

തിരുവനന്തപുരം: രാഖി കൈയിൽ കെട്ടി വന്ന പെൺകുട്ടിയെ എസ്എഫ്ഐ നേതാവും പ്രവർത്തകരുമടങ്ങുന്ന ആറംഗ സംഘം ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒരാൾക്കു സസ്പെൻഷൻ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. കോളജ് ഉച്ചഭാഷിണിയിലൂടെ പ്രിൻസിപ്പൽ ഡോ സിസി ബാബുവാണ് ഔദ്യോഗികമായി സസ്പെൻഷൻ വിവരം അറിയിച്ചത്.
സംഭവം ഒതുക്കിത്തീർക്കാൻ ഒരു വിഭാഗം അധ്യാപകരും വിദ്യാർഥികളും ശ്രമിച്ചെങ്കിലും വിദ്യാർഥിനി പരാതിയിൽ ഉറച്ചുനിന്നു. കോളജിൽ എസ്എഫ്ഐ നേതാക്കൾ വിദ്യാർഥിയെ കുത്തിയ സംഭവത്തെ തുടർന്ന് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ട ശേഷം രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിയിൽ അംഗമാണു ഇപ്പോൾ സസ്പെൻഷനിലായ വിദ്യാർഥി.
കോളജിലെ പൊളിറ്റിക്കൽ സയൻസ് എംഎ നാലാം സെമസ്റ്റർ വിദ്യാർഥിനിയാണു ഭീഷണിക്കിരയായത്. സഹോദരൻ കെട്ടിയ രാഖിയുമായി കോളജിൽ എത്തിയ വിദ്യാർഥിനിയെ ക്ലാസിൽ കയറിയാണ് ഭീഷണിപ്പെടുത്തിയത്. ക്ലാസിൽ കയറി ബഹളമുണ്ടാക്കിയതോടെ വിദ്യാർഥിനി രാഖി അഴിച്ചുമാറ്റി വസ്ത്രത്തിനകത്ത് ഒളിപ്പിച്ചു. രാഖി കൈവശപ്പെടുത്താനുള്ള ശ്രമം നടക്കാതായപ്പോൾ എസ്എഫ്ഐ നേതാവ് ക്ലാസ് മുറിയിലെ ജനൽച്ചില്ല് കൈ കൊണ്ട് അടിച്ചു പൊട്ടിച്ചു. അധ്യാപകർ ഇടപെടാൻ ശ്രമിച്ചെങ്കിലും ഇവരെയും എസ്എഫ്ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തുകയായിരുന്നു.
തന്റെ ജീവനു ഭീഷണിയുണ്ടെന്നും പരാതി പൊലീസിനു കൈമാറണമെന്നുമുള്ള നിലപാടിലാണു പരാതിക്കാരി. അതേസമയം കോളജ് അധികൃതർ ഈ ആവശ്യം അവഗണിച്ചതായും പരാതിയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates