

ഒന്നരവര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് ഓളമുണ്ടാക്കിയ എംഎല്‍എയാണ് വട്ടിയൂര്‍ക്കാവിലെ വി കെ പ്രശാന്ത്. തിരുവനന്തപുരത്തിന്റെ മേയര്‍ ബ്രോയില്‍ നിന്ന് എംഎല്‍എ ബ്രോയിലേക്കുള്ള പകര്‍ന്നാട്ടം അനായാസം നടത്തിയ നേതാവ്. കെ മുരളീധരന്‍ സുരക്ഷിതമായി കൊണ്ടുനടന്ന മണ്ഡലം അദ്ദേഹം ലോക്‌സഭയിലേക്ക് പോയതോടെ വി കെ പ്രശാന്തിനെ ഉപയോഗിച്ച് സിപിഎം പിടിച്ചെടുത്തു.
കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായിരുന്ന മണ്ഡലം തിരിച്ചുപിടിക്കുക എന്ന ഒറ്റലക്ഷ്യവുമായി യുഡിഎഫ് പലമുഖങ്ങളിലൂടെ കറങ്ങി തിരിഞ്ഞ് ഒരു മുഖത്തിലെത്തി നില്‍ക്കുകയാണ്, യുവ വനിതാ നേതാവ് വീണ എസ് നായരാണ് വട്ടിയൂര്‍ക്കാവില്‍ വി കെ പ്രശാന്തിന് എതിരെ പോരാടനിറങ്ങുന്നത്.
പി സി വിഷ്ണുനാഥ്, ജ്യോതി വിജയകുമാര്‍ തുടങ്ങി നിരവധി നേതാക്കളുടെ പേരുകള്‍ പരിഗണിച്ചതിന് ശേഷമാണ് വീണയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.
ടിവിയിലുണ്ട്, സമരത്തിലുമുണ്ട് വീണ
മലയാളികള്‍ക്ക് സുപരിചിതയാണ് വീണ, പതിനഞ്ച് വര്‍ഷമായി വിവിധ ടെലിവിഷന്‍ പരിപാടികളുടെ അവതാരകയായി വീണ സാന്നിധ്യമാണ്. സംഘടനാ രംഗത്തും ഒട്ടും പിന്നോട്ടല്ല. കെഎസ്‌യുവിലൂടെ തുടങ്ങിയ വീണ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, കെപിസിസി വിചാര്‍ വിഭാഗ് തിരുവനന്തപുരം മുന്‍ താലൂക്ക് സെക്രട്ടറി, പ്രഫഷണല്‍ കോണ്‍ഗ്രസ് തിരുവനന്തപുരം ചാപ്റ്റര്‍ അംഗം എന്നിങ്ങനെ പോകുന്നു വീണയുടെ സംഘടനാ പരിചയം.
സോഷ്യോളജിയില്‍ ബിരുദം,നിയമത്തില്‍ ബിരുദാനന്തര ബിരുദം എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നു.
വീണ എസ് നായര്‍/ഫെയ്‌സ്ബുക്ക്
കാവിക്കൊടിയ്ക്കും താഴെപ്പോയ ചെങ്കൊടിയ്ക്ക് ജീവന്‍ കൊടുത്ത പ്രശാന്ത്
തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സമരവേദികളില്‍ സജീവമായ വീണയ്ക്ക്, വി കെ പ്രശാന്തിനെ തറപറ്റിക്കുക എന്നത് എളുപ്പമല്ല. ഒന്നര വര്‍ഷം കൊണ്ട് മണ്ഡലത്തിന്റെ സമസ്ഥ മേഖലയിലും വ്യക്തിമുദ്ര പതിപ്പിക്കാന്‍ പ്രശാന്തിനായിട്ടുണ്ട്.
നാലുതവണ മണ്ഡല പുനര്‍നിര്‍ണയം നടത്തിയ ശേഷമാണ് നിലവിലുള്ള വട്ടിയൂര്‍ക്കാവ് മണ്ഡലം രൂപീകരിച്ചത്. തിരുവനന്തപുരം രണ്ട് മണ്ഡലം പിന്നീട് തിരുവന്തപുരം നോര്‍ത്ത് ആയി. സിപിഎമ്മിന് മേല്‍ക്കൈയുണ്ടായിരുന്ന മണ്ഡലം വട്ടിയൂര്‍ക്കാവ് ആയതിന് ശേഷം ആദ്യം നടന്ന തെരഞ്ഞെടുപ്പില്‍ കെ മുരളീധരന്‍ വരവറിയിച്ചു.
ചെറിയാന്‍ ഫിലിപ്പിനെതിരെ 56,531വോട്ട് നേടി ആദ്യ വിജയം. ബിജെപിയുടെ വി വി രാജേഷ് അന്ന് നേടിയത് വെറും 13,494വോട്ട്. 2016ല്‍ കെ മുരളീധരന്‍ 51,322വോട്ട് നേടിയപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സിപിഎമ്മിന്റെ ടി എന്‍ സീമയ്ക്ക് കിട്ടിയത് 40,441 വോട്ട്. ബിജെപിയുടെ കുമ്മനം രാജശേഖരന്‍ 43,700വോട്ട് നേടി രണ്ടാമതെത്തി.
2019ല്‍ കെ മുരളീധരന്‍ വടകരയില്‍ നിന്ന് ലോക്‌സഭയിലേക്ക് പോയപ്പോള്‍ ഉപതെരഞ്ഞെടുപ്പ്. 2016ല്‍ മൂന്നാം സ്ഥാനത്ത് പോയ ചെങ്കൊടിയെ വി കെ പ്രശാന്ത് ഒന്നാമതെത്തിച്ചു. 54,830വോട്ട്. കോണ്‍ഗ്രസിന്റെ കെ മോഹന്‍ കുമാര്‍ 40,365വോട്ട് നേടി രണ്ടാമത്. ബിജെപിയുടെ എസ് സുരേഷ് 27,453വോട്ട് നേടി മൂന്നാം സ്ഥാനത്ത്.
വി കെ പ്രശാന്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍/ഫെയ്‌സ്ബുക്ക്
ഏറെ ശ്രദ്ധിക്കപ്പെട്ട വിജയം ആവര്‍ത്തിക്കാന്‍ ഉറപ്പിച്ച് പ്രശാന്ത് വീണ്ടും ഇങ്ങുമ്പോള്‍ പുതുമുഖമായ വീണയിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. 2016ല്‍ ഞെട്ടിച്ച മുന്നേറ്റം കാഴ്ചവച്ചതിന് ശേഷം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന്റെ ക്ഷീണം മാറ്റാന്‍ ബിജെപി രംഗത്തിറക്കുന്നത് വി വി രാജേഷിനെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates