'യുവ വൃദ്ധന്റെ ജല്‍പ്പനങ്ങള്‍ക്കല്ല, നാടിന്റെ വികസനത്തിനാണ് നാട് കാതോര്‍ക്കുക'; കെ സുധാകരന് വിഎസിന്റെ മറുപടി

'ജന്മനാ തലച്ചോറ് ശുഷ്‌കമായ തലനരയ്ക്കാനനുവദിക്കാത്ത വൃദ്ധന്മാര്‍' ; കെ സുധാകരന് വിഎസിന്റെ മറുപടി
'യുവ വൃദ്ധന്റെ ജല്‍പ്പനങ്ങള്‍ക്കല്ല, നാടിന്റെ വികസനത്തിനാണ് നാട് കാതോര്‍ക്കുക'; കെ സുധാകരന് വിഎസിന്റെ മറുപടി
Updated on
1 min read

തിരുവനന്തപുരം: പ്രായത്തിന്റെ പേരില്‍ തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ സുധാകരന് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്റെ മറുപടി. ജന്മനാ തലച്ചോറ് ശുഷ്‌കമായ ചില തലനരയ്ക്കാനനുവദിക്കാത്ത വൃദ്ധന്മാര്‍ തന്റെ തലയോട്ടിയുടെ ഉള്ളളവ് വിശകലനം ചെയ്യുന്ന തിരക്കിലാണെന്ന് വിഎസ് പറഞ്ഞു. യുവ വൃദ്ധന്റെ ജല്‍പ്പനങ്ങള്‍ക്കല്ല, നാടിന്റെ വികസനത്തെക്കുറിച്ചാണ് ജനങ്ങള്‍ കാതോര്‍ക്കുക. പക്ഷെ വറ്റിവരണ്ട തലമണ്ടയില്‍നിന്ന് കറുത്ത ചായത്തിന്റെ മണമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാവില്ലല്ലോയെന്ന് വിഎസ് ഫെയ്‌സ് ബുക്കില്‍ എഴുതിയ പ്രതികരണത്തില്‍ പറയുന്നു. വറ്റിവരണ്ട തലമണ്ടയില്‍നിന്ന് എന്ത് ഭരണപരിഷ്‌കാരമാണ് വരേണ്ടതെന്ന് സുധാകരന്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. 
 
ഈ ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് വലിയ ആശങ്കയുണ്ടെന്നു വ്യക്തമായിരിക്കുന്നതായി വിഎസ് കുറിപ്പില്‍ പറഞ്ഞു. ഇത് താന്‍ ഇടതുപക്ഷ വക്താവായി പറയുന്നതല്ല. ചുറ്റിലും യുഡിഎഫ് നേതാക്കള്‍ നടത്തുന്ന വാചകക്കസര്‍ത്തുകള്‍ കണ്ടിട്ടും കേട്ടിട്ടുമാണ്.

അസാധാരണമായ പ്രളയത്തിന് കേരളം തുടര്‍ച്ചയായി ഇരയായി. കേരളത്തിലെ ആബാലവൃദ്ധം ജനങ്ങള്‍ കയ്‌മെയ് മറന്ന് പ്രളയത്തെ നേരിട്ടു. സര്‍ക്കാര്‍ ആവുംവിധം പിന്തുണ നല്‍കി. ഒരു പരിധിവരെ നാം പ്രളയത്തെ അതിജീവിച്ചു. ഈ അതിജീവനത്തിന് ജനങ്ങള്‍ മാര്‍ക്ക് നല്‍കുക പ്രതിപക്ഷത്തിനല്ല, മറിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സര്‍ക്കാരിനാണ്- വിഎസ് കുറിപ്പില്‍ പറയുന്നു.

ഇന്ത്യ ഇന്ന് വലിയ സാമ്പത്തിക കുഴപ്പത്തിലാണ്. നമ്മുടെ ഉല്‍പ്പാദനം കുറഞ്ഞിരിക്കുന്നു. വളര്‍ച്ചാ നിരക്ക് കുറഞ്ഞിരിക്കുന്നു. ഐഎംഎഫിന്റെ സാമ്പത്തിക ഉപദേഷ്ടാവ് അടക്കം ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നു.

എന്നാല്‍, ബിജെപിയുടെ ബി ടീമായ യുഡിഎഫിന് താല്‍പ്പര്യം അതിലൊന്നുമല്ല. അതൊന്നും അവര്‍ക്ക് വിഷയമേയല്ല. അവരുടെ വിഷയം ശബരിമലയാണ്. ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്ന് വാദിച്ചതും അതിനായി കേസ് കൊടുത്തതും ലേഖനമെഴുതിയതും ബിജെപിയാണ്. അവരുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ച് ഉത്തരവായപ്പോള്‍ അതിനെ ആദ്യം സ്വാഗതം ചെയ്തതും ബിജെപിയാണ്, ആ ഉത്തരവ് നടപ്പാക്കിയപ്പോള്‍ അതിനെതിരെ സമരാഭാസം നടത്തിയത് ബിജെപിയും യുഡിഎഫും സംയുക്തമായാണ്.

എന്‍.എസ്.എസ്സാണ് പ്രതിപക്ഷത്തിന്റെ കച്ചിത്തുരുമ്പ്. ഏതോ സമുദായ പോപ്പ് പറയുന്നതിനനുസരിച്ച് തുള്ളുന്ന സമുദായങ്ങള്‍ ഇന്നില്ല എന്നെങ്കിലും ഇവര്‍ തിരിച്ചറിയുന്നത് നന്നായിരിക്കും. ആര്‍ജവമുണ്ടെങ്കില്‍ കേരളത്തിന്റെ വികസന മുന്നേറ്റത്തെക്കുറിച്ച് ഇവര്‍ പറയുമായിരുന്നു. സാമൂഹ്യ സുരക്ഷാ നടപടികളെക്കുറിച്ച് പറയുമായിരുന്നു. അത്തരം ചര്‍ച്ചകളിലേക്ക് അവര്‍ വരില്ല. ഇവര്‍ക്കൊന്നും ജനകീയ പ്രശ്‌നങ്ങള്‍ പറയാനില്ല എന്നര്‍ത്ഥം- വിഎസ് പറഞ്ഞു.

ജന്മനാ തലച്ചോറ് ശുഷ്‌കമായ ചില തലനരയ്ക്കാനനുവദിക്കാത്ത വൃദ്ധന്മാര്‍ എന്റെ തലയോട്ടിയുടെ ഉള്ളളവ് വിശകലനം ചെയ്യുന്ന തിരക്കിലാണ്. പീഡനക്കേസിലെ തന്നെക്കാള്‍ യുവാവായ പ്രതിയെ വിദേശത്തേക്ക് കടത്താന്‍ സഹായിച്ച യുവ വൃദ്ധന്റെ ജല്‍പ്പനങ്ങള്‍ക്കല്ല, നാടിന്റെ വികസനത്തെക്കുറിച്ചാണ് ജനങ്ങള്‍ കാതോര്‍ക്കുക. പക്ഷെ വറ്റിവരണ്ട തലമണ്ടയില്‍നിന്ന് കറുത്ത ചായത്തിന്റെ മണമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാവില്ലല്ലോ- കുറിപ്പില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com