കൊച്ചി : യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ കല്ലട ബസിന്റെ ഉടമ സുരേഷ് കല്ലടയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് പൊലീസ്. സുരേഷ് കല്ലടയ്ക്കെതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എസിപി സ്റ്റുവര്‍ട്ട് കീലര്‍ അറിയിച്ചു. യാത്രക്കാരെ മര്‍ദിച്ചതിന് പിടിയിലായ പ്രതികളെ വീണ്ടും ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം ഉള്ള പ്രതികളെ പിടികൂടി. മറ്റുപ്രതികളുണ്ടെങ്കില്‍ തിരിച്ചറിയുന്ന മുറയ്ക്ക് അറസ്റ്റ് ചെയ്യും. കേസില്‍ ആദ്യഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായതായും പൊലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
അറസ്റ്റിലായ പ്രതികള്‍ സുരേഷ് കല്ലടയെ വിളിച്ചതിന്റെയോ, അദ്ദേഹം ജീവനക്കാര്‍ക്ക് നല്‍കിയതിന്റെയോ തെളിവ് പൊലീസിന് ലഭിച്ചിട്ടില്ല. എന്നാല്‍ സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തത്തില്‍ നിന്ന് സുരേഷ് കല്ലടയ്ക്ക് പൂര്‍ണമായും ഒഴിഞ്ഞുമാറാനാകില്ല. നേരത്തെയും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ടോ, അറിഞ്ഞെങ്കില്‍ നടപടി എടുത്തിരുന്നോ തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. സുരേഷ് കല്ലടയെ കഴിഞ്ഞദിവസം പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു.
അതിനിടെ, ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ യാത്രക്കാരെ ക്രൂരമായി മർദിച്ച സംഭവത്തിൽ അറസ്റ്റിലായ ഏഴ് പ്രതികളെയും സ്ഥലത്തെത്തിച്ച് തെളിവെടുത്തു. ‘കല്ലട’ ബസ് സർവീസിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന എറണാകുളം വൈറ്റിലയിൽ എത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്.
ബസ് ഡ്രൈവർ തമിഴ്നാട് കോയമ്പത്തൂരിലെ നാച്ചിപാളയം സ്വദേശി കുമാർ (55), മാനേജർ കൊല്ലം പട്ടംതുരുത്ത് ആറ്റുപുറത്ത് ഗിരിലാൽ (37), ആലപ്പുഴ മണ്ണഞ്ചേരി കാവുങ്കൽ വിഷ്ണു (29), ബസ് ജീവനക്കാരായ പുതുച്ചേരി സ്വദേശി അൻവർ, ജിതിൻ, ജയേഷ്, രാജേഷ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. 
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഈ മാസം 30 വരെയാണ് പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കഴിഞ്ഞയാഴ്ചയാണ് എറണാകുളം വൈറ്റിലയിൽനിന്നുള്ള യാത്രക്കാരായ ബത്തേരി സ്വദേശി സചിൻ (22), സുഹൃത്ത് അഷ്കർ (22), തൃശൂർ സ്വദേശി അജയ്ഘോഷ് എന്നിവരെ ബസ് ജീവനക്കാർ കൂട്ടമായി മർദിച്ചത്. ക്രൂരമർദനത്തെ തുടർന്ന് പരിക്കേറ്റ് സേലത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates