

ഇടുക്കി: ആഴ്ചകള്‍ക്ക് മുന്‍പ് നെടുങ്കണ്ടം പൊലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ് കുമാറിന്റെ രണ്ടരമാസം മുന്‍പ് വരെ കൂലിപ്പണിയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. പഠിച്ചത് 9ാം ക്ലാസ് വരെ മാത്രം, സാമ്പത്തികം ഇല്ലാത്തതിനാല്‍ പഠനം പാതിവഴിക്കു നിര്‍ത്തി. തോട്ടം തൊഴിലാളികളായ പരേതനായ കുമരേശന്‍ – കസ്തൂരി ദമ്പതികളുടെ 2 മക്കളില്‍ ഇളയ മകന്‍. കോലാഹലമേട് എസ്‌റ്റേറ്റ് ലയത്തില്‍ 10 വര്‍ഷം മുന്‍പാണു കുമാറും ഭാര്യ എം വിജയയും താമസം തുടങ്ങിയത്.
ബോണാമി എസ്‌റ്റേറ്റിലെ ജോലി ഫാക്ടറി ലോക്കൗട്ട് ചെയ്തതിനെ തുടര്‍ന്നു നഷ്ടപ്പെട്ടു. പിന്നെ ജില്ലയ്ക്കകത്തും പുറത്തും കൂലിപ്പണിക്കു പോയി. 2005 ല്‍ ജോലി ചെയ്യുന്നതിനിടെ മറ്റൊരാള്‍ ഉപയോഗിച്ച മണ്‍വെട്ടി കാലില്‍ തട്ടി കാല്‍ ഞരമ്പു മുറിഞ്ഞു. സ്വന്തമായി ഓട്ടോ വാങ്ങിയെങ്കിലും ഓടിക്കാന്‍ കഴിയാത്തതിനാല്‍ മറ്റൊരാളെ നിയോഗിച്ചു. 2009 ല്‍ ഓട്ടോ അപകടത്തില്‍ ഇടതുകാലിനു ഗുരുതര പരുക്കേറ്റു. കാലില്‍ സ്റ്റീല്‍ കമ്പിയിട്ടു. തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഓട്ടോയും വിറ്റതോടെ കുടുംബം പട്ടിണിയിലായി. കുടുംബം പുലര്‍ത്താന്‍ വീണ്ടും കൂലിപ്പണി. മാര്‍ച്ചില്‍ നെടുങ്കണ്ടം തൂക്കുപാലം കേന്ദ്രീകരിച്ച് ഹരിത ഫിനാന്‍സിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.
ഏപ്രില്‍ 17 ന് രാവിലെയാണു കുമാര്‍ കോലാഹലമേട്ടിലെ വീട്ടില്‍ നിന്നു പുറപ്പെട്ടത്. തുടര്‍ന്ന്, വായ്പത്തട്ടിപ്പു കേസിലെ 2ാം പ്രതി ശാലിനിയുമൊത്ത് തൂക്കുപാലത്തിനു സമീപത്തെ വാടകവീട്ടില്‍ താമസം തുടങ്ങി. ഇതോടെ ഭാര്യ വിജയ അകന്നു. തട്ടിപ്പു കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 12 ന് രാത്രിയിലാണു കുമാറിനെ പൊലീസ് എസ്‌റ്റേറ്റ് ലയത്തില്‍ തെളിവെടുപ്പിനായി എത്തിച്ചത്.
പഴയ മൊബൈല്‍ ഫോണാണു കുമാറിനുണ്ടായിരുന്നത്. ടച്ച് സ്‌ക്രീന്‍ ഉള്ള മൊബൈല്‍ പോലും ഉപയോഗിക്കാന്‍ അറിയാത്ത കുമാര്‍ എങ്ങനെയാണു കോടികളുടെ തട്ടിപ്പ് നടത്തിയതെന്നു അറിയില്ലെന്നു ഭാര്യ വിജയ പറയുന്നു.  കുമാറിന്റെ അമ്മ കസ്തൂരിക്ക് കോട്ടയത്ത് വീട്ടു ജോലിയാണ്. മകന്റെ മരണത്തെ തുടര്‍ന്ന് കസ്തൂരി ജോലിക്കു പോയിട്ടില്ല. മൂന്നു മക്കളുണ്ട്.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates