യുഎന്‍എയെ പിളര്‍ത്താന്‍ സിപിഎമ്മിനാകില്ല; ആദ്യം പറഞ്ഞ വാക്കു പാലിക്കൂ: ജാസ്മിന്‍ ഷാ

യുഎന്‍എയില്‍നിന്ന് അംഗങ്ങളെ അടര്‍ത്തിയെടുക്കണമെന്നാണ് സിഐടിയുവിന് സിപിഎം നല്‍കിയിരിക്കുന്ന നിര്‍ദേശം
യുഎന്‍എയെ പിളര്‍ത്താന്‍ സിപിഎമ്മിനാകില്ല; ആദ്യം പറഞ്ഞ വാക്കു പാലിക്കൂ: ജാസ്മിന്‍ ഷാ
Updated on
3 min read

കൊച്ചി: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനെ പിളര്‍ത്താന്‍ സിപിഎമ്മിനാകില്ലെന്ന് യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ. യുഎന്‍എ പിളര്‍ത്തി സിഐടിയു സ്വാക്യ ആശുപത്രി നഴ്‌സുമാരുടെ സംഘടനയുണ്ടാക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയെക്കുറിച്ച് സമകാലിക മലയാളത്തോട് പ്രതികരിക്കുകയായിരുന്നു ജാസ്മിന്‍ ഷാ. 

ഞങ്ങളുടെ സംഘടന അരാഷ്ട്രീയ സംഘടനയാണ്, സിഐടിയു രൂപീകരിക്കാന്‍ പോകുന്ന സംഘടനയില്‍ ചേരണം എന്ന തരത്തില്‍ ചില വാട്‌സ് ആപ്പ് മെസേജുകള്‍ നഴ്‌സുമാരുടെ ഇടയില്‍ പ്രചരിക്കുന്നുണ്ട്. സിഐടിയുവിന്റെ ഗവണ്‍മെന്റ് ആശുപത്രി നഴ്‌സുമാരുടെ സംഘടനയായ കെജിഎന്‍എയുടെ പ്രസിഡന്റ് ഉഷാ ദേവിയുടെ പേരിലാണ് മെസേജുകള്‍ പ്രചരിക്കുന്നത്. വാട്‌സ് ആപ്പ് മെസേജ് പ്രചരിപ്പിച്ചെന്ന് കരുതി യുഎന്‍എ പിളര്‍ന്നുപോകുമെന്ന് ആരും കരുതേണ്ട, ജാസ്മിന്‍ ഷാ പറഞ്ഞു. 

സിഐടിയുവിന്റെ നേതൃത്തിലുള്ള പുതിയ സംഘടനയുടെ രൂപീകരണ യോഗം നവംബര്‍ ഏഴിനു തൃശൂരില്‍ നടക്കാനിരിക്കുകയാണ്. യുഎന്‍എയില്‍നിന്ന് അംഗങ്ങളെ അടര്‍ത്തിയെടുക്കണമെന്നാണ് സിഐടിയുവിന് സിപിഎം നല്‍കിയിരിക്കുന്ന നിര്‍ദേശം. യുഎന്‍എയെ സിഐടിയുവില്‍ അഫിലിയേറ്റ് ചെയ്യാന്‍ വേണ്ടി മുമ്പ് സിപിഎം ശ്രമിച്ചിരുന്നു.എന്നാല്‍ അതിന് യുഎന്‍എ വഴങ്ങിയില്ല. തുടര്‍ന്നാണ് യുഎന്‍എ പിളര്‍ത്തി സംഘടന രൂപീകരിക്കാന്‍ സിപിഎം സിഐടിയുവിന് നിര്‍ദേശം നല്‍കിയത്. 

എന്നാല്‍ സിഐടിയുവില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കരുതെന്ന് യുഎന്‍എ നേതൃത്വം നഴ്‌സുമാരോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ലെന്നും അവരാരും പോകില്ലെന്ന് അത്രമാത്രം ഉറപ്പുണ്ടെന്നും ജാസ്മിന്‍ ഷാ പറയുന്നു. 

പൊതുവെ അത്തരമൊരു സംഘടന ഉണ്ടാകുന്നത് ഞങ്ങളെ ഒരിക്കലും പ്രതികൂലമായി ബാധിക്കാന്‍ പോകുന്നില്ല. കാരണം നിലവില്‍ സിഐടിയുവിന് ആശുപത്രി മേഖലയിലെ തൊഴിലാളികള്‍ക്കായി സംഘടനയുണ്ട്. അതില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ മാത്രമാകും നഴ്‌സുമാരുടെ സംഘടനയില്‍ പോകുന്നത്. സിഐടിയു നഴ്‌സുമാരുടെ സംഘടനയുണ്ടാക്കി എന്ന് കരുതി ഒരിക്കലും യുഎന്‍എയെ തകര്‍ക്കാന്‍ കഴിയില്ല. കാരണം അത്രയ്ക്കും അടിത്തറയുള്ള സംഘടനയാണ് യുഎന്‍എ. മുമ്പും സംഘടന പിളര്‍ത്തി ചിലര്‍ ഇറങ്ങിപ്പോയിരുന്നു. എന്നിട്ടും സംഘടനയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ല. സിഐടിയു സംഘടനയുണ്ടാക്കട്ടേ, അപ്പോള്‍ സിപിഎമ്മിന് സ്വകാര്യ ആശുപത്രി മേഖലയിലെ നഴ്‌സുമാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ മനസിലാക്കാന്‍ സാധിക്കും, ജാസ്മിന്‍ ഷാ പറയുന്നു. 

യുഎന്‍എയെ തകര്‍ക്കാന്‍ കഴിയില്ലെന്ന് അവര്‍ക്ക് വ്യക്തമായി അറിയാവുന്ന കാര്യമാണ്. പണവും സ്വാധീനവുമുള്ള മാനേജ്‌മെന്റുകള്‍ കൂട്ടമായി ശ്രമിച്ചിട്ടും യുഎന്‍എയെ തകര്‍ക്കാന്‍ സാധിച്ചിട്ടില്ല എന്ന കാര്യം വിസ്മരിക്കരുത്. ഇനി ഒരുപക്ഷേ സംഘടന തകര്‍ന്നാലും ഞങ്ങള്‍ക്കൊന്നും വ്യക്തിപരമായി ഒന്നും നഷ്ടപ്പെടാനില്ല. സംഘടനയിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ കൈപ്പറ്റുന്ന നഴ്‌സുമാരുണ്ട്. അവര്‍ക്കാണ് നഷ്ടം സംഭവിക്കാന്‍ പോകുന്നത്. കാരണം വര്‍ഷങ്ങളായി ഇവിടുത്തെ പ്രബല ട്രെയിഡ് യൂണിയനുകള്‍ അവഗണിച്ച സ്വകാര്യ നഴ്‌സുമാരുടെ ജീവിത പ്രശ്‌നം എടുത്തുയര്‍ത്തി അവകാശങ്ങള്‍ക്കായി സമരം ചെയ്ത് അത് നേടിയെടുത്ത ഒരേയൊരു സംഘടനയാണ് യുഎന്‍എ. വ്യവസ്ഥാപിത സംഘടനകള്‍ക്കൊന്നും അതൊന്നും നേടിക്കൊടുക്കാന്‍ സാധിച്ചില്ല. ഇപ്പോള്‍ യുഎന്‍എ നഴ്‌സുമാരെ സംഘടിക്കാന്‍ പ്രപ്തരാക്കിയപ്പോള്‍ അതിന്റെ ആനുകൂല്യം പറ്റി സംഘടന ഉണ്ടാക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. സിഐടിയുവിന്റെ വരവ് ഞങ്ങള്‍ പോസിറ്റീവായാണ് കാണുന്നത്. കാരണം അവര്‍ വന്നുകഴിഞ്ഞാല്‍ അവര്‍ക്കും ഈ പ്രശ്‌നങ്ങളെപ്പറ്റി എന്തെങ്കിലുമൊക്കെ പറയേണ്ടി വരും, അവരും പറയട്ടേ. ജാസ്മിന്‍ ഷാ പറയുന്നു. 

യുഎന്‍എ പിളര്‍ത്തി സംഘടനയുണ്ടാക്കാനായിരുന്നില്ല സിപിഎം ശ്രമിക്കേണ്ടിയിരുന്നത്. ഞങ്ങള്‍ എന്തിനാണോ സമരം ചെയ്തത് ആ ആവശ്യങ്ങള്‍ നേടിത്തരുകയാണ് ചെയ്യേണ്ടിയിരുന്നത്. അതിന് ശേഷം സംഘടന രൂപീകരിക്കാന്‍ ശ്രമിക്കണമായിരുന്നു. അതാണ് ശരിയായ മാര്‍ഗം. സമരം അവസാനിപ്പിക്കാന്‍ ഉറപ്പു നല്‍കിയ ശമ്പള പരിഷ്‌കരണം ആദ്യം സര്‍ക്കാര്‍ നടപ്പാക്കട്ടെ,അതിന് ശേഷം അവര്‍ സംഘടനയുണ്ടാക്കട്ടേ. 
ഞങ്ങള്‍ അരാഷ്ട്രീയ സംഘടനയാണ് എന്നാണ് അവര്‍ പറയുന്നത്. ഞങ്ങളുടെ രാഷ്ട്രീയം അതിജീവനമാണ്. അത് സിപിഎം മനസ്സിലാക്കണം. 

യുഎന്‍എയ്ക്ക് വ്യക്തമായ സംഘടന ഘടനയുണ്ട്. അടിത്തട്ടുമുതല്‍ സംഘടന ശക്തമാണ്. വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ക്കൂടി ഞങ്ങള്‍ എല്ലാവരും നിരന്തരം സംവദിക്കുന്നു. ആശയപരമായ കാര്യങ്ങളില്‍ നഴ്‌സുമാരുടെ സംശയങ്ങള്‍ക്ക് ഞങ്ങള്‍ കൃത്യമായി മറുപടി നല്‍കാറുണ്ട്.സിഐടിയും സംഘടന രൂപീകരിക്കുന്നുവെന്നറിഞ്ഞപ്പോള്‍ തന്നെ ഞങ്ങളുടെ സംഘടനയിലുള്ള എല്ലാവരും ഒരേസ്വരത്തില്‍ പറഞ്ഞു യുഎന്‍എ പിളര്‍ത്താന്‍ സമ്മതിക്കില്ലെന്ന്. അതാണ് യുഎന്‍എയുടെ ശക്തി. യുഎന്‍എയുടെ സമരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഹൈജാക്ക് ചെയ്യാന്‍ സാധിച്ചിരുന്നില്ല. സിപിഎം എന്നല്ല, ഒരു പാര്‍ട്ടിയും ആ സമരത്തില്‍ കൃത്യമായ സ്‌പെയിസ് ഉണ്ടാക്കാന്‍ സാധിച്ചില്ല. അതാകും ഇപ്പോള്‍ ഇങ്ങനെയൊരു നീക്കത്തിന് സിപിഎമ്മിനെ പ്രേരിപ്പിച്ചത്. യുഎന്‍എ ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളോട് കിടപിടിക്കാന്‍ സിഐടിയുവിന്റെ മുദ്രാവാക്യങ്ങള്‍ക്ക് സാധിക്കില്ലെന്നും ജാസ്മിന്‍ ഷാ പറയുന്നു. 

ഗവണ്‍മെന്റ് മേഖയില്‍ പുതിയ സംഘടനയുണ്ടാക്കാനുള്ള ആലോചനയിലാണ് യുഎന്‍എ എന്നും ജാസ്മിന്‍ ഷാ പറഞ്ഞു. ഗവണ്‍മെന്റ് മേഖലയിലും സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ അനുഭവിക്കുന്നതുപോലുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അത് ഏറ്റെടുക്കാനാണ് സംഘടന രൂപികരിക്കുന്നത്. ജാസ്മിന്‍ ഷാ പറഞ്ഞു. 

ശമ്പളവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് യുഎന്‍എ സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്നിരുന്നു. സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കൃത്യസമയത്ത് ഇടപെട്ടില്ലാ എന്നായിരുന്നു ആരോപണം. സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി നടത്തിയ വാഗ്ദാനങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ വീണ്ടും സമരത്തിലിറങ്ങുമെന്ന് യുഎന്‍എ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിഐടിയുവിന്റെ നേതൃത്വത്തില്‍ സംഘടന രൂപീകരിക്കാന്‍ സിപിഎം ശ്രമിക്കുന്നതെന്നും ശ്രദ്ധേയമാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com