തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് സുപ്രിം കോടതിയിൽ നിലപാട് മാറ്റിയിട്ടില്ലെന്ന് ദേവസ്വം കമ്മീഷണർ എൻ വാസു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് നിലപാട് തന്നെയാണ് സുപ്രിം കോടതിയിൽ അറിയിച്ചത്. നിലപാട് മാറ്റിയെന്നുള്ള ആരോപണങ്ങൾ തെറ്റാണ്. ബോർഡ് പ്രസിഡന്റ് അറിയാത്ത ഒരു കാര്യവും കോടതിയിൽ അറിയിച്ചിട്ടില്ലെന്നും ദേവസ്വം കമ്മീഷണർ വ്യക്തമാക്കി.
കോടതി തീരുമാനം എന്തായാലും അനുസരിക്കുമെന്ന ബോർഡ് നിലപാടാണ് അറിയിച്ചത്. കോടതി വിധി അംഗീകരിക്കുന്നു എന്നാണ് അറിയിച്ചത്. ദേവസ്വം ബോർഡ് പ്രസിഡന്റിന് ആശയക്കുഴപ്പമുണ്ടോയെന്ന് അറിയില്ല. സുപ്രിംകോടതി വിധിയുടെ സാധുത സംബന്ധിച്ച പരിശോധന മാത്രമാണ് ഇന്നലെ നടന്നത്.
സുപ്രിം വിധി വന്ന സാഹചര്യത്തിൽ അത് അനുസരിച്ച് പ്രവർത്തിക്കാൻ ബോർഡിന് ബാധ്യതയുണ്ട്. യുവതീ പ്രവേശനത്തെ അനുകൂലിച്ചോ വിയോജിച്ചോ സുപ്രിം കോടതിയിൽ ബുധനാഴ്ച വാദം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സാവകാശ ഹർജിയിൽ കഴിഞ്ഞ ദിവസം വാദം നടന്നിട്ടില്ല. പുനഃപരിശോധന ഹർജികളിൽ മാത്രമാണ് വാദം നടന്നത്.
മണ്ഡലകാലത്തിന് മുൻപാണ് ബോർഡ് സാവകാശം തേടിയത്. സാവകാശ ഹർജിക്ക് ഇനി പ്രസക്തിയില്ല. കഴിഞ്ഞ സീസണിൽ സ്ത്രീകൾക്ക് സൗകര്യം ഒരുക്കാനാണ് സാവകാശം തേടിയത്. സീസൺ കഴിഞ്ഞതോടെ ഈ ഹർജി അപ്രസക്തമായി. വിധി നടപ്പാക്കാൻ സാവകാശം വേണമോ എന്ന് തീരുമാനിക്കേണ്ടത് ബോർഡാണ്. ഇനിയും സാവകാശം വേണമെങ്കിൽ ബോർഡിന് കോടതിയെ അറിയിക്കാം.
സുപ്രിംകോടതി നടപടിയുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡന്റ് പദ്മകുമാർ തന്നോട് വിശദീകരണം തേടിയിട്ടില്ല. കോടതിലെ വാദങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് തേടിയിരുന്നു. ഇത് പദ്മകുമാറിന് നൽകും. തന്ത്രിയുടെ മറുപടി ചോർന്നതിനെക്കുറിച്ച് അന്വേഷിക്കാം. മറുപടി തന്റെ കയ്യിൽ മാത്രമല്ല ഉള്ളതെന്നും ദേവസ്വം കമ്മീഷണർ എൻ വാസു പറഞ്ഞു.
അതേസമയം ദേവസ്വം കമ്മീഷണറുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് പദ്മകുമാർ പറഞ്ഞു. കമ്മീഷണറുടെ മറുപടി കിട്ടട്ടെ.അത് കിട്ടിയാൽ ചർച്ച നടത്തും. അതിന് ശേഷം പ്രതികരിക്കാം. കമ്മീഷണറോട് വിശദീകരണമല്ല, റിപ്പോർട്ടാണ് തേടിയത്. മാധ്യമങ്ങളിൽ പറയുന്ന പോലുള്ള കാര്യങ്ങൾ നടന്നിട്ടില്ലെന്നാണ് കമ്മീഷണർ അറിയിച്ചതെന്നും പദ്മകുമാർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates