മൂന്നാറിലെ 'താരം', കയ്യടികള്‍ ഏറ്റുവാങ്ങിയ യുവ ഐഎഎസ് ഉദ്യോഗസ്ഥന്‍; ഒടുവില്‍ വില്ലന്‍ വേഷത്തില്‍ ശ്രീറാം

മൂന്നാറിലെ 'താരം', കയ്യടികള്‍ ഏറ്റുവാങ്ങിയ യുവ ഐഎഎസ് ഉദ്യോഗസ്ഥന്‍; ഒടുവില്‍ വില്ലന്‍ വേഷത്തില്‍ ശ്രീറാം
മൂന്നാറിലെ 'താരം', കയ്യടികള്‍ ഏറ്റുവാങ്ങിയ യുവ ഐഎഎസ് ഉദ്യോഗസ്ഥന്‍; ഒടുവില്‍ വില്ലന്‍ വേഷത്തില്‍ ശ്രീറാം
Updated on
1 min read

ദേവികുളം സബ് കലക്ടര്‍ ആയിരിക്കെ കയ്യേറ്റക്കാര്‍ക്കെതിരെ സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ്, ശ്രീറാം വെങ്കിട്ടരാമന്‍ എന്ന യുവ ഐഎഎസ് ഉദ്യോഗസ്ഥനെ 'താര'മാക്കി മാറ്റിയത്. ഭരണകക്ഷിയില്‍തന്നെയുള്ള പ്രമുഖര്‍ മറുപക്ഷത്ത് അണിനിരന്നപ്പോഴും നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ക്കശ നിലപാടെടുത്ത് ഉറച്ചുനിന്ന സബ് കലക്ടര്‍ ഏറെ കയ്യടി വാങ്ങിക്കൂട്ടി. ജനകീയ ഇടപെടലുകളിലൂടെ 'കലക്ടര്‍ ബ്രോ' ആയി മാറിയ പ്രശാന്തിനു ശേഷം കേരളം നിറഞ്ഞു സ്വീകരിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്നു ശ്രീറാം. ഇപ്പോള്‍ പക്ഷേ, തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിലൂടെ വില്ലന്‍ റോളിലേക്കു മാറിയിരിക്കുന്നു ശ്രീറാം വെങ്കിട്ടരാമന്‍.

കൊച്ചിയില്‍ പ്രശസ്ത കരിയര്‍ ഗൈഡന്‍സ് ഗുരു ഡോ. പി.ആര്‍.വെങ്കിട്ടരാമന്റെയും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥ രാജം രാമമൂര്‍ത്തിയുടെയും മകനാണ് ശ്രീറാം. എറണാകുളം ഭവന്‍സ് വിദ്യാമന്ദിറിലായിരുന്നു സെക്കന്‍ഡറി വിദ്യാഭ്യാസം. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ് ബിരുദം. 2013 ബാച്ചില്‍ റാങ്കോടെ സിവില്‍ സര്‍വീസിലെത്തി.

ദേവികുളം സബ് കലക്ടര്‍ ആയിരിക്കെ മൂന്നാറില്‍ പ്രാര്‍ഥനാ ഗ്രൂപ്പിന്റേത് ഉള്‍പ്പെടെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ശ്രീറാം പഴുതടച്ച പദ്ധതിയാണ് തയാറാക്കിയത്. ഭൂമിയെക്കുറിച്ചുള്ള മുഴുവന്‍ രേഖകളും പരിശോധിക്കുകയും വിവിധ വിഭാഗങ്ങളില്‍ പെടുന്ന പട്ടയങ്ങള്‍ പരിശോധിക്കുകയും ചെയ്ത ശേഷമാണ് ഒഴിപ്പിക്കല്‍ നടപടികളിലേക്കു കടന്നത്. വിഎസ് അച്യുതാനന്ദന്റെ കാലത്തെ മൂന്നാര്‍ ദൗത്യ സംഘത്തിനു പറ്റിയ പോലെ കോടതിയില്‍നിന്നു തിരിച്ചടിയുണ്ടാവില്ലെന്ന് ഉറപ്പാക്കി കൃത്യമായ ആസൂത്രണത്തോടെയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ തയാറാക്കിയത്. 

ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍ ദേവികുളം, ഉടുമ്പന്‍ചോല തഹസില്‍ദാര്‍മാരും ഡെപ്യൂട്ടി തഹസില്‍ദാര്‍മാരും ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ഒഴിപ്പക്കലിനുള്ള ശ്രമങ്ങള്‍ക്കു തുടക്കമിട്ടു. കയ്യേറിയ ഭൂമിയെ കുറിച്ചുള്ള മുഴുവന്‍ രേഖകളും പരിശോധിച്ച് അതില്‍ വ്യാജ പട്ടയങ്ങള്‍ ഉപയോഗിച്ച് കൈയടക്കിയ ഭൂമി തരംതിരിച്ചു. വന്‍കിട കയ്യേറ്റങ്ങളുടെ പ്രത്യേക പട്ടിക വില്ലേജ് അടിസ്ഥാനത്തില്‍ തരംതിരിച്ച് തഹസില്‍ദാര്‍മാര്‍ സബ് കലക്ടര്‍ക്ക് നല്‍കിയിരുന്നു.  ഇതില്‍ കോടതികളില്‍ കേസ് നടക്കുന്നവ വേറെ പട്ടികയാക്കി. ഇതിനു ശേഷമാണ് കയ്യേറ്റ ഭൂമിയുടെ അന്തിമ പട്ടിക തയാറാക്കിയത്. 

നിശ്ചയിച്ചപദ്ധതി പ്രകാരം നോട്ടിസ് നല്‍കിയും മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയും ഒഴിപ്പിക്കല്‍ പക്ഷേ ചിന്നക്കനാലിലേക്കു നീങ്ങിയപ്പോള്‍ ഭരണപക്ഷത്തെ ഉന്നതര്‍ക്ക് അപകടം മണത്തു. അവര്‍ ശ്രീറാമിനെതിരെ കടുത്ത നിലപാടുമായി രംഗത്തുവന്നു. പാപ്പാത്തിച്ചോലയിലെ കുരിശു നീക്കിയതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളെല്ലാം അതിന്റെ അനന്തര ഫലം മാത്രം. എന്തായാലും റവന്യുമന്ത്രി ഉറച്ച പിന്തുണയുമായി കൂടെ നിന്നിട്ടും ശ്രീറാമിന് സ്ഥാനം തെറിച്ചു. എംപ്ലോയ്‌മെന്റ് ഡയറക്ടറായി ആയിരുന്നു നിയമനം. 

എംപ്ലോയ്്‌മെന്റ് ഡയറക്ടര്‍ ആയ ശേഷം പിന്നീട് വാര്‍ത്തകളില്‍ അധികമൊന്നും വന്നില്ല, ശ്രീറാം. പ്രളയത്തിനു ശേഷം നവകേരള നിര്‍മാണ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ അവധിയെടുത്ത് ഹാര്‍വാര്‍ഡില്‍ പഠനത്തിനു ചേര്‍ന്നു ശ്രീറാം. അതു കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ്, ഇപ്പോള്‍ വഹിക്കുന്ന സര്‍വേ ഡയറക്ടര്‍ ആയുള്ള നിയമനം. നിയമനം നടന്നു പിന്നാലെയാണ്, മദ്യപിച്ചു വാഹനമോടിച്ച് മാധ്യമപ്രര്‍ത്തകന്റെ മരണത്തിനിടയാക്കിയ അപകടത്തില്‍ ശ്രീറാം ഉള്‍പ്പെടുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com