

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ തെക്ക്-പടിഞ്ഞാറൻ മൺസൂണിന്റെ ശക്തി കുറഞ്ഞുതുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. എന്നാൽ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത രണ്ടാഴ്ചവരെ സംസ്ഥാനത്ത് അതി തീവ്രമഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ വിലയിരുത്തൽ.
ഇതിന്റെ പശ്ചാത്തലത്തിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചിട്ടുണ്ട്. പകരം കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾ അടുത്ത 24 മണിക്കൂർ യെല്ലോ അലർട്ടിലായിരിക്കും. ഈ മാസം 27 വരെ തെക്ക്-പടിഞ്ഞാറൻ ദിശയിൽനിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ തെക്ക്-പടിഞ്ഞാറ് അറബിക്കടൽ, മധ്യ-പടിഞ്ഞാറ് അറബിക്കടൽ, മധ്യ-കിഴക്ക് അറബിക്കടൽ എന്നിവിടങ്ങളിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.
മഴയെ തുടർന്ന്, ഇന്നലെ ആലപ്പുഴ, കോഴിക്കോട്, കാസർകോട് ജില്ലകളിലായി 12 ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു. 201 കുടുംബങ്ങളിലായി 706 പേരെ ഇവിടേക്ക് മാറ്റിപ്പാർപ്പിച്ചു. ഇതോടെ ഈ സീസണിൽ തുറന്ന ക്യാമ്പുകളുടെ എണ്ണം 39 ആയി. 549 കുടുംബങ്ങളിലായി 2204 പേരാണ് ക്യാമ്പുകളിലുള്ളത്. കോട്ടയത്താണ് കൂടുതൽ ക്യാമ്പുകളുള്ളത് -13. ഇവിടെ 100 കുടുംബങ്ങളിലായി 379 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്.
തിരുവനന്തപുരത്ത് കടൽക്ഷോഭം ശക്തമായ വലിയതുറ, ചിറയിൻകീഴ് ഭാഗങ്ങളിൽ ആറ് ക്യാമ്പുകളിലായി 692 പേരെ മാറ്റിയിട്ടുണ്ട്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് അടിയന്തര സഹായം എത്തിക്കുന്നതിന് കളക്ടർമാർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഈ സീസണിലെ മഴയിൽ പൂർണമായി തകർന്ന വീടുകളുടെ എണ്ണം 109 ആയി. 1660 വീടുകളാണ് ഭാഗികമായി തകർന്നത്. മലപ്പുറത്താണ് കൂടുതൽ വീടുകൾ തകർന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates