ആലുവ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രളയത്തില്‍ കുടുങ്ങിയവരെ രക്ഷപെടുത്താനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ ആരംഭിച്ചു. പുലര്‍ച്ചെ അഞ്ച് മണിയോടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. രാവിലെ ഒന്‍പത് മണിയോടെ എയര്‍ ലിഫ്റ്റിംങ് ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരിതബാധിത പ്രദേശങ്ങളില്‍ നേവി ഭക്ഷണപ്പൊതികള്‍ എത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
നേവിയുടെ കൂടുതല്‍ വിമാനങ്ങള്‍ ആലുവ, ചെങ്ങന്നൂര്‍ മേഖലകളിലേക്ക് തിരിച്ചിട്ടുണ്ട്. മത്സ്യബന്ധന ബോട്ടുകളുമായി മത്സ്യത്തൊഴിലാളികളും രംഗത്തെത്തി. കായലോര പ്രദേശങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ ഇതിനകം രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.
സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ 108 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് ദുരിതം കൂടുതലായും അനുഭവപ്പെടുന്നത്. ഇന്ന് തന്നെ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൈന്യവും ദുരന്ത നിവാരണ സേനയും നാട്ടുകാരും അഗ്നിശമന സേനയുമെല്ലാം രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 1,47,512 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. പതിനായിരങ്ങള്‍ക്ക് സ്വന്തം വീടുവിട്ട് ഒഴിഞ്ഞു പോകേണ്ടിവന്നു. പുഴകളും കൈവഴികളും കരകവിഞ്ഞു. താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.പത്തനംതിട്ട, റാന്നി, പെരിയാര്‍ തീരത്തെ പട്ടണങ്ങള്‍, ഗ്രാമങ്ങള്‍, കാലടി, തൃശ്ശൂര്‍, വയനാട്, കോഴിക്കോടിന്റെയും കണ്ണൂരിന്റെയും മലയോര മേഖലകള്‍, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളില്‍ പ്രളയക്കെടുതി രൂക്ഷമാണ്.
പ്രധാനമന്ത്രി ഇന്ന് വൈകുന്നേരത്തോടെ കേരളത്തിലെത്തുമെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. കൊച്ചിയിലെത്തുന്ന അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. നാളെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates