

കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച് ഇടതുസഹയാത്രികന്‍ ടി പത്മനാഭന്‍. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് മോദി സര്‍ക്കാര്‍ എടുത്തു കളഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് പത്മനാഭന്‍ പറഞ്ഞു. ഒരു വാര്‍ഷികപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ടി പത്മനാഭന്‍ നിലപാട് വ്യക്തമാക്കിയത്.
കശ്മീരിനു വേണ്ടി ഹൃദയം നൊന്ത് മുദ്രാവാക്യം വിളിക്കുന്ന ഡിവൈഎഫ്‌ഐക്കാരും പുരോഗമന കലാസാഹിത്യകാരന്മാരും കശ്മീരിലെ ലക്ഷക്കണക്കിന് പണ്ഡിറ്റുകള്‍ക്ക് മനുഷ്യാവകാശമുണ്ടെന്ന കാര്യമോര്‍ക്കണം. കശ്മീരിലെ പണ്ഡിറ്റുകള്‍ക്ക് വേണ്ടി ഇവര്‍ കരയുന്നത് കണ്ടിട്ടില്ല, പ്രസ്താവനയിറക്കിയതും കണ്ടില്ല. ബ്രസീലില്‍ ആമസോണ്‍ കാടുകള്‍ കത്തുമ്പോള്‍ ഡിവൈഎഫ്‌ഐ ഇവിടെ പ്രകടനവുമായെത്തും. പശ്ചിമഘട്ടം നശിപ്പിക്കുമ്പോള്‍, കൈയ്യേറുമ്പോള്‍ അവര്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. തനിക്ക് എത്ര തന്നെയായാലും ഇതൊന്നും പറയാതിരിക്കാനാവില്ലെന്നും പത്മനാഭന്‍ പറയുന്നു.
സാംസ്‌കാരിക മന്ത്രി എ കെ ബാലനെതിരെയും പത്മനാഭന്‍ അഭിമുഖത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നുണ്ട്. വിമോചനസമരം നടത്തിയ പള്ളിക്കാര്‍ക്കെതിരായിരുന്നു കമ്മ്യൂണിസ്റ്റുകള്‍. ആ പള്ളിക്കാര്‍ക്കും അച്ചന്മാര്‍ക്കും വേണ്ടിയല്ലേ കാര്‍ട്ടൂണ്‍ വരച്ച ആള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച അവാര്‍ഡ് മന്ത്രി ഫ്രീസറില്‍ വെപ്പിച്ചത്. തനിക്ക് ഇതൊന്നും പറയാന്‍ മടിയും ഭയവുമില്ല. നാറാണത്തു ഭ്രാന്തനാണ് എന്റെ റോള്‍ മോഡല്‍, പത്മനാഭന്‍ തുറന്നടിച്ചു.
ഗാന്ധിയന്മാരെന്ന് വിളിപ്പേരുള്ള പലരും ഒരു മൂല്യവും പാലിക്കാത്ത ഫ്രോഡുകളാണ്. താനെന്നും ഗാന്ധിയന്‍ കോണ്‍ഗ്രസുകാരന്‍ തന്നെയാണ്. അതില്‍ ഒരു തരിമ്പും മാറ്റമില്ല. സാംസ്‌കാരികരംഗത്തെ പലരും വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് വളര്‍ന്നത്. ഒഎന്‍വിയോടൊപ്പം എംടിയും ഇങ്ങനെ വന്നതാണെന്ന യുവജന ബോര്‍ഡ് ചെയര്‍പെഴ്‌സണ്‍ ചിന്താ ജെറോമിന്റെ അഭിപ്രായം തെറ്റാണ്. ഇത്തരത്തില്‍, ഇല്ലാത്ത ഓരോ പട്ടം ചിലര്‍ക്ക് ചാര്‍ത്തി കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിമോചന സമരത്തിനെതിരെ ലേഖനമെഴുതിയ താന്‍ ഇപ്പോള്‍ ഇടതുപക്ഷ അനുഭാവിയാണെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അവരോട് പോയി തൂങ്ങിച്ചാവാന്‍ പറയണമെന്നും പത്മനാഭന്‍ പറഞ്ഞു. അങ്ങനെയാണെങ്കില്‍ ബാലന്‍ മന്ത്രിയെ കടുത്ത ഭാഷയില്‍ ശകാരിക്കാതെ തലചൊറിഞ്ഞ് നില്‍ക്കുകയായിരുന്നില്ലേ വേണ്ടതെന്നും പത്മനാഭന്‍ ചോദിക്കുന്നു. ഇടതുപക്ഷത്തെ പാര്‍ട്ടി വേദികളില്‍ തന്നെ എല്ലാ കാലത്തും വിമര്‍ശിച്ചിട്ടുണ്ട്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണം. മലയാളത്തെ പിഎസ്‌സി അംഗീകരിക്കണമെന്നും ടി പത്മനാഭന്‍ പയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates