യുഎഇ വ്യവസായി അദീബ് അഹമ്മദ് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍  ട്രസ്റ്റി

കൊച്ചി ബിനാലെ ആരംഭിക്കാന്‍ ഏഴ് മാസങ്ങള്‍ അവശേഷിക്കെയാണ് പുതിയ നിയമനം
യുഎഇ വ്യവസായി അദീബ് അഹമ്മദ് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍  ട്രസ്റ്റി
Updated on
1 min read


കൊച്ചി: യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി വ്യവസായി അദീബ് അഹമ്മദിനെ കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ബോര്‍ഡിലെ ട്രസ്റ്റിയായി നിയമിച്ചു. കൊച്ചി ബിനാലെ ആരംഭിക്കാന്‍ ഏഴ് മാസങ്ങള്‍ അവശേഷിക്കെയാണ് പുതിയ നിയമനം. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ്, താബ്ലെസ്, ഹോസ്പിറ്റാലിറ്റി നിക്ഷേപക സ്ഥാപനമായ ട്വന്റിഫോര്‍ ഹോള്‍ഡിംഗ്‌സ് എന്നിവയുടെ മേധാവിയാണ് തൃശ്ശൂര്‍ സ്വദേശിയായ അദീബ്.

ഒരു ആഗോള വ്യവസായിയുടെ ആശയങ്ങളും അനുഭവസമ്പത്തുമാണ് അദീബിന്റെ വരവോടെ ലഭിക്കുന്നതെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റും പ്രശസ്ത കലാകാരനുമായ ബോസ് കൃഷ്ണമാചാരി പറഞ്ഞു. കലാസാംസ്‌ക്കാരിക മേഖലയില്‍ പ്രത്യേക താത്പര്യമുള്ള വ്യക്തിയാണദ്ദേഹമെന്നും ബോസ് പറഞ്ഞു.

സാംസ്‌ക്കാരിക ഭൂപടത്തിലേക്ക് യുവ വ്യവസായികള്‍ എത്തേണ്ടത് പ്രധാനമാണ്. അദീബ് അഹമ്മദിനെപ്പോലുള്ള വ്യക്തി ബിനാലെ ബോര്‍ഡ് ട്രസ്റ്റിയായി എത്തിയതില്‍ ആഹ്ലാദമുണ്ടെന്നും ബോസ് കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ സാംസ്‌കാരിക അമ്പാസിഡറാണ് കൊച്ചി ബിനാലെയെന്ന് അദീബ് അഹമ്മദ് പറഞ്ഞു. കലയ്ക്കു പുറമെ സേവന മേഖലയിലും അനവധി അവസരങ്ങള്‍ ബിനാലെ സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഉന്നതാധികാര സമിതിയായ സൗത്ത് ഏഷ്യ റിജ്യണല്‍ സ്ട്രാറ്റജിയുടെ ഉപദേശക സമിതി അംഗവുമാണ് അദീബ് അഹമ്മദ്. വിദ്യാഭ്യാസ വയോജനക്ഷേമ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാരമായി സഹായം ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. 14 രാജ്യങ്ങളിലായി പരന്നു കിടക്കുന്ന വിശാലമായ വ്യവസായ സാമ്രാജ്യമുള്ള അദ്ദേഹം യുഎഇയിലെ പ്രമുഖ 100 ഇന്ത്യാക്കാരുടെ പട്ടികയില്‍ സ്ഥിരം ഇടംപിടിക്കുകയും ചെയ്യാറുണ്ട്.

കൊവിഡ്19 ആഗോള സാമ്പത്തിക വ്യവസ്ഥയെ തകിടം മറിക്കുന്ന പശ്ചാത്തലത്തില്‍ മാനുഷിക പ്രതിസന്ധിക്കാലത്തെ കലയുടെ പങ്കായിരിക്കും ബിനാലെ വിശകലനം ചെയ്യുന്നതെന്ന് ബോസ് പറഞ്ഞു. പ്രതിസന്ധികാലത്തെ മനുഷ്യഭാവനയുടെ വഴക്കമാണ്  ശുഭിഗി റാവു ക്യൂറേറ്റ് ചെയ്യുന്ന ബിനാലെ അഞ്ചാം ലക്കത്തിന്റെ ആശയതന്തുക്കളിലൊന്ന്. അതിനോടുള്ള ശുഭസൂചകമായ പ്രതികരണമായിരിക്കും ബിനാലെയെന്നും ബോസ് കൂട്ടിച്ചേര്‍ത്തു.

പ്രകൃത്യാ ഉള്ളതും സാമൂഹ്യവുമായ ലോകത്തോടുള്ള നമ്മുടെ ബന്ധം സംബന്ധിച്ച കാര്യങ്ങള്‍ പുനര്‍ വിശകലനം ചെയ്യാന്‍ കൊറോണക്കാലം നമ്മെ നിര്‍ബന്ധിതരാക്കുകയാണ്. കലാസമൂഹം, കേരള സംസ്ഥാനം, രാജ്യത്തെ പുരോഗമന സംസ്‌ക്കാരം എന്നിവയുടെ ആത്മവിശ്വാസം വളര്‍ത്തുന്ന സൂചനകളാകും ബിനാലെ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് കാലത്തെ മറികടക്കാന്‍ ബിനാലെ പോലൊരു അന്താരാഷ്ട്ര സംഗമം ആവശ്യമാണെന്ന് അദീബ് അഹമ്മദ് പറഞ്ഞു. സഞ്ചാര സമ്പദ് വ്യവസ്ഥയെ അത് തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിസന്ധി ഘട്ടത്തില്‍ ഇത്തരം കലാവിരുന്നിലൂടെ സമ്പദ് വ്യവസ്ഥകള്‍ തിരികെയെത്തുന്നത് നാം കണ്ടിട്ടുണ്ട്. ഒരുമയുടെ സന്ദേശമാണ് എവിടെയും ഉയരുന്നത്. പ്രാദേശിക ജനങ്ങളുടെ ഉപജീവനമാര്‍ഗം പുഷ്ടിപ്പെടുത്തുകയും അതു വഴി കലാസ്വാദനത്തിലൂടെ കാണികളെ പ്രചോദിപ്പിക്കുകയും ബിനാലെ ചെയ്യുമെന്ന് വിശ്വസിക്കുന്നതായും അദീബ് പറഞ്ഞു.

2018 ഡിസംബര്‍ 12 മുതല്‍ 2019 മാര്‍ച്ച് 29 വരെ 108 ദിവസം നീണ്ടു നിന്ന നാലാം ലക്കം കൊച്ചി ബിനാലെ കാണാന്‍ 6.2 ലക്ഷം ജനങ്ങളാണ് എത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com