

വിവാഹവേദിയില്‍നിന്ന് പെരുമണിലെ ദുരന്തഭൂമിയിലെത്തി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ ജെ മെഴ്‌സിക്കുട്ടിയമ്മയെ രാഷ്ട്രീയ മര്യാദകളോ മാനുഷികതയോ പഠിപ്പിക്കാന്‍ ആരും മുതിരേണ്ടതില്ലെന്ന് എഴുത്തുകാരി ശാരദക്കുട്ടി. വാവിട്ടു കരയുന്ന ദുരിതബാധിതരുടെ ചില വാക്കുകളും ക്ഷോഭങ്ങളും മേഴ്‌സിക്കുട്ടിയമ്മയെ അപമാനിക്കാനുള്ള ആയുധങ്ങളാക്കി മാറ്റാനുള്ള കുത്സിത നീക്കങ്ങള്‍ തിരിച്ചറിയാനുള്ള വിവേകം മത്സ്യത്തൊഴിലാളികള്‍ക്കുണ്ടെന്ന് സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ ശാരദക്കുട്ടി ചൂണ്ടിക്കാട്ടി. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഫീഷറീസ് മന്ത്രിക്കെതിരെ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് ശാരദക്കുട്ടിയുടെ കുറിപ്പ്.
പെരുമണ്‍ തീവണ്ടിയപകടം നടന്ന ദിവസമായിരുന്നു സഖാവ് മേഴ്‌സിക്കുട്ടിയമ്മയുടെ വിവാഹം. മിന്നുകെട്ടിന്റെ ചടങ്ങുകള്‍ മുഴുവന്‍ കഴിയുന്നതിനു മുന്‍പ് വിവാഹ വേദിയില്‍ നിന്ന് ദുരന്തഭൂമിയിലേക്ക് ഓടിയെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ അവരെ രാഷ്ട്രീയ മര്യാദകളോ മാനുഷികതയോ പഠിപ്പിക്കുവാന്‍ മറ്റൊരാള്‍ മുതിരേണ്ടതില്ല. ഒരു സുപ്രഭാതത്തില്‍ ആരെങ്കിലും വെള്ളിത്താലത്തില്‍ വെച്ചു നീട്ടിക്കൊടുത്തു തുടങ്ങിയതല്ല അവരുടെ രാഷ്ട്രീയ ജീവിതം. മത്സ്യത്തൊഴിലാളികളുടെയും കശുവണ്ടിത്തൊഴിലാളികളുടെയും കഷ്ടതകളുടെയും ദുരിതങ്ങളുടെയും ഇടയില്‍ തന്നെ അവരോടൊപ്പം കരഞ്ഞും പൊരുതിയും വളര്‍ന്ന സഖാവിന്റെ, സ്ഥിരമായി സഹാനുഭൂതി പടര്‍ന്നു നില്‍ക്കുന്ന മുഖത്ത് ആഴത്തില്‍ പതിഞ്ഞു കിടപ്പുണ്ട് ആ പോരാട്ടങ്ങളുടെ ഓര്‍മ്മകളും ചരിതങ്ങളും. വിപ്ലവ ബോധമോ സഹജീവി സ്‌നേഹമോ അവര്‍ക്ക് ഒരിക്കലും ഒരു പ്രകടനമോ കയ്യടിക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളോ ആയിരുന്നില്ല. വിവാദമുണ്ടാക്കാനായി അവരിന്നു വരെ ഒരു വാക്കും ഉരിയാടിയിട്ടുമില്ല. കടപ്പുറത്തുള്ളവര്‍ താത്കാലിക ക്ഷോഭത്താലോ വേദനയാലോ എന്തു പറയുമ്പോഴും മേഴ്‌സിക്കുട്ടിയമ്മക്ക് അവരേയും അവര്‍ക്ക് മേഴ്‌സിക്കുട്ടിയമ്മയേയും തിരിച്ചറിയാം- ശാരദക്കുട്ടി കുറിപ്പില്‍ പറയുന്നു.
സുനാമി ദുരിതകാലത്തെ ഫണ്ടു തിന്നു മുടിച്ചവരുടെ രാഷ്ട്രീയ കാലമൊക്കെ പെട്ടെന്നു മറന്ന് പോകരുത്. അന്നും മേഴ്‌സിക്കുട്ടിയമ്മ സ്വാര്‍ഥം നോക്കി പ്രവര്‍ത്തിച്ചിട്ടില്ല. വാവിട്ടു കരയുന്ന ദുരിതബാധിതരുടെ ചില വാക്കുകള്‍, അവരുടെ ക്ഷോഭങ്ങള്‍ അത് മേഴ്‌സിക്കുട്ടിയമ്മയെ അപമാനിക്കാനുള്ള ആയുധങ്ങളാക്കി മാറ്റാനുള്ള കുത്സിത നീക്കങ്ങള്‍ തിരിച്ചറിയാനുള്ള വിവേകം പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കുണ്ട്. അവര്‍ക്കൊപ്പം എക്കാലത്തും നിന്നിരുന്ന സഖാവിനൊപ്പമേ അവര്‍ നില്‍ക്കൂ.
പിന്നിലെത്ര ആളുണ്ടെന്നും മുന്നിലെത്ര ക്യാമറയുണ്ടെന്നും നോക്കി രാഷ്ട്രീയം കളിക്കുന്നവരുടെ കൂടെ സഖാവ് മേഴ്‌സിക്കുട്ടിയമ്മയെ അളക്കരുത്. അവര്‍ ആളു വേറെയാണ്. ഓഖിക്കോ സുനാമിക്കോ എടുത്തു കൊണ്ടുപോകാനാവില്ല അവരുടെ അടിയുറച്ച രാഷ്ട്രീയ ബോധത്തേയും വര്‍ഗ്ഗ ബോധത്തേയും. കാരണം കാരുണ്യവും രാഷ്ട്രീയവും അവര്‍ക്ക് ഒരു ഫേസ്പാക്ക് മാത്രമല്ല.- ശാരദക്കുട്ടി പറഞ്ഞു.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates