

കോഴിക്കോട്: പതിനേഴുകാരിയ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ ഇരുപതുകാരൻ ഒരേസമയം സൗഹൃദം നടിച്ച് കബളിപ്പിച്ചത് നിരവധി സ്ത്രീകളെയും പെൺകുട്ടികളെയും. പിടിയിലായതിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് നിർണായകമായ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. എറണാകുളം സ്വദേശിയായ ഫയാസ് മുബീൻ തന്റെ ഫേസ്ബുക്കിൽ ഡി.ജെയെന്ന് വ്യാജ പ്രൊഫൈൽ നിർമിച്ച് നിരവധി പെൺ സുഹൃത്തുക്കളെയാണ് സ്വന്തമാക്കിയത്. പെൺകുട്ടികളെ വശീകരിക്കുന്നതിന് മോർഫ് ചെയ്ത ചിത്രങ്ങളും ഇയാൾ പ്രൊഫൈലിൽ ഉൾപ്പെടുത്തി. ആഡംബര ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ 20കാരൻ പണം കണ്ടെത്തിയത് തട്ടിപ്പിലൂടെയാണെന്നും പൊലീസ് പറയുന്നത്.
കുമ്പളയിലെ രണ്ട് സെന്റ് വീട്ടിൽ താമസിക്കുന്ന ഫയാസ് വീട്ടിനടുത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ഡി.ജെയാണെന്നാണ് പ്രചരിപ്പിച്ചിരുന്നത്. അഭിനയത്തിലും മറ്റ് കലാപരമായ മേഖലയിലും മികവുണ്ടെന്ന് വരുത്തിത്തീർത്ത ഫയാസിന്റെ വലയിൽ നിരവധി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും കുടുങ്ങിയിട്ടുണ്ട്.
കഴിഞ്ഞ പത്ത് മാസമായി ഫയാസ് കോഴിക്കോട് നഗരത്തിലെ സ്വകാര്യ തൊഴിൽ പരിശീലന കേന്ദ്രത്തിൽ പഠിക്കുകയായിരുന്നു. ഇതിനിടയിലാണ് പതിനേഴുകാരിയെ പരിചയപ്പെടുന്നത്. സൗഹൃദം പ്രണയമായി. പിന്നീടു നാടുവിട്ട് ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു. ജീവിതച്ചെലവിനും ബൈക്കിൽ ഇന്ധനം നിറയ്ക്കാനുള്ള തുകയുമെല്ലാം പതിനേഴുകാരിയും സ്ത്രീ സുഹൃത്തുക്കളുമാണു നൽകിയിരുന്നത്. ഒരാഴ്ച മുൻപു പതിനേഴുകാരിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയിൽ ചേവായൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണു വ്യാജ ഡിജെയെ തിരിച്ചറിഞ്ഞത്.
പെൺകുട്ടിയുമായി ഫയാസ് പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, കാഞ്ഞങ്ങാട്, സുള്ള്യ എന്നിവിടങ്ങളിൽ ഒളിച്ചു താമസിച്ചു. ഫോൺവിളിയുടെയും സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് മംഗലാപുരത്തു നിന്ന് ഇരുവരെയും കഴിഞ്ഞദിവസം പിടികൂടിയത്. പൂർണമായും ഇരു ചക്രവാഹനത്തിലായിരുന്നു യാത്ര. പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കി ഓരോയിടത്തു നിന്നും രക്ഷപ്പെടുകയായിരുന്നു.
മൂന്ന് മാസം മുന്‍പ് എറണാകുളത്തെ ഷോറൂമില്‍ നിന്നാണ് സുഹൃത്തുമായി ചേര്‍ന്ന് ആഡംബര ബൈക്ക് കവര്‍ന്നതും ഇയാളെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വ്യാജ നമ്പര്‍ പതിപ്പിച്ച് ഓടുകയായിരുന്നു. കവര്‍ച്ച ചെയ്ത ബൈക്കില്‍ കറങ്ങുന്നതിനും ആഢംബര ജീവിതം നയിക്കുന്നതിനും പണം കണ്ടെത്തിയിരുന്നതും തട്ടിപ്പ് വഴികളിലൂടെയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates