

തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള മൂന്നാംഘട്ട ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ സംസ്ഥാനത്ത് നാളെ മുതല്‍ ആരംഭിക്കും. നാളെ മുതല്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ വിഷയങ്ങളില്‍ ക്ലാസ്സുണ്ടാകും. കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പിടിച്ചിരുത്താന്‍ പഠനരീതി അടിമുടി പരിഷ്‌കരിക്കാനും വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്.
കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസിനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങളില്‍ ഹൈക്കോടതി വ്യാഴാഴ്ച തൃപ്തി രേഖപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച മുന്നൊരുക്കങ്ങളില്‍ തൃപ്തി അറിയിച്ച കോടതി ഓണ്‍ലൈന്‍ ക്ലാസുകളുമായി ബന്ധപ്പെട്ട ഹര്‍ജികളും തീര്‍പ്പാക്കി. നേരത്തെ ഓണ്‍ലൈന്‍ ക്ലാസുകളുടെ തുടക്കത്തില്‍ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ ടിവി പോലുളള സൗകര്യങ്ങളില്ലാത്ത വീടുകള്‍ ചൂണ്ടിക്കാണിച്ചാണ് ആക്ഷേപം ഉന്നയിച്ചത്. ഇതിന് പിന്നാലെ കുട്ടികള്‍ക്ക് പഠനത്തിന് സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു.
89 കുട്ടികള്‍ക്കാണ് ഇനി സൗകര്യങ്ങളൊരുക്കാനുള്ളത്. ഇവര്‍ക്കും ഏറ്റവും അടുത്ത സമയത്ത് തന്നെ സൗകര്യങ്ങളൊരുക്കുമെന്നും സര്‍ക്കാര്‍ വ്യാഴാഴ്ച കോടതിയില്‍ വ്യക്തമാക്കി. സൗകര്യം ഇല്ലാത്ത കുട്ടികളില്‍ ഭൂരിഭാഗവും വിദൂര ആദിവാസി മേഖലകളില്‍ നിന്നുള്ളവരാണ്. ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ എത്തിക്കും. ഇവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ റെക്കോര്‍ഡ് ചെയ്തു എത്തിക്കും. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിനുള്ള സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കാന്‍ പ്രധാന അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ഓണ്‍ലൈന്‍ പഠനത്തില്‍ ആദ്യ ഘട്ടത്തിലെ കൗതുകം കുട്ടികളില്‍ ഇപ്പോഴില്ല എന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പിടിച്ചിരുത്താന്‍ പഠനരീതി അടിമുടി പരിഷ്‌കരിക്കാനും വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്.ക്ലാസിലോ തുടര്‍പ്രവര്‍ത്തനങ്ങളിലോ പങ്കെടുക്കുന്നവരുടെ എണ്ണം കുറയുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വൈദ്യുതി, നെറ്റ്‌വര്‍ക്ക് തകരാര്‍ മൂലം പലയിടത്തും ക്ലാസുകള്‍ കൃത്യമായി പിന്തുടരാന്‍ കഴിയുന്നില്ല. പല ബൗദ്ധിക നിലവാരത്തിലുള്ള കുട്ടികള്‍ക്ക് ഒരേ അളവില്‍ പാഠഭാഗങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പ്രശ്‌നവുമുണ്ട്.
അധ്യയന വര്‍ഷം മുഴുവന്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരേണ്ടി വന്നാല്‍ ഇത്തരം പ്രശ്‌നങ്ങളെ മറികടക്കാനുള്ള പദ്ധതികളാണു വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. അധ്യാപകരുടെ ഇടപെടല്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പ്രത്യേക പരിശീലനം നല്‍കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കു പുറമേ, കുട്ടികള്‍ക്കു വര്‍ക്ക്ഷീറ്റുകള്‍ വീട്ടിലെത്തിച്ചു നല്‍കുന്ന ഓഫ്‌ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്കും സമഗ്രശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates