

കൊച്ചി: കണ്ണിന് കാന്‍സര്‍ ബാധിച്ച രണ്ടര വയസുകാരിക്ക് ചികിത്സാ സൗകര്യമൊരുക്കി സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്‍. മണീട് പാമ്പ്രയില്‍ വാടകയ്ക്ക് താമസിച്ചു വരുന്ന തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ ബിജു, മഞ്ജു ദമ്പതികളുടെ ഇളയ മകളായ രണ്ടര വയസുകാരി ജിന്‍സിയുടെ ചികിത്സയ്ക്കാണ് സാമൂഹു സുരക്ഷാ മിഷന്റെ സത്വര ഇടപെടല്‍ ആശ്വാസമായത്. കണ്ണിന് കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 7 മാസമായി മധുര അരവിന്ദ് കണ്ണാശുപത്രിയിലെ ചികിത്സയിലാണ് ജിന്‍സി. അസുഖം മൂലം വലതുകണ്ണ് നീക്കം ചെയ്യപ്പെട്ട അവസ്ഥയിലാണ്. ഇടതു കണ്ണിനെ സംരക്ഷിക്കാനുള്ള തീവ്ര ശ്രമത്തിനിടയിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്.
കീമോതെറാപ്പി നടന്നു വന്ന ഘട്ടത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ചികിത്സ മുടങ്ങുന്ന അവസ്ഥയായി. മണീടില്‍ പുതിയ താമസക്കാര്‍ ആയതിനാല്‍ പ്രദേശവുമായുള്ള പരിചയക്കുറവ് പ്രദേശവാസികളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നതില്‍ പരിമിതി ഉണ്ടായി. ചികിത്സയ്ക്കായി പല വഴികള്‍ ശ്രമിച്ചെങ്കിലും വിജയിക്കുകയുണ്ടായില്ല. തുടര്‍ന്ന് മതാപിതാക്കളായ ബിജുവും മഞ്ജുവും ആരോഗ്യ വകുപ്പ് മന്ത്രി ഗ ഗശൈലജ ടീച്ചറെ ബന്ധപ്പെട്ട് ജിന്‍സിയുടെ അവസ്ഥ അവതരിപ്പിച്ചു. ഇതേ തുടര്‍ന്ന് കുട്ടിയ്ക്ക് ആവശ്യമായ ചികിത്സാ സൗകര്യമൊരുക്കാന്‍ മന്ത്രിയുടെ ഓഫീസ് സാമൂഹ്യ സുരക്ഷാ മിഷന് ഉടന്‍ നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് സാമൂഹ്യ സുരക്ഷാ മിഷന്‍ എറണാകുളം ജില്ലാ കോഓര്‍ഡിനേറ്റര്‍ എബി എബ്രാഹം വ്യാഴാഴ്ച ജിന്‍സിയുടെ വീട്ടിലെത്തി ചികിത്സാ സൗകര്യം സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദ്ദേശം അറിയിച്ചു.
മധുര അരവിന്ദ് ആശുപത്രിയില്‍ പോയി കീമോ തെറാപ്പി ചെയ്ത് മടങ്ങി വരുന്നതിന് ആംബുലന്‍സും മറ്റ് ചികിത്സാ ചെലവുകളും സര്‍ക്കാര്‍ ഏറ്റെടുത്തു. യാത്ര ചെയ്യുന്നതിനായി കേരള തമിഴ് നാട് സര്‍ക്കാരുകളുടെ പാസും ലഭ്യമാക്കി. വെള്ളിയാഴ്ച രാവിലെ 5.30ന് ജിന്‍സിയും മാതാപിതാക്കളായ മഞ്ജുവും ബിജുവും സര്‍ക്കാര്‍ അനുവദിച്ച ആംബുലന്‍സില്‍ ചികിത്സയ്ക്കായി മധുരയിലേക്ക് പുറപ്പെട്ടു. സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ എബി എബ്രഹം, ബിജു സൈമണ്‍, മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റിയംഗം ബീന ബാബുരാജ്, പി.ബി രതീഷ് എന്നിവര്‍ ജിന്‍സിയെ യാത്രയാക്കാന്‍ സന്നിഹിതരായിരുന്നു. സര്‍ക്കാരിന്റെ സത്വര ഇടപെടലില്‍ വലിയ ആശ്വാസത്തിലാണ് ജിന്‍സിയുടെ കുടുംബം. ഏഴാം ക്‌ളാസ് വിദ്യാര്‍ത്ഥി സുജിന്‍, അഞ്ചാം ക്‌ളാസ് വിദ്യാര്‍ത്ഥി സുബിന്‍ എന്നിവര്‍ ജിന്‍സിയുടെ സഹോദരങ്ങളാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
