

തിരുവനന്തപുരം: കൊറോണ ബാധയുടെ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങള്‍ മറികടന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വീകരണം സംഘടിപ്പിച്ച റിയാലിറ്റി ഷോ മത്സരാര്‍ഥി രജിത് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രജിത് കുമാറിനെതിരെ നേരത്തെ പൊലീസ് കേസ് എടുത്തിരുന്നു. ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് രജിത് കുമാറിനെ കസ്റ്റഡിയില്‍ എടുത്തത്.
വിലക്ക് ലംഘിച്ച് വിമാനതാവളത്തില്‍ സ്വീകരണമൊരുക്കിയ കേസില്‍ രജിത് കുമാര്‍ തന്നെയാണ് ഒന്നാം പ്രതി. അധ്യാപകന്‍ കൂടിയായ രജിത് കുമാര്‍ ഏതാനും വിദ്യാര്‍ഥികളെ മൊബൈല്‍ ഫോണില്‍ വിളിച്ച് തന്നെ സ്വീകരിക്കാനെത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഈ വിദ്യാര്‍ഥികള്‍ മറ്റ് കുട്ടികളെ വിളിച്ചു. ഒമ്പത് മണിയോടെ ഇവര്‍ ഒത്തുകൂടിയപ്പോഴാണ് വിമാനതാവളത്തിലെ പൊലീസുകാര്‍ വിവരമറിയുന്നത്.
പിന്നീട് പ്രതികള്‍ മുദ്രാവാക്യവുമായി രജിത് കുമാറിനെ സ്വീകരിക്കുകയായിരുന്നു. സംഭവശേഷം ആലുവയിലെ ലോഡ്ജിലായിരുന്നു രജിത്കുമാര്‍ തങ്ങിയിരുന്നത്. അന്വേഷണം തുടങ്ങിയതോടെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് ഇയാള്‍ കടന്നു കളഞ്ഞു. കേസില്‍ ഇന്നലെ രണ്ട് പേരെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പരിപാടിയുടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ എറണാകുളം ജില്ലാ കളക്ടറും മന്ത്രി കടകംപള്ളി സുരേന്ദ്രനും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. 
സംഭവത്തില്‍ പേരറിയാവുന്ന നാല് പേര്‍ക്കെതിരേയും കണ്ടാല്‍ അറിയാവുന്ന 75 പേര്‍ക്കെതിരേയുമാണ് പോലീസ് കേസെടുത്തിരുന്നത്. വിമാനത്താവളത്തിന് 500 മീറ്റര്‍ പരിധിയില്‍ പ്രകടനമോ സംഘംചേരലോ പാടില്ലെന്ന ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചതിനും സംഘംചേര്‍ന്ന് മുദ്രവാക്യം മുഴക്കിയതിനുമാണ് ഇവര്‍ക്കെതിരേ കേസെടുത്തത്.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates