

തിരുവനന്തപുരം: ജനകീയ പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി മൂല്യാധിഷ്ഠിതമായി ഗ്രാമസഭകള്‍ സംഘടിപ്പിക്കുന്നതിനും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനും ദുരന്ത നിവാരണ പദ്ധതി നടപ്പാക്കുന്നതിനും പഞ്ചായത്ത് വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഗ്രാമപഞ്ചായത്തുകള്‍ ഇത് പാലിക്കുന്നതില്‍ വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കുലറില്‍ പറയുന്നു.
എല്ലാഗ്രാമപഞ്ചായത്തിലും മൂന്നുമാസത്തിലൊരിക്കലെങ്കിലും ഗ്രാമസഭചേരണം. യോഗം വിളിക്കുന്നതിനുള്ള ചുമതല ഗ്രാമസഭാ കണ്‍വീനറായ വാര്‍ഡ് അംഗത്തിനാണ്. ജനപങ്കാളിത്തം വര്‍ധിപ്പിക്കാന്‍ വ്യാപക പ്രചരണം സംഘടിപ്പിക്കും. യോഗത്തിലേക്ക് പ്രദേശം പ്രതിനിധീകരിക്കുന്ന നിയമസഭാംഗത്തെയും ജില്ലാ പഞ്ചായത്ത് അംഗത്തെയും ബ്‌ളോക്ക് പഞ്ചായത്ത് അംഗത്തെയും ക്ഷണിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അംഗസംഖ്യയുടെ പത്തുശതമാനം അംഗങ്ങള്‍ ഹാജരായാല്‍ യോഗത്തിന്റെ ക്വാറം തികയും. പ്രസിഡന്റ് യോഗത്തിന് അധ്യക്ഷത വഹിക്കും. പ്രസിഡന്റ് നിര്‍ദേശിക്കുന്നതിനനുസരിച്ച് ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പങ്കെടുക്കണം.
ഗ്രാമസഭയില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളെക്കുറിച്ച് ഗ്രാമസഭ കണ്‍വീനര്‍ പ്രസിഡന്റുമായി ആലോചിച്ച് അജണ്ട തയാറാക്കും. ഗ്രാമപഞ്ചായത്തിന്റെ മുഖ്യ വികസനപ്രശ്‌നങ്ങള്‍ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് യോഗത്തിന്റെ കാര്യപരിപാടി രൂപപ്പെടുത്തുക. ഗ്രാമസഭയ്ക്ക് വേണ്ടി എല്ലാ വാര്‍ഡുകളിലേയും ഒരു പൊതുസ്ഥലത്ത് സ്ഥിരം വാര്‍ത്താബോര്‍ഡ് സ്ഥാപിക്കും. ഗ്രാമസഭയ്ക്ക് ആവശ്യമെങ്കില്‍ പത്തില്‍ കുറയാത്ത അംഗങ്ങളുള്ള സബ് കമ്മിറ്റികള്‍ രൂപീകരിക്കാം. ഗ്രാമസഭയിലെ 10 ശതമാനം അംഗങ്ങള്‍ രേഖാമൂലം ആവശ്യപ്പെടുകയാണെങ്കില്‍ അതിലുന്നയിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഗ്രാമസഭയുടെ പ്രത്യേക യോഗം 15 ദിവസത്തിനകം കണ്‍വീനര്‍ വിളിച്ചുകൂട്ടണം.
ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനും ദുരന്ത നിവാരണത്തിനും, ദുരന്ത മുന്നൊരുക്കങ്ങള്‍ക്കുമായി 'നമ്മള്‍ നമുക്കായി' എന്ന പദ്ധതി തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയുമായി ഏകോപിപ്പിച്ച് നടപ്പാക്കുന്നതിനും പദ്ധതി രൂപീകരണത്തിനുമായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും പ്രത്യേക വാര്‍ഡുതല ഗ്രാമസഭകള്‍ ചേരാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ ദുരന്തനിവാരണ പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ വീഴ്ച കൂടാതെ നിര്‍വഹിക്കണം. ഗ്രാമസഭകളുടെ സംഘാടനം സര്‍ക്കാര്‍ ഉത്തരവുകളും മാര്‍ഗനിര്‍ദേശങ്ങളും പാലിച്ച് നടപ്പാക്കണം.
മനുഷ്യവിഭവശേഷി കണ്ടെത്തി പ്രാദേശിക വികസനവും സ്വയംപര്യാപ്തതയും പൂര്‍ണതോതില്‍ നടപ്പാക്കാന്‍ ഗ്രാമസഭ മുഖേന പ്രൊഫഷണലുകളുടെ പട്ടിക എല്ലാ ഗ്രാമപഞ്ചായത്തുകളും തയാറാക്കി ഇവരുടെ സേവനം പ്രയോജനപ്പെടുത്താന്‍ നിര്‍ദ്ദേശമുണ്ട്.
പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കുന്നത് സംബന്ധിച്ചും പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ മനുഷ്യനും പരിസ്ഥിതിക്കും ഉണ്ടാകുന്ന ദോഷങ്ങള്‍ സംബന്ധിച്ചും ഗ്രാമസഭായോഗങ്ങളില്‍ പ്രത്യേക അജണ്ട ഉള്‍പ്പെടുത്തി ചര്‍ച്ചചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് വസ്തുക്കള്‍ നീക്കുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ ഏര്‍പ്പെടുത്തിയ സംവിധാനങ്ങളും വിശദമാക്കണം.
എല്ലാ പദ്ധതികള്‍ക്കും അപേക്ഷാഫോറങ്ങള്‍ മലയാളത്തിലോ പ്രാദേശിക ഭാഷയിലോ ലളിതമായി അര്‍ഹതയും മുന്‍ഗണനാക്രമവും സംബന്ധിച്ച മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കണം. അര്‍ഹര്‍ക്ക് അപേക്ഷ നല്‍കാന്‍ അവസരം ലഭിക്കുന്ന തരത്തില്‍ അവസാനതീയതിയും സമയവും നിശ്ചയിച്ച് ഫോറങ്ങള്‍ വിതരണം ചെയ്യണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates