

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വീശിയടിച്ച യുഡിഎഫ് തരംഗത്തില്‍ ഇടതു കോട്ടകള്‍ തകര്‍ന്നടിഞ്ഞു. ഇടതുപക്ഷത്തിന്റെ ശക്തിദുര്‍ഗങ്ങളെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പല മണ്ഡലങ്ങളിലും അപ്രതീക്ഷിത മുന്നേറ്റമാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നടത്തിയത്.
തെരഞ്ഞെടുപ്പിനു ശേഷമുള്ള വിലയിരുത്തലുകളില്‍ യുഡിഎഫ് ക്യാംപ് പോലും പ്രതീക്ഷ വയ്ക്കാതിരുന്ന പാലക്കാട്ട് രാഷ്ട്രീയ കേരളത്തെ അമ്പരപ്പിക്കുന്ന വിധിയെഴുത്താണുണ്ടായത്. ഏതാണ്ട് എല്ലാ എക്‌സിറ്റ് പോളുകളും പാലക്കാട്ട് സിറ്റിങ് എംപി എംബി രാജേഷ് അനായാസ വിജയം നേടുമെന്നാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ വോട്ടെണ്ണലിന്റെ ആദ്യ നിമിഷങ്ങളില്‍ മുന്നില്‍ നിന്ന രാജേഷ് പിന്നീട് അതിവേഗം പിന്നിലേക്കു പോവുകയായിരുന്നു. അന്‍പതു ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ വികെ ശ്രീകണ്ഠന്റെ ലീഡ് മുപ്പതിനായിരത്തിലേക്ക് അടുക്കുകയാണ്.
പാലക്കാടിനൊപ്പം ആലത്തൂരാണ് എല്‍ഡിഎഫ് കോട്ടയെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന മറ്റൊരു മണ്ഡലം. ഇവിടെ തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ് ക്രമാനുഗതമായി പികെ ബിജുവുമായുള്ള വോട്ടു വ്യത്യാസം ഉയര്‍ത്തി. 45 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ 64,000ല്‍ മുകളിലാണ് രമ്യയുടെ ലീഡ്.
ആറ്റിങ്ങലാണ് എക്‌സിറ്റ് പോളുകള്‍ എല്‍ഡിഎഫിന് സാധ്യത പറഞ്ഞിരുന്ന മണ്ഡലങ്ങളിലൊന്ന്. ഇവിടെ തുടക്കം മുതല്‍ മുന്നിലെത്തിയ അടൂര്‍ പ്രകാശ് സിറ്റിങ് എംപി എ സമ്പത്തിനെ അപ്രസ്തമാക്കുന്ന പ്രകടനമാണ് കാഴ്ച വച്ചത്. മുപ്പതു ശതമാനം വോട്ട് എണ്ണിത്തീരുമ്പോള്‍ പതിനൊന്നായിരത്തിനു മുകളിലാണ് അടൂര്‍ പ്രകാശിന്റെ ലീഡ്.
മലബാറില്‍ എല്‍ഡിഎഫ് കോട്ടകളിലേക്കു കടന്നുകയറുന്ന പ്രകടനമാണ് യുഡിഎഫ് കാഴ്ച വച്ചത്. ലീഡ് നില മാറിമറിഞ്ഞെങ്കിലും എല്‍ഡിഎഫിനെ ഞെട്ടിക്കുന്ന മുന്നേറ്റമാണ് കാസര്‍ക്കോട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പുറത്തെടുത്തത്. ഒരു ഘട്ടത്തില്‍ പതിമൂവായിരത്തിലേക്ക് ലീഡ് ഉയര്‍ത്തിയ ഉണ്ണിത്താന്‍ എല്‍ഡിഎഫിനെ അമ്പരപ്പിച്ചു.
കണ്ണൂരില്‍ കെ സുധാകരനും വടകരയില്‍ കെ മുരളീധരനും വോട്ടെണ്ണല്‍ തുടങ്ങിയ ആദ്യനിമിഷങ്ങളില്‍ മാത്രമാണ് പിന്നിലേക്കു പോയത്. തുടര്‍ന്ന് ഓരോ റൗണ്ടിലും ക്രമാനുഗതമായി ലീഡ് ഉയര്‍ത്താന്‍ ഇവര്‍ക്കായി കോഴിക്കോടാണ് എല്‍ഡിഎഫ് ഉറച്ച പ്രതീക്ഷ വച്ചിരുന്ന മറ്റൊരു മണ്ഡലം. ഇവിടെ ഒരു ഘട്ടത്തിലും മുന്നിലെത്താന്‍ എ പ്രദീപ് കുമാറിനായില്ല. സിറ്റിങ് എംഎല്‍എയായ പ്രദീപ് കുമാര്‍ സ്വന്തം മണ്ഡലത്തില്‍ പോലും പിന്നിലേക്കു പോയി.
വോട്ടെണ്ണല്‍ പകുതി പിന്നിടുമ്പോള്‍ വന്‍ ലീഡിലേക്കാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നീങ്ങുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം ഒന്നര ലക്ഷം കടന്നപ്പോള്‍ പിന്നാലെ തന്നെയുണ്ട് പികെ കുഞ്ഞാലിക്കുട്ടിയും ഡീന്‍ കുര്യാക്കോസും. രമ്യാ ഹരിദാസും എന്‍കെ പ്രേമചന്ദ്രനും ഹൈബി ഈഡനും തോമസ് ചാഴികാടനും അര ലക്ഷം ലീഡ് മറികടന്നിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates