസം യോഗങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com